Wednesday, March 11, 2009

സാമൂഹ്യവാസന - (Herd instinct)

(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

സാമൂഹ്യവാസന - (Herd instinct)

ധാര്‍മ്മികനീതിയെ (morality) അഭിമുഖീകരിക്കുന്നിടത്തെല്ലാം മാനുഷികമായ ഉള്‍പ്രേരണകളുടെയും പ്രവര്‍ത്തനങ്ങളുടെയും സ്ഥാനവിലകളും വിലയിരുത്തലുകളുമാണു് നമുക്കു് കാണാന്‍ കഴിയുന്നതു്. ഈ വിലയിരുത്തലുകളും സ്ഥാനമൂല്യങ്ങളും എല്ലായ്പോഴും ഒരു സാമൂഹികകൂട്ടത്തിന്റെ, ഒരു സമുദായത്തിന്റെ ആവശ്യങ്ങളുടെ ആവിഷ്കരണമാണു്. കൂട്ടത്തിനു് ഏറ്റവും പ്രയോജനപ്രദമായതു് - രണ്ടാമത്തേതു്, മൂന്നാമത്തേതു് - എന്താണോ അതാണു് ആ കൂട്ടത്തിലെ എല്ലാ വ്യക്തികളുടെയും ഉത്തമമായ മൂല്യങ്ങളുടെ മാനദണ്ഡം. വ്യക്തികളെ സാമൂഹികകൂട്ടത്തിന്റെ ഒരു ഭാഗം മാത്രമായിത്തീരാനും, കൂട്ടത്തിന്റെ ഒരംശം എന്ന നിലയില്‍ മാത്രം തനിക്കൊരു മൂല്യം കല്‍പിക്കുവാനും ധാര്‍മ്മികനീതി പരിശീലിപ്പിക്കുന്നു. പക്ഷേ, സാമൂഹികപരിപാലനത്തിന്റെ നിബന്ധനകള്‍ വ്യത്യസ്തസമൂഹങ്ങളില്‍ വ്യത്യസ്തമായിരുന്നതിനാല്‍ അങ്ങേയറ്റം വ്യത്യസ്തമായ ധര്‍മ്മനീതികളും നിലനിന്നിരുന്നു. കൂട്ടങ്ങളിലും, സമുദായങ്ങളിലും, രാഷ്ട്രങ്ങളിലും, സമൂഹങ്ങളിലും അത്യന്താപേക്ഷിതമായി സംഭവിക്കാനിരിക്കുന്ന പരിവര്‍ത്തനപ്രക്രിയകളെ‍ പരിഗണിക്കുമ്പോള്‍ വളരെ വ്യത്യസ്തമായ ധാര്‍മ്മികനീതികള്‍ ഭാവിയിലും ഉണ്ടായിരിക്കുമെന്നു് പ്രവചിക്കാന്‍ പ്രയാസമില്ല. ഒരു വ്യക്തിയിലെ സാമൂഹ്യവാസനയാണു് ധാര്‍മ്മികനീതി.

“കാലിക്കൂട്ട”-മനസ്സാക്ഷിക്കുത്തു് - (Herd remorse)

മാനവചരിത്രത്തിന്റെ ചിരകാലീനവും അതിവിദൂരവുമായ കാലഘട്ടങ്ങളില്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായ ഒരു മനസ്സാക്ഷിക്കുത്തായിരുന്നു നിലനിന്നിരുന്നതു്. താന്‍ ഇച്ഛിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ക്കു് മാത്രമാണു് സ്വയം‍ ഉത്തരവാദിയായി ഇന്നു് ഒരുവനു് തോന്നുന്നതു്, ഒരു വ്യക്തി എന്ന നിലയില്‍ അവനു് അവനില്‍ തന്നെ അഭിമാനവുമുണ്ടു്: വ്യക്തിയുടെ ഈ ആത്മബോധത്തില്‍ നിന്നും ആസക്തികളില്‍ നിന്നും ആരംഭിക്കുന്നു എന്നതിനാല്‍ നമ്മുടെ എല്ലാ നിയമാദ്ധ്യാപകരും നിയമത്തിന്റെ ഉറവിടം എല്ലായ്പോഴും ഇവിടെയായിരുന്നു എന്ന രീതിയില്‍ ചിന്തിക്കുന്നവരാണു്. പക്ഷേ, മനുഷ്യരാശിയുടെ സുദീര്‍ഘമായ കാലഘട്ടങ്ങളിലെ അധികപങ്കിലും വ്യക്തി എന്ന നിലയില്‍ ചിന്തിക്കുന്നത്ര ഭീതിജനകമായി മറ്റൊന്നുമുണ്ടായിരുന്നില്ല. ഒറ്റക്കായിരിക്കുക, ഏകനായി കാര്യങ്ങള്‍ അനുഭവിക്കുക, അനുസരിക്കുകയോ ഭരിക്കുകയോ ചെയ്യാതിരിക്കുക, ഒരു വ്യക്തി ആയിരിക്കുക - അതൊക്കെ അക്കാലത്തു് സന്തോഷമായിരുന്നില്ല, ശിക്ഷയായിരുന്നു; മനുഷ്യന്‍ വ്യക്തിയായി വിധിക്കപ്പെടുകയായിരുന്നു. ചിന്താസ്വാതന്ത്ര്യം യഥാര്‍ത്ഥ ദുരിതമായി പരിഗണിക്കപ്പെട്ടിരുന്നു. നിയമവും വിധേയത്വവും ഇന്നു് നമ്മള്‍ നിര്‍ബന്ധവും നഷ്ടവുമായി അനുഭവിക്കുമ്പോള്‍, അക്കാലത്തു് ആത്മാഭിമാനം (egoism) ആയിരുന്നു വേദനയും യഥാര്‍ത്ഥ ദുരിതവുമായി മനുഷ്യനു് അനുഭവപ്പെട്ടിരുന്നതു്. അവനവന്‍ ആയിരിക്കുക, സ്വന്തം അളവുകളും തൂക്കങ്ങളും കൊണ്ടു് തന്നെത്തന്നെ അളക്കുക - അതു് അക്കാലത്തെ അഭിരുചിക്കു് വിരുദ്ധമായിരുന്നു. അത്തരം പ്രവണതകള്‍ ഭ്രാന്തായി പരിഗണിക്കപ്പെട്ടിരുന്നിരിക്കണം: കാരണം, ഒറ്റക്കായിരിക്കുക എന്ന അവസ്ഥയുമായി ഓരോ ദുരിതവും, ഓരോ ഭയവും ബന്ധിപ്പിക്കപ്പെട്ടിരുന്നു. സ്വതന്ത്ര ഇച്ഛാശക്തിയുടെ (free will) തൊട്ടടുത്ത അയല്‍വാസി അക്കാലത്തു് ചീത്ത മനസ്സാക്ഷിയായിരുന്നു: എത്രമാത്രം അസ്വതന്ത്രമായി ഒരുവന്‍ പെരുമാറിയിരുന്നോ, വ്യക്തിബോധത്തിനുപകരം എത്രമാത്രം കാലിക്കൂട്ടനൈസര്‍ഗ്ഗികത അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടുത്തിയിരുന്നോ അത്രമാത്രം ധാര്‍മ്മികനീതിയുള്ളവനായി അവന്‍ സ്വയം വിലമതിച്ചു. തന്റെ കൂട്ടത്തിനു് ഹാനി വരുത്തുന്നതെല്ലാം, ഒരുവന്‍ അതു് ആഗ്രഹിച്ചതോ അല്ലാത്തതോ ആവട്ടെ, ഓരോ വ്യക്തിയിലും മനസ്സാക്ഷിക്കുത്തുണ്ടാക്കി - അതിനോടൊപ്പം അവന്റെ അയല്‍വാസിക്കും, അങ്ങനെ മുഴുവന്‍ കൂട്ടത്തിനും! - അക്കാര്യത്തില്‍ ഏതായാലും നമ്മള്‍* നല്ലൊരുപങ്കു് തിരുത്തിപ്പഠിച്ചു.

* നമ്മള്‍ എന്നതുകൊണ്ടു് നീറ്റ്‌സ്‌ഷെ ഇവിടെ ഉദ്ദേശിക്കുന്നതു് പശ്ചിമയൂറോപ്യരെയാണു്.

13 comments:

അനില്‍@ബ്ലോഗ് March 11, 2009 at 5:12 PM  

മലയാളം തപ്പിയെടുക്കല്‍ ഇത്തിരി പണിയാണല്ലോ മാഷെ.
:)

herd എന്നതിന് കൂട്ടം എന്ന അര്‍ത്ഥം മാത്രം പോരെ , “സാമൂഹിക വാസന“ എന്നപൊലെ. കാലിക്കൂട്ടം എന്നത് ഒരു പദാനുപദ തര്‍ജ്ജമ മാത്രമായോ?

ഏതായാലും കൊച്ചു കൊച്ചു പോസ്റ്റാവുന്നതിനാല്‍ മനസ്സിലാക്കാന്‍ എളുപ്പമാവും എന്നു കരുതുന്നു.
ആശംസകള്‍.

BS Madai March 11, 2009 at 5:58 PM  

ബാബുമാഷെ,
വായന രേഖപ്പെടുത്തട്ടെ. നന്ദി, തുടരുക.

പ്രിയ ഉണ്ണികൃഷ്ണന്‍ March 11, 2009 at 6:36 PM  

ആത്മാഭിമാനം പലപ്പോഴും അങ്ങനൊക്കെത്തന്നെയല്ലെ എല്ലായിടത്തും എന്നു തോന്നുന്നു

നീഷേ യുടെ എഴുത്തുകള്‍ ഒരുപാടിഷ്ടപ്പെട്ടു തുടങ്ങുന്നു. അതിന്റെ കാരണക്കാരന്‍ ബാബു ജീ തന്നെ :)

സി. കെ. ബാബു March 11, 2009 at 7:09 PM  

അനില്‍@ബ്ലോഗ്,

“കാലിക്കൂട്ടം” മനഃപൂര്‍വ്വമായിരുന്നു. അതുകൊണ്ടാ‍ണു് ചെറിയ തലക്കെട്ടില്‍ അതു് ഉദ്ധരണിയില്‍ കൊടുത്തതും. പദാനുപദതര്‍ജ്ജമ ഞാന്‍ കഴിവതും ഒഴിവാക്കാറാണു് പതിവു്.

herd എന്ന വാക്കിനു് താഴെപ്പറയുന്ന അര്‍ത്ഥങ്ങള്‍ എല്ലാം ബാധകമാണെന്നതിനാല്‍ തര്‍ജ്ജമയില്‍ ഒരു “മൃഗീയസൌന്ദര്യം” വരുത്തുന്നതില്‍ തെറ്റില്ലെന്നു് തോന്നി. ഭാഷയില്‍ ഇത്തിരി ഉപ്പും പുളിയും എരിവുമൊക്കെയുള്ളതു് വായിക്കുന്നതിനിടയില്‍ ഉറക്കം തൂങ്ങാതിരിക്കാന്‍ സഹായിക്കും. :)

1) number of animals of one kind kept together under human control.
2) a congregation of gregarious wild animals.

a) a group of people usually having a common bond
b) a large assemblage of like things
c) the undistinguished masses ...

മൃഗങ്ങളുടെ കൂട്ടം പ്രദര്‍ശിപ്പിക്കുന്നതിനു് തുല്യമായ നൈസര്‍ഗ്ഗികതകള്‍ വര്‍ണ്ണിക്കുമ്പോള്‍ സാമൂഹ്യവാസന എന്ന പദം ബലഹീനമാണെന്നാണു് എനിക്കു് തോന്നുന്നതു്. മലയാളനിഘണ്ടു ആ വാക്കാണു് നല്‍കുന്നതെങ്കിലും!

BS Madai,
എന്റെയും നന്ദി.

പ്രിയ,
വിമര്‍ശനാത്മകവും ആഴമേറിയതുമായ ചിന്തകളെ മനോഹരമായ ഗദ്യത്തില്‍ എഴുതാനുള്ള കഴിവാണു് നീറ്റ്സ്‌ഷെയുടെ ശക്തി. നീറ്റ്സ്‌ഷെയുടെ ചിന്തകളിലെ തൊണ്ണൂറു് ശതമാനവും ആര്‍ക്കും നിഷേധിക്കാനാവാത്ത അടിസ്ഥാനയാഥാര്‍ത്ഥ്യങ്ങളാണു്. തലച്ചോറിനെ കുരങ്ങു് കടിക്കാത്തവര്‍ക്കു് ധാരാളം കാര്യങ്ങള്‍ പുതിയതായി അറിയാന്‍ നീറ്റ്സ്‌ഷെയുടെ വായന സഹായിക്കും. വായിക്കുന്നതു് മനസ്സിലാക്കാന്‍ മതിയായ ഒരു മിനിമം അടിത്തറയും, അതിനുള്ള സന്നദ്ധതയും വേണമെന്നേയുള്ളു. വായനക്കു് നന്ദി.

ചാണക്യന്‍ March 11, 2009 at 9:02 PM  

മാഷെ...വായിക്കുന്നുണ്ടേ..

അനില്‍@ബ്ലോഗ് March 12, 2009 at 3:52 PM  

ശരിയാണ് മാഷെ,
സാമൂഹികം എന്ന വാക്ക് എന്തോ ഒരു മുന്‍വിധിയായി മുന്നില്‍ നില്‍ക്കുന്നതിന്റെ പ്രശ്നമാണെന്ന് തൊന്നുന്നു.
herd എന്ന പദത്തിന്റെ സ്വാതന്ത്ര്യം അതില്‍ ലഭിക്കക്കയില്ല അല്ലെ?
:)

സി. കെ. ബാബു March 12, 2009 at 6:37 PM  

ചാണക്യന്‍, പാമരന്‍,
നന്ദി.

അനില്‍@ബ്ലോഗ്,
മൂലഭാഷയായ ജര്‍മ്മനില്‍ ഉപയോഗിച്ചിരിക്കുന്ന Herden-Instinkt, Herden-Gewissensbiß എന്ന വാക്കുകള്‍ക്കൊപ്പം സാമൂഹ്യവാസനയോ സാമൂഹ്യമനസ്സാക്ഷിക്കുത്തോ എത്തുകയില്ല. ജിറാഫിന്‍‌കൂട്ടം, മാന്‍‌കൂട്ടം, വരയന്‍‌കുതിര‍ക്കൂട്ടം ഒക്കെ മൃഗസമൂഹങ്ങളായതിനാല്‍ “കാലിക്കൂട്ട”-വാസന അല്പം ക്ലിപ്തവുമാണു്. അതിനാല്‍ ഉള്ളതുകൊണ്ടു് ഓണം പോലെ!

ജയതി March 13, 2009 at 7:13 PM  

വായന തുടരുന്നുണ്ട്.

സി. കെ. ബാബു March 14, 2009 at 7:47 AM  

നന്ദി, ശ്രീ ജയതി.

ബിനോയ് March 18, 2009 at 10:59 AM  
This comment has been removed by the author.
ബിനോയ് March 18, 2009 at 10:59 AM  

ബാബുമാഷേ ലളിതമായ വിവര്‍ത്തനത്തിന് നന്ദി.

കിണറുകള്‍ പോലെ വ്യത്യസ്ത സമൂഹങ്ങള്‍. അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുതുരങ്കങ്ങള്‍ക്ക് വ്യാപ്തി ഏറി വരുന്നു. കാലഘട്ടങ്ങള്‍‌ക്കനുസരിച്ച് ഉത്തമ മൂല്യങ്ങളുടെ മാനദണ്ഡം മാറിവരുമെങ്കിലും സമകാലികമായ ധാര്‍മ്മിക നീതിയുടെ വൈവിധ്യത്തില്‍ കുറവു സംഭവിക്കില്ലേ?

സി. കെ. ബാബു March 22, 2009 at 7:37 PM  

ബിനോയ്,

“ഒരു വ്യക്തിയിലെ സാമൂഹ്യവാസനയാണു് ധാര്‍മ്മികനീതി.”

അതായതു്,‍ സാമൂഹികവാസനകള്‍ മാറുന്നതിനനുസരിച്ചു് വ്യക്തിയിലെ ധാര്‍മ്മികനീതിബോധത്തിലും മാറ്റങ്ങള്‍ അനിവാര്യമാവും. സമകാലിക ധാര്‍മ്മികനീതിയുടെ വൈവിധ്യത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളുടെ അളവു്‌ വ്യത്യസ്തസമൂഹങ്ങളിലെ വാസനകള്‍‍ പരസ്പരം ഏതു് ദിശകളിലേക്കാണു് മാറുന്നതു് എന്നതില്‍ അധിഷ്ഠിതമായിരിക്കും. ഏതെങ്കിലും ഒരു സമൂഹം മാറുന്നതിനുവേണ്ടിയോ മാറുന്നതു്‌ വരെയോ മറ്റൊരു സമൂഹവും കാത്തുനില്‍‍ക്കുന്നില്ല. എല്ലാ സമൂഹങ്ങളിലും ഏറിയോ കുറഞ്ഞോ ‍ സാമൂഹികവാസനകളും അതുവഴി ധാര്‍മ്മികനീതിയും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നു. പൊതുവായ ഒരു ദിശയിലേക്കാണു് രണ്ടു് സമൂഹങ്ങള്‍ മാറുന്നതെങ്കില്‍ അവയിലെ പൊതുവായ ധാര്‍മ്മികനീതിയുടെ അളവും അതിനനുസരിച്ചു് കൂടുതലായിരിക്കും. അല്ലെങ്കില്‍ സ്വാഭാവികമായും കുറവും. ഏതായാലും വ്യത്യസ്ത സമൂഹങ്ങളില്‍ ധാര്‍മ്മികനീതിയിലെ പൂര്‍ണ്ണമായ തുല്യത സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്തൊരു കാര്യമാണു്. അമേരിക്കയിലെയും ഇംഗ്ലണ്ടിലേയും, അതുപോലെ അമേരിക്കയിലേയും സൌദി അറേബ്യയിലേയും ധാര്‍മ്മികനീതികള്‍ക്കു് സംഭവിക്കാവുന്ന മാറ്റങ്ങള്‍ ഒരു ഉദാഹരണമായി ചിന്തിക്കാവുന്നതാണു്.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP