Monday, December 21, 2009

196-ാ‍മത്തെ പോസ്റ്റ്‌

ബ്ലോഗറിൽ ഇതെന്റെ 196-ാ‍മത്തെ പോസ്റ്റാണു്. സാധാരണഗതിയിൽ പോസ്റ്റുകളുടെ എണ്ണം 50, 100, 200 മുതലായ 'ജലനിരപ്പുകൾ' എത്തുമ്പോഴാണു് ചെണ്ടകൊട്ടി നോട്ടീസ്‌ വിതരണം ചെയ്തു് ബ്ലോഗേഴ്സ്‌ അവരുടെ വയസ്സറിയിക്കുന്നതായി കണ്ടിട്ടുള്ളതു്. ആ കീഴ്‌വഴക്കം തെറ്റിച്ചതുകൊണ്ടു് നാട്ടുപ്രമാണികൾമാർ അവർകൾമാരുടെ ബ്ലഡ്‌പ്രഷർ ആകാശത്തിലേക്കു് റോക്കറ്റുപോലെ കുതിക്കുമോ എന്നറിയില്ല. നാട്ടുപ്രമാണിമാർ മനുഷ്യരുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളിൽ ഇടപെടുന്നതാണല്ലോ കേരളത്തിലെ നാട്ടുനടപ്പു്. നാൽക്കവലകളിൽ ഇരുന്നു് ആകാശത്തിനു് കീഴിലും മുകളിലുമുള്ള എന്തു് കാര്യത്തെക്കുറിച്ചും 'ആധികാരികമായി' ചർച്ച ചെയ്യുന്നവരാണു് നാട്ടുപ്രമാണിമാർ എന്നറിയപ്പെടുന്ന വർഗ്ഗം. കേരളത്തിൽ പ്രായപൂർത്തിയായി എന്നു് സ്വയം കരുതുന്ന മിക്കവാറും എല്ലാ പുരുഷന്മാരും ഈ വിഭാഗത്തിൽ പെടുന്നവരാണു്. ഒരുത്തൻ 196-ാ‍മത്തെ പോസ്റ്റിന്റെ പേരിൽ കുരവയിട്ടു എന്നറിഞ്ഞാൽ അവരിൽ മയങ്ങുന്ന പാരമ്പര്യബോധം കൊഴിയാതെ ബാക്കിയുള്ള സട മുഴുവൻ കുടഞ്ഞുകൊണ്ടു് പിടഞ്ഞെഴുന്നേൽക്കും. തത്ഫലമായി, "നാലു് പോസ്റ്റുകൾ കൂടി ഇട്ടിരുന്നെങ്കിൽ 200 തികയുമായിരുന്നില്ലേ? നിനക്കിതു് എന്തിന്റെ സൂക്കേടാണു്" എന്നു് കുറഞ്ഞ പക്ഷം അവരിൽ 80 ശതമാനം പേരെങ്കിലും രൂക്ഷമായി ചോദിക്കും. അത്രയും പേർ ചോദിക്കുമെന്ന സ്ഥിതിക്കു് തണ്ടപ്പേരിനാൽ മലയാളിയായ ഞാനും അങ്ങനെതന്നെ ചോദിച്ചിരിക്കണം.

പോസ്റ്റുകളുടെ എണ്ണം അറിയിക്കാനായി ഒരു പോസ്റ്റിടണം എന്നൊരാഗ്രഹം സത്യത്തിൽ എനിക്കുണ്ടായിരുന്നില്ല. പോരെങ്കിൽ, 196-നേക്കാൾ 200-നു് ഏതെങ്കിലും വിധത്തിലുള്ള അന്തസ്സോ ആഭിജാത്യമോ കൂടുതൽ ഉള്ളതായി തോന്നുന്നുമില്ല. 200-നു് കാഴ്ചയിൽ ഒരുതരം 'തികവു്' തോന്നുന്നുണ്ടെങ്കിൽ അതിന്റെ കാരണം അവ ഡെസിമൽ സിസ്റ്റത്തിൽ എഴുതപ്പെടുന്നതുകൊണ്ടു് മാത്രമാണു്. പൂജ്യത്തിനും ഒന്നിനും അപ്പുറം എണ്ണാൻ അറിയാത്ത കമ്പ്യൂട്ടറിന്റെ ഗണിതഭാഷയായ ബൈനറി സിസ്റ്റത്തിൽ എഴുതിയാൽ 196 എന്നതു് 11000100 ആവും, 200 എന്ന സംഖ്യ 11001000 ആവും. അത്രയേ ഉള്ളു 200-നു് ഉണ്ടെന്നു് തോന്നുന്ന, ആഘോഷിക്കേണ്ടതെന്നു് ചിലർ കരുതുന്ന 'പൂർണ്ണതയുടെ' അരമനരഹസ്യം. ചില രാജ്യങ്ങളിൽ റ്റോയ്‌ലെറ്റിന്റെ വാതിലിനു് മുകളിൽ 200-ലെ 2-നെ ഒഴിവാക്കിയാൽ കിട്ടുന്ന തരത്തിൽ രണ്ടു് പൂജ്യം അടയാളപ്പെടുത്തിയിരിക്കുന്നതു് കാണാം. രണ്ടു് പൂജ്യത്തെ രണ്ടു് ദ്വാരങ്ങൾ എന്നും വിവക്ഷിക്കാമെന്നതിനാലാവാം അതു്. ഏതായാലും കക്കൂസിനോടനുബന്ധിച്ചു് നോക്കുമ്പോൾ തികച്ചും ലോജിക്കലായ ഒരു കണ്ടെത്തലാണതു്!

ഈ പോസ്റ്റിനു് കാരണം പക്ഷേ അതൊന്നുമല്ല. പലപ്പോഴും സ്വയം പോലും സഹിക്കാൻ കഴിയാത്ത എന്നെ എന്റെ പോസ്റ്റുകളിലൂടെ പതിവായി സഹിക്കുന്ന സഹൃദയരായ ചില വായനക്കാരോടു് രണ്ടുവാക്കു് പറയേണ്ടതായ ഒരു സാഹചര്യം വന്നുചേർന്നു. ഞാൻ എന്റെ സ്വന്തം ഡോമൈനിലേക്കു് മാറിയതാണു് കാര്യം. അതിന്റെ ഭാഗമായി സ്ലൈഡ്‌ റൂളും T-സ്ക്വയറും കാൽക്കുലേറ്ററുമൊക്കെയായി ഇതുവരെ എഴുതിയ ബ്ലോഗ്‌പോസ്റ്റുകളുടെ ആകെമൊത്തം ടോട്ടൽ എടുത്തപ്പോഴാണു് 195 എന്ന മാന്ത്രികസംഖ്യ കണ്ണിൽ പെട്ടതു്. അതിനാൽ ആ പേരുദോഷം ഈ പോസ്റ്റിനു് പേരായി മാറട്ടെ എന്നു് കരുതി.

ഈ മാറ്റം വഴി എന്നെ വായിക്കുന്നവർക്കു് ബുദ്ധിമുട്ടൊന്നും ഉണ്ടാവാതിരിക്കാനായി കുറേ നാളത്തേക്കുകൂടി പോസ്റ്റുകൾ ബ്ലോഗറിലും പബ്ലിഷ്‌ ചെയ്യുമെങ്കിലും ഭാവിയിൽ എന്റെ വെബ്‌സൈറ്റ്‌ (http://www.seekebi.net/), വേർഡ്‌പ്രെസ്സ്‌ ബ്ലോഗ്‌ (http://seekebi.com/), ഡോക്യുമെന്റ്‌സ്‌ PDF-ൽ വായിക്കുന്നതിനുള്ള Scribd എന്നിവ മാത്രം തുടരാനാണു് ആഗ്രഹം. (പോസ്റ്റുകളും കമന്റുകളും സബ്സ്ക്രൈബ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റിലെ ബ്ലോഗുകളിലും, വേർഡ്‌പ്രെസ്സ്‌ ബ്ലോഗിലും അതിനുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്നു് അപേക്ഷിക്കുന്നു.)

ഇതുവരെ എന്നെ വായിച്ചവരോടുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ ഞാൻ രേഖപ്പെടുത്തുന്നു. തുടർന്നും നിങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാവുമെന്നു് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. വേഡ്‌പ്രെസ്സ്‌ എണ്ണിത്തിട്ടപ്പെടുത്തിയതു് ശരിയാണെങ്കിൽ ഇതുവരെ ആകെ 2291 കമന്റുകൾ ലഭിച്ചിട്ടുണ്ടു്. ഒരു വ്യക്തിതന്നെ പല കമന്റുകൾ ഇട്ടിട്ടുണ്ടാവാമെങ്കിലും, കമന്റിയ എല്ലാവരേയും പേരെടുത്തു് പറയുക എന്നതു് എളുപ്പമല്ല. അതിനാൽ, വായിച്ചും കമന്റിയും എന്നെ പ്രോത്സാഹിപ്പിച്ച ഓരോരുത്തരോടുമുള്ള എന്റെ കൃതജ്ഞതാപ്രകടനമായി ഈ പോസ്റ്റിനെ കാണുക. ആശയപരമായി എന്റെ പോസ്റ്റുകളെ വിമർശിച്ചു് കമന്റിയവരോടുള്ള ബഹുമാനവും ഇവിടെ സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആശയപരമായ വിമർശനങ്ങളെ നേരിടുന്നതു് രസകരമാണെന്നതിലുപരി, ഒരു ആത്മപരിശോധനയിലൂടെ പരിമിതികൾ തിരിച്ചറിഞ്ഞു് തിരുത്താനും നികത്താനും അവ സഹായകവുമാണു്. പക്ഷേ, മനുഷ്യൻ അവന്റെ സ്വന്തം മാനദണ്ഡമാണെന്നതിനാൽ ആരുടെ നിലപാടും സ്വന്തദൃഷ്ടിയിൽ വിലകുറഞ്ഞതോ അർത്ഥശൂന്യമോ അല്ല. പലപ്പോഴും ഒരേ വിഷയത്തിൽത്തന്നെ പൊതുവായ ഒരു പശ്ചാത്തലമോ, പൊതുവായ ഒരു 'ഭാഷ' പോലുമോ കണ്ടെത്താനാവില്ലെന്നതാണു് സത്യം. അതുകൊണ്ടു് ചില മറുപടികൾ ചോദ്യകർത്താക്കളിൽ ഇറിറ്റേഷൻ ഉളവാക്കുന്നതു് സ്വാഭാവികം. Goethe പറഞ്ഞപോലെ, "എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നതു് ആർക്കും കഴിയാത്ത ഒരു കലയാണു്".

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

ഒരു ആഘോഷത്തിനോ, ഒരു പ്രത്യേക തീയതിക്കോ ഏതെങ്കിലും തരത്തിലുള്ള ദൈവികതയോ അമാനുഷികതയോ കൽപിക്കാൻ എനിക്കാവില്ല. പക്ഷേ, മനുഷ്യർ അവരുടെ ജീവിതത്തിലെ ചില ദിവസങ്ങൾക്കും ചില ചരിത്രസംഭവങ്ങൾക്കും അവരുടേതായ മൂല്യങ്ങൾ നിശ്ചയിക്കുന്നതു് മനസ്സിലാക്കാൻ എനിക്കു് ബുദ്ധിമുട്ടുമില്ല. ആ അർത്ഥത്തിൽ, ക്രിസ്തുമസിനും നവവത്സരത്തിനും ഏതെങ്കിലും തരത്തിലുള്ള വില കൽപിക്കുന്നവർക്കായി:

Merry Christmas and Happy New Year!

15 comments:

അപ്പൂട്ടന്‍ December 21, 2009 at 2:04 PM  

അപ്പൊ എവിട്യാ പാർട്ടി?
താങ്കളുടെ പോസ്റ്റുകൾ വായിക്കാറുണ്ട്‌, പലപ്പോഴും പ്രത്യേകിച്ചൊന്നും കൂട്ടിച്ചേർക്കാനില്ലാത്തതിനാൽ വായിച്ചുതന്നെ വിടുകയാണ്‌ പതിവ്‌. സ്മൈല്യ്‌ ഇട്ട്‌ പോകുന്ന ശീലം ഇല്ലാത്തതിനാൽ താങ്കൾക്കോ എനിക്കോ ഗുണകരമായ ഒന്നും പറയാനില്ലാത്ത അവസരങ്ങളിൽ ഒന്നും എഴുതാറില്ല എന്നേയുള്ളു.
തുടർന്നും എഴുതുക, ആശംസകൾ

ചാണക്യന്‍ December 21, 2009 at 3:16 PM  

0019600)മത്തെ പോസ്റ്റിനു ആശംസകൾ:):):)

സ്വന്തമായി മറ്റേ കുതന്ത്രം(ഡൊമൈൻ) സംഘടിപ്പിച്ചതിനു അഭിനന്ദനങ്ങൾ:):)

തുടർന്നും എഴുതും എന്നുള്ള ഭീഷണിയെ ശിരസാ വഹിക്കുന്നു....എഴുത്ത് തുടരൂ....

K.P.SUKUMARAN December 21, 2009 at 3:43 PM  

ആശംസകള്‍ , അഭിനന്ദനങ്ങള്‍!

ബിജു ചന്ദ്രന്‍ December 21, 2009 at 5:55 PM  

സ്വതന്ത്ര ചിന്തയുടെ പ്രകാശം പരത്തുന്ന അപൂര്‍വ്വം ബ്ലോഗുകളിലൊന്ന്. ഫിലോസഫിയുടെയും ഗഹനമായ ശാസ്ത്ര സത്യങ്ങളുടെയും ലളിത മനോഹരമായ ആവിഷ്ക്കാരം. അസഹിഷ്ണുക്കളായ മത പ്രചാരകര്‍ അടുക്കാന്‍ മടിക്കുന്ന സ്ഥലം. ..(കോഴിക്കോട്, കൊണ്ടോട്ടി ഭാഗങ്ങളിലുള്ള ആരേയുമല്ല ഇവിടെ ഉദ്ദേശിച്ചത് :-) ) ഈ ഉദ്യമം ഇനിയും ഒരു പാട് മുന്നോട്ടു പോവട്ടെ.

ആശംസകള്‍.

ഹാരിസ് December 21, 2009 at 6:22 PM  

അപ്പൊ,ഇവിടെയ്ക്കെത്തന്നെ കാണുമല്ലോ അല്ലെ..?

ഹാരിസ് December 21, 2009 at 6:22 PM  
This comment has been removed by the author.
മൂര്‍ത്തി December 21, 2009 at 6:46 PM  

196 തൊപ്പിയൂരി വണക്കങ്ങള്‍..

മെറി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയര്‍..

സത്യാന്വേഷി December 22, 2009 at 1:12 AM  

ഗഹനവും ചിന്തനീയവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അപൂര്‍വം ബ്ലോഗാണു താങ്കളുടേത്. എല്ലാവിധ ആശംസകളും . താങ്കള്‍ എവിടെയായാലും വായനക്കാര്‍ താങ്കളെ പിന്തുടരും .

നന്ദന December 22, 2009 at 6:30 AM  

ആശംസകള്‍
എന്തിലും ഒരു വിപരീത ദിശ !
എങ്കിലും അറിവാന്നെല്ലോ എന്ന് കരുതി ഒന്നും പറയുന്നില്ല
ഷഷ്ടി പൂര്‍ത്തി ..

Siju | സിജു December 22, 2009 at 8:04 AM  

എങ്കിലും ഇരുന്നൂറായിട്ടു മതിയായിരുന്നു :-)

ഇതു വരെയുള്ള എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ട് എന്നാണ്‌ വിശ്വാസം; എങ്കിലും വളരെ കുറച്ചേ കമന്റ് ഇട്ടിട്ടുള്ളൂ.. ഏതായാലും റീഡറിലെ ഫീഡ് മാറ്റിയേക്കാം.

ബിനോയ്//HariNav December 22, 2009 at 9:16 AM  

എന്തിന് ഇരുന്നൂറാകണം. രണ്ട് പോസ്റ്റുകള്‍ ഇട്ടപ്പോള്‍ത്തന്നെ നരകത്തില്‍ ഒരു ഗ്രില്ലര്‍ സെല്‍ താങ്കള്‍ക്കായി തയ്യാറാക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇനി ചുമ്മാ പോയങ്ങ് കെടന്നുകൊടുത്താല്‍മതി.

ആശംസകളുണ്ട്‌ട്ടാ. പോസ്റ്റുകള്‍ തുടര്‍ന്നും നമ്മുടെ അഗ്രികള്‍ ലിസ്റ്റ് ചെയ്യുമല്ലോ അല്ലേ :)

ആര്‍ദ്ര ആസാദ് / Ardra Azad December 22, 2009 at 10:22 AM  

ഗൂഗിളിൽ സൌദി ചരിത്രം സെർച്ച് ചെയ്തപ്പോഴാണ് ഈ ബ്ലോഗിലെത്തിയതും വായന തുടങ്ങിയതും. Informative ആയ ഒരുപാടു വിഭവങ്ങൾ. സയൻസ്സും ചരിത്രവും യുക്തിവാദവും രാഷ്ട്ട്രിയവുമായി വായിക്കാനൊരുപാട്. വിവരമുള്ളവർ സംവദികുന്നിടത്ത് കൊച്ചുപിള്ളേർക്ക് എന്തുകാര്യമെന്നതിനാൽ കമ്മന്റിടാറില്ലെന്നു മാത്രം

എല്ലാ ആശംസകളും

Melethil December 22, 2009 at 1:36 PM  

ആശംസകള്‍,ബാബൂ..നിര്‍ത്തിപോവുകയാണോന്നു ഒരു നിമിഷം ശങ്കിച്ചു.:)

ഹാപ്പി ക്രിസ്മസ് ആന്‍ഡ്‌ ന്യൂ ഇയര്‍!

സി.കെ.ബാബു December 24, 2009 at 12:50 PM  

അപ്പൂട്ടൻ,
ചാണക്യൻ,
K.P.SUKUMARAN മാഷ്‌,
ബിജു ചന്ദ്രൻ,
ഹാരിസ്‌,
മൂർത്തി,
സത്യാന്വേഷി,
നന്ദന,
സിജു,
ബിനോയ്‌,
ആർദ്ര ആസാദ്‌,
Melethil,
പ്രിയ,

ആശംസകൾക്കു് നന്ദി. എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP