Monday, September 8, 2008

**അകലമറിയാത്ത ആത്മബന്ധം**

'ആത്മബന്ധം' എന്നു് കേട്ടതുകൊണ്ടു് തെറ്റിദ്ധരിക്കണ്ട. ഇതു് ആത്മീയമോ, അത്ഭുതമോ, ഭൂതമോ, പ്രേതമോ, പ്രേമമോ, രോഗശാന്തിശുശ്രൂഷയോ, മരിച്ചു് മണ്ണടിഞ്ഞവരുമായി ഉടലോടെ നേര്‍ക്കുനേര്‍ ബന്ധപ്പെടലോ ഒന്നുമല്ല. അകലങ്ങളിലായിരിക്കുന്ന ആണവഘടകങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധമാണു് (quantum entanglement) ഇവിടത്തെ വിഷയം. പരസ്പരബന്ധങ്ങള്‍ അപവാദമെന്യേ അനുരാഗനിബദ്ധമായിരിക്കണമെന്നും, അവയിലെ പ്രണയഗാനരാഗങ്ങള്‍ ഖരഹരപ്രിയയുടെ ജന്യരാഗമായ കന്നടഗൗളയില്‍ത്തന്നെ വേണമെന്നും നിര്‍ബന്ധമുള്ളവര്‍ 'ആണവകണികകളുലു ആത്മാനുരാഗുലു ഗുലുഗുലു ഗുല്‍ഗുലു' എന്നോ മറ്റോ ഏകതാനത്തിലോ, ഏതെങ്കിലും താനത്തിലോ നീട്ടിപ്പാടുകയോ ഓരിയിടുകയോ ചെയ്യുക! വാസ്തുവിന്റെ വായുകോണായ ഖരയോനിയില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നല്ലാതെ മറ്റു് പത്ഥ്യമോ, നോമ്പോ, മേമ്പൊടിയോ ഇല്ല. ഒരു ഫലവും ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്തതുകൊണ്ടു് പാര്‍ശ്വഫലങ്ങളും ഉണ്ടാവാന്‍ വഴിയില്ല. എങ്കിലും, ഈ രാഗാലാപനം കാമരാജകഴുതകള്‍ മദജലജന്യദാഹശമനത്തിനായി അനുഷ്ഠിക്കാറുള്ള കൂട്ടവിലാപമായി രൂപാന്തരം പ്രാപിക്കാതിരിക്കാന്‍ ശ്രമിച്ചാല്‍ പാവം ഈശ്വരന്‍ നന്ദിയുള്ളവനായിരിക്കും. ധൂപക്കുറ്റിയില്‍ നിന്നും, ഹോമകുണ്ഡങ്ങളില്‍ നിന്നും അനുസ്യൂതം ഉയരുന്ന ധൂമപടലങ്ങള്‍ക്കിടയിലൂടെ സ്വര്‍ഗ്ഗത്തിലേക്കു് കയറ്റി അയക്കപ്പെടുന്ന അനുതാപത്തിന്റെ ആത്മരോദനങ്ങളെ ഇത്തരം ഗര്‍ദ്ദഭരോദനങ്ങളില്‍ നിന്നു് വേര്‍തിരിച്ചെടുക്കുക എന്നതു് യുഗാന്തരങ്ങള്‍ പിന്നിട്ട ഒരു സാദാ ദൈവത്തിന്റെ വൃദ്ധചെവികള്‍ക്കും അത്ര എളുപ്പമായിരിക്കുകയില്ല. ഹൈ വോള്‍ട്ടേജ്‌ ട്രാന്‍സ്മിഷന്‍ ലൈനുകളിലൂടെയുള്ള carrier communication-ല്‍ സാദ്ധ്യമാവുന്നതുപോലെ അനായാസമായ modulation-demodulation സാങ്കേതികത്വം സ്വര്‍ഗ്ഗത്തില്‍ ഇതുവരെ എത്തിയിട്ടുമുണ്ടാവില്ല. സ്വര്‍ഗ്ഗത്തിലെ പഴയ ചക്കുകള്‍ സാവധാനത്തിലല്ലേ ആടൂ!

അവതരണഗാനം ഉണര്‍ത്തുന്ന ആഹ്ലാദം ഒന്നുകൊണ്ടല്ലാതെ ഒരു തിരശ്ശീലയോ, മറശ്ശീലയോ ഇന്നോളം ആവേശപൂര്‍വ്വം ഉയര്‍ന്നിട്ടില്ല. കര്‍ട്ടനുയരാതെ ഒരു നാടകവും ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടുമില്ല. അവതരണഗാനവും, കര്‍ട്ടനും, നാടകവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു് കിടക്കുന്ന കാര്യങ്ങളാണു്. സാക്ഷാല്‍ holistic അവസ്ഥ! മനുഷ്യശരീരം ഹൊളിസ്റ്റിക്‌ ആണു്, ക്വാണ്ടംലോകം ഹൊളിസ്റ്റിക്‌ ആണു്, തന്മൂലം, തത്വത്തില്‍ 'വെറും' ക്വാണ്ടം തരികളായ പ്രപഞ്ചവും ഹൊളിസ്റ്റിക്‌ ആണു്! അങ്ങനെ, കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ 'സകലവും ഒന്നായതു'കൊണ്ടാണു് അവതരണഗാനത്തിനോ, നാടകത്തിനോ മസൂരി വരാതിരിക്കാന്‍ കര്‍ട്ടനെ അച്ചുകുത്തിയാല്‍ മതി എന്നു് അറിവുള്ളവര്‍ പറയുന്നതു്! അതുകൊണ്ടാണു് സകല ലാടഗുരുക്കളും, ടെലിപ്പൊത്തില്‍-കീരികളും, മാടന്‍-മറുതസേവാസംഘങ്ങളും, മറ്റനവധി മൂത്രംകുടിസമൂഹങ്ങളും അവരുടെ കച്ചവടതന്ത്രങ്ങളുടെ വിശ്വാസയോഗ്യതക്കായി 'ഹൊളിസ്റ്റിക്‌' എന്ന വാക്കിനെ തന്നെയും പിന്നെയും ബലാല്‍സംഗം ചെയ്യുന്നതു്! പക്ഷേ, ശാസ്ത്രലോകത്തില്‍ ഉപയോഗിക്കുന്ന holistic എന്ന വാക്കിനു് ആ വിധത്തിലുള്ള ഏതെങ്കിലും ചാത്തന്‍-പോത്തന്‍-കാലന്‍-സേവകളുമായി യാതൊരുവിധ ബന്ധവുമില്ല. 'എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു' എന്നതിന്റെ തികച്ചും ഭൗതികമായ അര്‍ത്ഥം മാത്രമേ അതിനിവിടെ ഉള്ളു. എളുപ്പം മനസ്സിലാവാത്ത കാര്യങ്ങള്‍ക്കു് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി ശുദ്ധഗതിക്കാരെ ചൂഷണം ചെയ്യുന്നതു് ആത്മീയവും, ദൈവികവും, സര്‍വ്വോപരി, മഹത്വവുമായി അംഗീകരിക്കപ്പെടുന്ന ഭാരതീയസമൂഹത്തില്‍ ഇങ്ങനെയൊരു ഓര്‍മ്മിപ്പിക്കല്‍ ആവശ്യമാണെന്നു് തോന്നുന്നു.

മഞ്ഞുകാലത്തു് തണുപ്പകറ്റാന്‍ ഒരു മിന്നാമിനുങ്ങിനെ പിടിച്ചു് അതിന്റെ മുതുകത്തു് കുറെ വിറകുവാരിക്കൂട്ടി ഊതിയൂതി തീയുണ്ടാക്കാന്‍ ശ്രമിക്കുന്ന കുറെ കുരങ്ങച്ചന്മാരുടെ കഥ ചെറുപ്പത്തില്‍ കേട്ടതു് മറന്നിട്ടില്ല! "വിഡ്ഢിത്തം ചെയ്യരുതു്" എന്നു് പറയുന്നവരെ തല്ലിക്കൊല്ലുന്നതാണു് അവറ്റകളുടെ സാധാരണ രീതിയെന്നും അറിയാം. എങ്കിലും പറയുന്നു! കാരണം, ഈ കുരങ്ങുകഥ പഴയതായതുകൊണ്ടും, കുരങ്ങന്മാരുടെ പുതിയ തലമുറക്കു് 'സായിപ്പിന്റെ എച്ചിലുകള്‍' എന്നു് ആരോ വിശേഷിപ്പിച്ചുകേട്ട (ഇന്റര്‍നെറ്റ്‌ കണക്ഷന്‍ അടക്കമുള്ള!) ആധുനികസൗകര്യങ്ങളൊക്കെ ഉണ്ടാവാമെന്നതുകൊണ്ടും സ്ഥിതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിക്കൂടെന്നില്ലല്ലോ! അന്ധമായ ഏകപക്ഷീയതയില്‍ നിന്നുള്ള വ്യക്തിത്വത്തിന്റെ ബൗദ്ധികമായ വിമോചനം എന്നൊരു മാറ്റമെങ്കിലും ഉണ്ടായാല്‍ അത്രയുമായില്ലേ? പാടിപ്പാടി അവതരണഗാനം ഇത്തിരി നീണ്ടുപോയി. പക്ഷേ, ചില 'നിത്യദുരിതഗാനങ്ങള്‍' എത്ര പാടിയാലും കേട്ടാലും മതിയാവാത്തവയാണു്, ക്ഷമിക്കുക!

രണ്ടോ അതിലധികമോ കണികകള്‍ തമ്മില്‍ത്തമ്മില്‍ അകലങ്ങളില്‍ സ്ഥിതി ചെയ്യുമ്പോള്‍ പോലും അതിലൊന്നിന്റെ ക്വാണ്ടം അവസ്ഥ പങ്കാളിയുടെ അവസ്ഥയെക്കൂടി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ പ്രവചിക്കാനാവാത്തവിധം പരസ്പരം 'കെട്ടുപിണഞ്ഞു്' കിടക്കുന്ന പ്രതിഭാസമാണു് quantum entanglement. മനുഷ്യന്‍ ഈ തിരിച്ചറിവില്‍ എത്തിയതു് ദീര്‍ഘമായ ഒരു യാത്രയിലൂടെയാണു്. ന്യൂട്ടണില്‍ ആരംഭിച്ചു്, ഐന്‍സ്റ്റൈനിലൂടെ, ഹൈസന്‍ബെര്‍ഗിന്റെ അനിശ്ചിതത്വതത്വം അടക്കമുള്ള ക്വാണ്ടം മെക്കാനിക്സിലെ എത്രയോ നിയമങ്ങളിലും, nonlocality-യിലുമൊക്കെ എത്തിച്ചേര്‍ന്നതു് ഒരു നീണ്ടകഥയാണു്.

അകലങ്ങളില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കള്‍ക്കു് പരസ്പരം സ്വാധീനിക്കാന്‍ കഴിയില്ല എന്ന തത്വമാണു് ഫിസിക്സിലെ principle of locality. അതിന്‍പ്രകാരം, സമീപസാഹചര്യങ്ങള്‍ക്കു് വസ്തുക്കളെ സ്വാധീനിക്കാന്‍ കഴിയുമെന്നല്ലാതെ, ഏതെങ്കിലും ഒരു വസ്തുവില്‍ ഒരിടത്തു് സംഭവിക്കുന്ന ഭൗതികപ്രക്രിയകള്‍ക്കു് മറ്റൊരിടത്തു് സ്ഥിതിചെയ്യുന്ന വസ്തുക്കളില്‍ നേരിട്ടു് യാതൊരുവിധ സ്വാധീനവും ചെലുത്താനാവില്ല. മറ്റുവിധത്തില്‍ പറഞ്ഞാല്‍, എല്ലാ വസ്തുക്കളുടെയും അളക്കാനാവുന്ന മൂല്യങ്ങള്‍, അളന്നാലും ഇല്ലെങ്കിലും, അഥവാ അളക്കുന്നതിനു് മുന്‍പുതന്നെ, വസ്തുനിഷ്ഠമായി നിലനില്‍ക്കുന്നുണ്ടു്. ഐന്‍സ്റ്റൈന്റെ സ്പെഷ്യല്‍ റിലേറ്റിവിറ്റിതത്വപ്രകാരം, കാര്യകാരണബന്ധത്തിനു് (causality) പരിക്കേല്‍പിക്കാതെ, പ്രകാശത്തിന്റേതില്‍ കൂടിയ വേഗതയില്‍ ഇന്‍ഫര്‍മേഷന്‍ ഒരിടത്തുനിന്നും മറ്റൊരിടത്തു് എത്തിക്കാനാവില്ല. അതിന്റെ വെളിച്ചത്തില്‍, സാധാരണഗതിയില്‍ ആര്‍ക്കും യുക്തിപൂര്‍വ്വം എന്നു് തോന്നാവുന്ന ഈ തത്വത്തിന്റെ അടിസ്ഥാനത്തിലെ locality priciple-നെ ചോദ്യം ചെയ്യുന്ന പുതിയ തത്വങ്ങള്‍ക്കു് എന്തോ 'തകരാറു്' ഉണ്ടായിരിക്കണം എന്നു് ഐന്‍സ്റ്റൈന്‍ അടക്കമുള്ള പല ശാസ്ത്രജ്ഞരും കരുതിയതു് സ്വാഭാവികം. അതുകൊണ്ടുതന്നെ ക്വാണ്ടംഫിസിക്സിലെ standard interpretation ആയ Copenhagen Interpretation ഒരു പ്രപഞ്ചയാഥാര്‍ത്ഥ്യം എന്നനിലയില്‍ അപര്യാപ്തമാണെന്ന നിഗമനത്തില്‍ ഐന്‍സ്റ്റൈനും സഹപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. ഈ നിലപാടിന്റെ മൂര്‍ത്തീകരണമാണു് പ്രസിദ്ധമായ EPR Paradox (Einstein Podolsky Rosen Paradox).

locality principle-നു് വിപരീതമായി, ദൂരങ്ങളില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കള്‍ പരസ്പരം സ്വാധീനിക്കുന്നതാണു് 'nonlocality'. ക്ലാസിക്കല്‍ ഫിസിക്സിലെ corpuscular theory-കളില്‍ 'action at a distance' എന്നു് അറിയപ്പെട്ടിരുന്ന 'nonlocality', റിലേറ്റിവിറ്റിയുമായി ബന്ധപ്പെട്ട ഫീല്‍ഡ്‌ തിയറികളുമായി പൊരുത്തപ്പെടാതെ വന്നപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു. പിന്നീടു്, ക്വാണ്ടം ഫിസിക്സില്‍ 'entanglement' എന്ന പ്രതിഭാസത്തിന്റെ രൂപത്തില്‍ nonlocality വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. ഐന്‍സ്റ്റൈനെ ശുണ്ഠിപിടിപ്പിച്ചതിനും, EPR paradox എന്ന പേരിലെ പേപ്പര്‍ വഴി ക്വാണ്ടം തിയറിയിലെ 'വൈരുദ്ധ്യം' ശാസ്ത്രലോകത്തെ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതിനും പിന്നില്‍ nonlocality-ക്കും, uncertainty principle-നുമാണു് പ്രധാന പങ്കു്. nonlocality-യെ ഐന്‍സ്റ്റൈന്‍ 'spooky action at a distance' എന്നു് പരിഹസിച്ചതില്‍നിന്നും അദ്ദേഹം ഈ ആശയത്തില്‍ എത്രമാത്രം അതൃപ്തനായിരുന്നു എന്നു് ഊഹിക്കാവുന്നതേയുള്ളു.

വ്യവസ്ഥകളുടെ (physical systems) 'വേര്‍പെടുത്തപ്പെടാന്‍ കഴിയായ്ക' ഫിസിക്സിലെ ഒരു അടിസ്ഥാനതത്വമാണെന്നു് യഥാര്‍ത്ഥ പരീക്ഷണങ്ങളിലൂടെ തെളിയിക്കാന്‍ ശാസ്ത്രത്തിനു് പിന്നേയും രണ്ടുമൂന്നു് ദശകങ്ങളോളം കാത്തിരിക്കേണ്ടിവന്നു. അവയില്‍ പ്രധാനപ്പെട്ട ഒന്നാണു് Alain Aspect-ന്റെ പരീക്ഷണം. പക്ഷേ, അതിലേക്കു് വരുന്നതിനു് മുന്‍പു് കണികകളുടെ spin, പ്രകാശത്തിന്റെ polarisation, Bell's inequality എന്നീ ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതു് ആവശ്യമാണു്. 'spin' എന്നതു് ഒരു sub atomic particle-ന്റെയോ nucleus-ന്റെയോ angular momentum-ത്തിന്റെ അളവാണു്. പക്ഷേ, ഇതു് 'torque' എന്ന ക്ലാസിക്കല്‍ അര്‍ത്ഥത്തിലെ momentum അല്ല. ഫോട്ടോണ്‍ പോലെ spin ഇല്ലാത്തതോ, 'പൂര്‍ണ്ണഗുണിതങ്ങളായ' spin (ഉദാ. s, 2s, 3s, ...) (s = spin) ഉള്ളതോ ആയ കണികകള്‍ Bose-Einstein statistics-ന്റെ കീഴില്‍ വരുന്നവയാണു്. അതേസമയം, 'അര്‍ദ്ധഗുണിതങ്ങളായ' spin (ഉദാ. (1/2)s, (3/2)s, (5/2)s ...) ഉള്ള കണികകള്‍ Fermi-Dirac statistics-ന്റെ പരിധിയില്‍ വരുന്നു. ആദ്യത്തെ വിഭാഗത്തില്‍ പെട്ട കണികകള്‍ പൊതുവെ bosons എന്നും, രണ്ടാമത്തെ വിഭാഗം fermions എന്നും അറിയപ്പെടുന്നു. ബോസോണുകള്‍ക്കു് വിപരീതമായി, ഫെര്‍മിയോണുകളുടെ ആകെത്തുകയില്‍ പരസ്പരപ്രവര്‍ത്തനങ്ങള്‍ വഴി വ്യത്യാസം സംഭവിക്കുന്നില്ല. പ്രപഞ്ചത്തിലെ എലക്ട്രോണുകളുടെ ആകെ എണ്ണത്തില്‍ വ്യത്യാസം വരുത്താനാവില്ലെന്നു് സാരം. കൂടാതെ, 'അര്‍ദ്ധസംഖ്യാസ്പിന്‍' ഉള്ള കണികകള്‍ക്കു് ഏകരൂപത്തിലുള്ള (uniform) ഒരു മാഗ്നെറ്റിക്‌ ഫീല്‍ഡില്‍ parallel ആയോ, antiparallel ആയോ മാത്രമേ 'നില്‍ക്കാന്‍' കഴിയൂ എങ്കിലും, 'പൂര്‍ണ്ണസംഖ്യാസ്പിന്‍' ഉള്ള കണികകള്‍ക്കു് ഈ രണ്ടു് ദിശകള്‍ കൂടാതെ, കാന്തികമണ്ഡലത്തിനു് വിലങ്ങനെയും സ്ഥാനം പിടിക്കാനാവും. ചുരുക്കത്തില്‍, spin എന്നതു് കണികയുടെ space-ലെ ദിശയിലും അധിഷ്ഠിതമാണു്.

ഇതുമായി നല്ലൊരു പരിധിവരെ താരതമ്യം ചെയ്യാവുന്ന ഒരു ഗുണമാണു് പ്രകാശത്തിന്റെ polarisation. EPR paradox എന്ന ആശയം തെറ്റാണെന്നു് തെളിയിച്ചുകൊണ്ടു്, nonlocality-യെ സ്ഥാപിക്കുവാന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ അധികപങ്കും പ്രകാശത്തിന്റെ polarisation ഉപയോഗിച്ചുള്ളവയാണു്. മറ്റു് കണികകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ പ്രായോഗികമായി പ്രയാസമേറിയതാണെന്നതാണു് കാരണം. ആണവകണികകളുടെ 'സ്പിന്‍-ദിശ' പോലെ തന്നെ, പ്രകാശകണികയായ ഫോട്ടോണിന്റെ space-ലെ direction-നുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രതിഭാസമാണു് polarisation. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഇരുളുന്ന polaroid sun glasses-ല്‍ ഈ തത്വമാണു് പ്രയോജനപ്പെടുത്തുന്നതു്. ഒരു പ്രത്യേക polarisation പ്രദര്‍ശിപ്പിക്കാത്ത എല്ലാ ഫോട്ടോണുകളെയും അത്തരം കണ്ണടകളുടെ ഗ്ലാസ്സുകള്‍ തടയുന്നു. ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഈ 'തടയല്‍' മനസ്സിലാക്കാം. നിരനിരയായി വെറുതെ പത്തല്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ഒരു വേലിയുടെ വിടവിലൂടെ നെടുകെയുള്ള പത്തലുകള്‍ക്കു് കടന്നുപോകാം. പക്ഷേ അതേ പത്തലുകള്‍ തന്നെ ആ വേലി കുറുകെ കടക്കാന്‍ ശ്രമിച്ചാല്‍ നെടുകെ നില്‍ക്കുന്ന പത്തലുകള്‍ അവയ്ക്കു് തടസ്സമാവും. അതുപോലെ, കുറുകെ അഴിയിട്ടിരിക്കുന്ന ഒരു ഗേറ്റിലൂടെ കുറുകെയുള്ള പത്തലുകള്‍ക്കു് കടന്നുപോകാന്‍ കഴിയുമ്പോള്‍ നെടുകെയുള്ള പത്തലുകള്‍ തടയപ്പെടുന്നു. ഇനി, ഈ രണ്ടു് വേലികളെയും സംയോജിപ്പിച്ചു്, അഥവാ മുന്നില്‍ വേലിയും പിന്നില്‍ ഗേറ്റും (നേരെ മറിച്ചുമാവാം!) ആയി സ്ഥാപിച്ചിരിക്കുന്ന ഒരു ക്രമീകരണം സങ്കല്‍പിച്ചാല്‍, നെടുകെയും കുറുകെയുമുള്ള രണ്ടുതരം പത്തലുകള്‍ക്കും ഏതെങ്കിലും ഒരു വേലി തടസ്സമാവുമെന്നതിനാല്‍, രണ്ടു് വിഭാഗത്തിനും 'അക്കരെ'യെത്താന്‍ കഴിയുകയില്ല. ഈ ഉദാഹരണങ്ങള്‍ മനസ്സിലാക്കാന്‍ സ്വാഭാവികമായും നമുക്കു് ബുദ്ധിമുട്ടൊന്നുമില്ല.

പക്ഷേ, രണ്ടാമത്തെ വേലി (ഇവിടെ ഗേറ്റ്‌) എടുത്തുമാറ്റി പകരം 45 ഡിഗ്രിയില്‍ (കോണോടുകോണും സമാന്തരവുമായി) അഴികള്‍ പിടിപ്പിച്ചിരിക്കുന്ന ഒരു 'കോണ്‍വേലി' സ്ഥാപിച്ചാലോ? അപ്പോള്‍ നമുക്കു് ക്വാണ്ടം ലോകത്തിന്റെ വൈചിത്ര്യം കാണാന്‍ കഴിയും. ആദ്യത്തെ 'കടമ്പ' കടന്നുവരുന്ന 'പത്തലുകളില്‍' പകുതിയേയും 'കോണ്‍വേലി' കടത്തിവിടുന്നു! ഇനി, എടുത്തുമാറ്റിയ ഗേറ്റ്‌ മൂന്നാമതൊരു തടസ്സം എന്ന നിലയില്‍ കോണ്‍വേലിക്കു് പിന്നില്‍ സ്ഥാപിക്കുന്നു എന്നു് കരുതുക. കോണ്‍വേലി കടന്നുവരുന്ന പത്തലുകളുടെ പകുതിക്കും ഈ മൂന്നാമത്തെ കടമ്പയിലൂടെയും കടന്നുപോകാന്‍ കഴിയുന്നു! അതായതു്, ആദ്യത്തെ വേലി കടത്തിവിട്ട ആകെ പത്തലുകളുടെ നാലിലൊന്നു് മൂന്നു് വേലികളെയും കടന്നു് അപ്പുറത്തെത്തുന്നു! നെടുകെയും കുറുകെയും നിന്ന രണ്ടു് വേലികള്‍ക്കു് എല്ലാ പത്തലുകളെയും പൂര്‍ണ്ണമായി തടയാന്‍ കഴിഞ്ഞപ്പോള്‍, ഈ രണ്ടു് വേലികള്‍ക്കുമിടക്കു് മൂന്നാമതൊരു 'കോണിച്ച' വേലികൂടി വരുമ്പോള്‍ തടസ്സം കൂടുന്നതിനു് പകരം കുറയുകയാണു് ചെയ്യുന്നതു്!

ഈ ഉദാഹരണത്തില്‍, 'വേലികളെ' polarisation പ്രദര്‍ശിപ്പിക്കുന്ന മീഡിയമായും, ഫോട്ടോണുകളെ വേലി കടക്കാന്‍ ശ്രമിക്കുന്ന 'പത്തലുകള്‍' ആയും സങ്കല്‍പിച്ചാല്‍, പ്രകാശത്തിന്റെ polarisation-ന്റെ ഒരു ഏകദേശരൂപം ലഭിക്കും. അത്തരം ഒരു മീഡിയം ഫോട്ടോണുകളെ തടയുന്നോ അതോ കടത്തിവിടുന്നോ എന്നതു് അവയുടെ polarisation-ന്റെ ദിശയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. അതുപോലെതന്നെ, spin, polarisation മുതലായവ vector quantity-കള്‍ (പരിമാണവും ദിശയും ഉള്ള മൂല്യങ്ങള്‍) ആയതിനാല്‍, പോളറൈസേഷന്‍ മീഡിയത്തിലെ പരസ്പരം വ്യത്യസ്തമായ കോണുകള്‍ വഴി നമ്മള്‍ അളക്കുന്നതു് വ്യത്യസ്തമായ vector components ആയിരിക്കും. ഒരോ അളവുകളും അതിനു് മുന്‍പിലത്തെ അളവുകളെ അസാധുവാക്കുകയും ചെയ്യും. പരീക്ഷണത്തില്‍ മാറ്റം വരുത്തുമ്പോള്‍ 'ക്വാണ്ടം റിയാലിറ്റി'യിലും മാറ്റം സംഭവിക്കുന്നു എന്ന ക്വാണ്ടം മെക്കാനിക്സിലെ തത്വത്തിന്റെ മറ്റൊരു തെളിവാണു് ഇവിടെ നമ്മള്‍ ദര്‍ശിക്കുന്നതു്.

അതായതു്, sub atomic particle-ന്റെ spin അളക്കുക എന്നാല്‍ ത്രീ ഡൈമെന്‍ഷണല്‍ ആയ ഒരു vector quantity-യെ അളക്കുക എന്നാണര്‍ത്ഥം. ക്ലാസിക്കല്‍ മെക്കാനിക്സിലാണെങ്കില്‍, സംഗതി എളുപ്പമാണു്. അവിടെ വെക്ടര്‍ ക്വാണ്ടിറ്റിയുടെ ഓരോ co-ordinate-കളും വേറേ വേറേ അളക്കാം, അവസാനം അവയുടെ equivalent കണ്ടുപിടിക്കാം. പക്ഷേ, ക്വാണ്ടം ലോകത്തില്‍ uncertainty, nonlocality മുതലായ പ്രശ്നങ്ങള്‍ മൂലം കൃത്യമായ അളവു് സാദ്ധ്യമല്ല. അവിടെ, മൂന്നു് co-ordinates-ലേയും spinvalues ഒരേസമയത്തു് അളക്കുക എന്നതു് അസാദ്ധ്യമാണു്. ഒരു ദിശയിലെ അളവുവഴി മാത്രം മറ്റു് ദിശകളിലെ സ്പിന്‍ മൂല്യങ്ങള്‍ക്കു് മാറ്റം സംഭവിക്കുന്നു. കൂടാതെ, സ്പിന്‍ വെക്ടറുകള്‍ അതില്‍ത്തന്നെ 'ക്വാണ്ടൈസ്ഡ്‌' ആണു്. അതുപോലെതന്നെ, spin vectors complementary-യും ആണു്, അവ പരസ്പരം 'വച്ചുമാറാവുന്നവ'യല്ല.

ഒരു ഉദാഹരണത്തിലൂടെ ഈ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം: ഒരു പാര്‍ട്ടിക്കിളിന്റെ 'X' direction-ലെ സ്പിന്‍ അളന്നപ്പോള്‍ 'up' അഥവാ '+1' എന്നു് ലഭിച്ചു എന്നു് കരുതുക. (മറ്റൊരു ഉത്തരസാദ്ധ്യത 'down' അഥവാ '-1' ആണു്!) അതിനുശേഷം നമ്മള്‍ 'Y'- co-ordinate-ന്റെ ദിശയില്‍ അളക്കുന്നു എന്നും സങ്കല്‍പിക്കുക. അതുവഴി കിട്ടുന്ന ഫലം എന്തുതന്നെ (+1 or -1) ആയാലും, ഈ 'അളവുപരീക്ഷണം' പലവട്ടം ആവര്‍ത്തിക്കുക. അതിനുശേഷം ലഭിച്ച അളവുകള്‍ പരിശോധിക്കുമ്പോള്‍ വിചിത്രമായ ഒരു ഫലമാണു് നമുക്കു് ലഭിക്കുന്നതു്. 'Y'-ല്‍ അളക്കുന്നതിനു് മുന്‍പു് 'X'-ലെ അളവു് '+1' ആയിരുന്ന സന്ദര്‍ഭങ്ങളിലും, 'Y'-ല്‍ അളന്നശേഷം വീണ്ടും 'X'-ല്‍ അളക്കുമ്പോള്‍ ആകെ അളവുകളില്‍ പകുതി പ്രാവശ്യം മാത്രമേ 'X'-ല്‍ '+1' എന്ന ഫലം ലഭിക്കുന്നുള്ളു. complementary vector ആയ 'Y'-ലെ അളവുവഴി, ആദ്യത്തെ വെക്ടറിന്റെ uncertainty പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു എന്നാണു് ഇതു് വ്യക്തമാക്കുന്നതു്.

ഇനി, Bell's Theorem എന്ന ചിന്താപരീക്ഷണത്തിലേതുപോലെ, 'entangled' ആയ രണ്ടു് പ്രോട്ടോണുകളെ (ഒരു ജോടി) സങ്കല്‍പിക്കാം. spin-ന്റെ ഡൈമെന്‍ഷന്‍സ്‌ X, Y, Z എന്നും, ഓരോ ദിശയിലേയും spin +1, -1 ആണെന്നും കരുതുക. മൂന്നു് ദിശകളിലെയും സ്പിന്‍ അളക്കുക എന്നതു് അസാദ്ധ്യമാണെങ്കിലും, ഏതെങ്കിലും ഒരു ദിശയില്‍ ഓരോന്നിന്റേയും സ്പിന്‍ അളക്കാനാവും. ഒരു കണികയുടെ 'X' ദിശയിലെ സ്പിന്‍ +1 എങ്കില്‍ മറ്റേ കണികയുടെ 'X' ദിശയിലെ സ്പിന്‍ -1 ആയിരിക്കുമെന്നു് നമുക്കറിയാം. കാരണം, അവയുടെ തുക പൂജ്യമായിരിക്കണം. അതിനുശേഷം മറ്റേ കണികയിലെ 'Y' അല്ലെങ്കില്‍ 'Z' ദിശയിലെ സ്പിന്‍ അളക്കാനാവും (രണ്ടു് ദിശയിലും ആവുകയുമില്ല). നമ്മള്‍ 'Y' ദിശയിലാണു് അളക്കുന്നതെങ്കില്‍, അതിനു് ലഭിക്കുന്ന സ്പിന്‍ +1 അല്ലെങ്കില്‍ -1 എന്നതിന്റെ അടിസ്ഥാനത്തില്‍, ആദ്യത്തെ കണികയുടെ സ്പിന്‍ യഥാക്രമം -1 അല്ലെങ്കില്‍ +1 ആയിരിക്കും. ഈ വിധത്തില്‍, വിവിധ കണികകളില്‍ നടത്തുന്ന അളവുകള്‍ വഴി, XY, XZ, YZ എന്നീ സാദ്ധ്യമായ 'സ്പിന്‍ഘടകജോടികള്‍' കണ്ടെത്താനാവും. John S. Bell-ന്റെ പ്രസിദ്ധമായ Bell's Theorem അഥവാ, Bell's inequality രൂപം കൊണ്ടതു് ഈ ചിന്തകളുടെ അടിസ്ഥാനത്തിലായിരുന്നു.

പ്രപഞ്ചത്തെ സംബന്ധിച്ചു് locality principle-ന്റെ വെളിച്ചത്തില്‍ നിലവിലിരിക്കുന്ന മൂന്നു് 'യാഥാര്‍ത്ഥ്യനിഗമനങ്ങളെ'യാണു് (local reality interpretations) Bell's theorem അടിസ്ഥാനമാക്കുന്നതു്. (ഈ നിഗമനങ്ങള്‍ ക്വാണ്ടം ലോകത്തില്‍ തെറ്റാണെന്നു് തെളിയിക്കുകയാണു് ബെല്‍ തിയറത്തിന്റെ ലക്‍ഷ്യം.)

1. നമ്മള്‍ വീക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതുമായി യാതൊരു ബന്ധവുമില്ലാതെ യഥാര്‍ത്ഥമായ വസ്തുക്കള്‍ നിലനില്‍ക്കുന്നുണ്ടു്.

2. നിരന്തരവും ആവര്‍ത്തിക്കപ്പെടുന്നതുമായ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പൊതുവായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതു് നീതീകരിക്കപ്പെടാവുന്നതാണു്.

3. ഒരു ഫലത്തിനും (effect) പ്രകാശത്തേക്കാള്‍ കൂടിയ വേഗതയില്‍ പ്രപഞ്ചത്തില്‍ വ്യാപിക്കാനാവില്ല (locality).

ഐന്‍സ്റ്റെന്റെ അഭിപ്രായത്തില്‍ 'ഭൂതരൂപിയായ' nonlocality സത്യത്തില്‍ ഒരു 'ഭൂതരൂപി' അല്ലെന്നും, nonlocality എന്നതു് ഒരു പ്രപഞ്ചയാഥാര്‍ത്ഥ്യമാണെന്നും തെളിയിക്കാനുതകുന്ന ഒരു സാങ്കല്‍പിക പരീക്ഷണത്തിന്റെ ആദ്യഘട്ടമാണു് മുകളില്‍ പറഞ്ഞ entangled ആയ പ്രോട്ടോണുകളിലെ അളവുകള്‍! Bell's inequality എന്നും വിളിക്കപ്പെടുന്ന ഈ തിയറം തെളിയിക്കപ്പെടുന്നതുവഴി, (കൃത്യമായി പറഞ്ഞാല്‍, Bell's inequality violate ചെയ്യപ്പെടുന്നതുവഴി!) ഐന്‍സ്റ്റൈനും കൂട്ടരും പ്രതിനിധീകരിച്ച പ്രപഞ്ചത്തിന്റെ local realistic interpretation എന്ന നിലപാടു് 1964-ല്‍ താത്വികമായും, പിന്നീടുള്ള ദശകങ്ങളില്‍ 1982-ലെ Alain aspect-ന്റേതടക്കമുള്ള പല പരീക്ഷണങ്ങള്‍ വഴി പ്രായോഗികമായും തെറ്റാണെന്നു് തെളിയിക്കപ്പെടുകയായിരുന്നു. ഈ ചിന്താപരീക്ഷണത്തിലേതുപോലെ, പ്രോട്ടോണ്‍ ജോടിയുടെ സ്പിന്‍ അളവുകള്‍ യഥാര്‍ത്ഥത്തില്‍ നടത്തിയാല്‍, 'local realistic interpretation'-ന്റെ അടിസ്ഥാനത്തില്‍, (X Y) എന്നീ സ്പിന്‍ ഘടകങ്ങളിലെ പോസിറ്റീവ്‌ അളവുകളുടെ തുക, (X Z), (Y Z) എന്നീ ഘടകങ്ങളിലെ പോസിറ്റീവ്‌ അളവുകളുടെ ആകെത്തുകയേക്കാള്‍ ചെറുതായിരിക്കണം. ഗണിതശാസ്ത്രത്തിലെ set theory ഉപയോഗിച്ചു് ലളിതമായി കണ്ടെത്താവുന്ന ഒരു വസ്തുതയാണിതു്. അതേസമയം, ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനത്തില്‍ ഈ പരീക്ഷണത്തില്‍ നിന്നും ലഭിക്കുന്നതു് നേരേ വിപരീതമായ ഉത്തരമാണു്. അതായതു്, (X Y) എന്നീ സ്പിന്‍ ഘടകങ്ങളിലെ പോസിറ്റീവ്‌ അളവുകളുടെ തുക, (X Z), (Y Z) എന്നീ ഘടകങ്ങളിലെ പോസിറ്റീവ്‌ അളവുകളുടെ ആകെത്തുകയേക്കാള്‍ കുറഞ്ഞതല്ല, കൂടിയതാണു്! പ്രപഞ്ചത്തിന്റെ local reality interpretation അടിസ്ഥാനപ്പെടുത്തി ആരംഭിച്ച പരീക്ഷണം, അവസാനം Bell's inequality-യെ violate ചെയ്യുന്നു എന്നാണതിനര്‍ത്ഥം! അതുവഴി, ഐന്‍സ്റ്റെന്റെ നിലപാടായിരുന്ന 'local reality interpretation' അസാധുവാകുന്നു, അഥവാ, ക്വാണ്ടം മെക്കാനിക്സ്‌ അടിസ്ഥാനമാക്കുന്ന Copenhagen Interpretation-നും അതിന്റെ വെളിച്ചത്തിലെ nonlocality principle-ഉം ശരിയാണെന്നു് സ്ഥാപിക്കപ്പെടുന്നു.

ബെല്‍ സങ്കല്‍പിച്ചതുപോലെ, 1976-ല്‍ ഒരു പരീക്ഷണം പ്രോട്ടോണുകള്‍തന്നെ ഉപയോഗിച്ചു് നടത്തപ്പെട്ടു. എനര്‍ജി കുറഞ്ഞ പ്രോട്ടോണുകള്‍ ഉപയോഗിച്ചു് ഹൈഡ്രജന്‍ ആറ്റങ്ങളുള്ള ഒരു ടാര്‍ജെറ്റിനെ ബൊംബാര്‍ഡ്‌ ചെയ്യുമ്പോള്‍, (ഒരു പ്രോട്ടോണ്‍ തന്നെയായ!) ഹൈഡ്രജന്‍ ന്യൂക്ലിയസുമായി പരസ്പരപ്രവര്‍ത്തനം സംഭവിച്ചു് പ്രോട്ടോണ്‍ ജോഡികള്‍ രൂപമെടുക്കുന്നു. അവയുടെ സ്പിന്‍ ഘടകങ്ങള്‍ അളക്കപ്പെടുന്നു. അങ്ങേയറ്റം ദുഷ്കരമാണു് ഈ അളവുകള്‍ എങ്കിലും അതുവഴി Bell's inequality violate ചെയ്യുന്നതായി തെളിയിക്കപ്പെട്ടു. ഫോട്ടോണുകളുടെ polarisation ഉപയോഗിച്ചു് നടത്തിയ പരീക്ഷണങ്ങളില്‍ അധികപങ്കും nonlocality-യെ ശരിവയ്ക്കുന്നതായിരുന്നു. അതുവരെ നടത്തിയ പരീക്ഷണങ്ങളിലെ പരിമിതികള്‍ പരമാവധി ഒഴിവാക്കി രൂപീകരിച്ച ഒരു പരീക്ഷണമായിരുന്നു Alain Aspect-ഉം സഹപ്രവര്‍ത്തകരും നടത്തിയതു്. പ്രകാശത്തെ പോളറൈസ്‌ ചെയ്യാന്‍ കഴിയുന്ന രണ്ടു് ഫില്‍റ്ററുകളിലേക്കു് ഫോട്ടോണുകളെ ഭീമമായ വേഗതയില്‍ (ഒരു സെക്കന്റിന്റെ പത്തുകോടിയില്‍ ഒരംശം എന്ന സമയനിരക്കില്‍!) തിരിച്ചുവിടാന്‍ കഴിയുന്ന ഒരു സ്വിച്ച്‌ വഴി ഡിറ്റക്റ്ററില്‍ എത്തിക്കുകയായിരുന്നു അവര്‍. ഫോട്ടോണിനു് രൂപമെടുക്കുന്ന ആറ്റത്തില്‍നിന്നും ഡിറ്റക്റ്ററില്‍ എത്താന്‍ 20 നാനോസെക്കന്റുകള്‍ വേണമായിരുന്നു എന്നതിനാല്‍, പരീക്ഷണം വഴി നടത്തുന്ന അളവുകളെ ഏതെങ്കിലും ഒരു ഇന്‍ഫര്‍മേഷനു് ഉപകരണത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തു് എത്തി സ്വാധീനിക്കുവാന്‍ പ്രകാശത്തിന്റേതിലും കൂടിയ വേഗതയില്‍ സഞ്ചരിച്ചാലല്ലാതെ കഴിയുമായിരുന്നില്ല. ഈ പരീക്ഷണം വഴിയും Bell's inequality violate ചെയ്യപ്പെടുകയും, ക്വാണ്ടം മെക്കാനിക്സിലെ മൗലികതത്വങ്ങള്‍ ശരിയാണെന്ന വസ്തുത തെളിയിക്കപ്പെടുകയുമായിരുന്നു.

John Wheeler ആവിഷ്കരിച്ച Wheeler's delayed choice experiment ഈ വഴിയിലെ മറ്റൊരു നാഴികക്കല്ലാണു് എന്നതിനാല്‍ അതുകൂടി ഇവിടെ സൂചിപ്പിക്കുന്നു. double slit experiment-ല്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടു് 'ഫോട്ടോണ്‍ വീക്ഷണത്തിനു്' സമയതാമസം വരുത്താനുതകുന്ന ഒരു ചിന്താപരീക്ഷണമാണു് അതു്. ഒരു സാധാരണ double slit experiment-ല്‍, ഫോട്ടോണ്‍ സ്ലിറ്റുകള്‍ കടന്നശേഷം ഡിറ്റക്ടര്‍ സ്ക്രീന്‍ മാറ്റപ്പെടുകയും, അതിനു് പിന്നില്‍ ക്രമീകരിച്ചിരിക്കുന്ന ടെലസ്കോപ്പുകളിലേക്കു് ഫോട്ടോണ്‍ തിരിച്ചുവിടപ്പെടുകയും ചെയ്യുന്നതാണു് ഈ പരീക്ഷണത്തിന്റെ കാതല്‍. അതുവഴി ഫോട്ടോണ്‍ വീക്ഷിക്കപ്പെടുന്നതു് double slit കടന്നതിനുശേഷമാണെന്നതിനാല്‍, ഈ arrangement വഴി നേടാന്‍ കഴിയുന്നതു്, കണിക പോകുന്ന വഴിയോ, അതോ അതിന്റെ 'തന്നില്‍ത്തന്നെയുള്ള' ഇന്റര്‍ഫറന്‍സോ അളക്കേണ്ടതു് എന്ന 'തീരുമാനം' പരീക്ഷകനു് 'താമസിച്ചു്' എടുക്കാനാവുമെന്നതാണു്. delayed choice experiment എന്ന പേരും അതുകൊണ്ടുതന്നെ! ഭൂതകാലത്തിലെ ഒരു കാര്യത്തെസംബന്ധിച്ചു് പിന്‍വലിക്കാനാവാത്തൊരു സ്വാധീനം നമ്മള്‍ ഇപ്പോള്‍ എടുക്കുന്ന ഒരു തീരുമാനത്തിനുണ്ടു് എന്ന വിചിത്രമായൊരര്‍ത്ഥവും ഈ പരീക്ഷണത്തിനുണ്ടു്. ചുരുങ്ങിയതു്, ഒരു ഫോട്ടോണിന്റെ 'ചരിത്രത്തെ' സംബന്ധിച്ചെങ്കിലും, ഈ അര്‍ത്ഥം ശരിയാണു്. 'എങ്ങനെ' അതിനെ അളക്കണം എന്നു് നമ്മള്‍ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു് അളക്കപ്പെടുന്ന ഫോട്ടോണിന്റെ 'ഭൂതകാലം' നിശ്ചയിക്കപ്പെടുന്നതു്! ഒരു ഫോട്ടോണ്‍ അന്തിമമായി തരംഗമോ കണികയോ എന്നതു് നമ്മുടെ 'വീക്ഷണം' എന്ന പ്രക്രിയയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നു് സാരം.

ചുരുക്കത്തില്‍. ക്വാണ്ടം ലോകം വളരെ വിചിത്രമായ ഒരു ലോകമാണു്. അനുഭവവേദ്യമായ നമ്മുടെ ലോകത്തിലെ നിയമങ്ങളും നിര്‍വചനങ്ങളും അവിടെ അര്‍ത്ഥശൂന്യമാവുന്നു. വീക്ഷകര്‍ ഇല്ലാത്തിടത്തോളം, ക്വാണ്ടം ലോകം എന്നതു്, സാദ്ധ്യതകളുടെ വര്‍ണ്ണനപോലെ, ഭാവനയില്‍ നിലനില്‍ക്കുന്ന വരക്കപ്പെടാത്ത ഒരു ചിത്രം പോലെ അമൂര്‍ത്തമായ ഒരവസ്ഥ മാത്രം! അളവിന്റെ, അഥവാ വീക്ഷണത്തിന്റെ നിമിഷത്തില്‍ വ്യക്തമായ രൂപം കൈക്കൊള്ളുന്ന, അതുവരെ യാദൃച്ഛികതയാല്‍ ഭരിക്കപ്പെടുന്ന അനിശ്ചിതത്വത്തിന്റെ ലോകം! വരയ്ക്കുമ്പോള്‍ മാത്രമേ ഭാവനയിലെ ചിത്രവും യാഥാര്‍ത്ഥ്യമാവുന്നുള്ളു! അതുപോലെതന്നെ, വേണ്ടത്ര എനര്‍ജി ഉള്ള ഒരു ഫോട്ടോണ്‍, എനര്‍ജി കുറഞ്ഞ രണ്ടു് ഫോട്ടോണുകളായി വേര്‍പിരിയുമ്പോള്‍, അവ പരസ്പരം entangled ആയ അവസ്ഥ സ്വീകരിക്കും. അവ ഓരോന്നും വ്യത്യസ്തവും സാദ്ധ്യവുമായ രണ്ടു് സ്പിന്‍ അവസ്ഥകളില്‍ വിപരീതമായവ സ്വീകരിക്കുന്നു. അളവുകള്‍ വഴി അതിലൊന്നിന്റെ അവസ്ഥ മാറ്റിയാല്‍, അതേസമയംതന്നെ, നൈമിഷികമായി, രണ്ടാമത്തേതിന്റെ അവസ്ഥയും സ്വയംകൃതമായി മാറുന്നു! ആദ്യത്തേതിന്റെ അവസ്ഥയില്‍ മാറ്റം സംഭവിച്ചു എന്നു് ദൂരെ ആയിരുന്നിട്ടും രണ്ടാമത്തേതു് എങ്ങനെ അറിയുന്നു? അവ പരസ്പരം കമ്മ്യൂണിക്കേറ്റ്‌ ചെയ്യുന്നുണ്ടോ? നമുക്കറിയില്ല. കാരണം, ആ വിഷയത്തില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളു. പക്ഷേ, ഈ പ്രത്യേകത ഉപയോഗപ്പെടുത്തി പുതിയതരം കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കാനും, ഇന്‍ഫര്‍മേഷന്‍ സുരക്ഷിതമായി കൈമാറുവാനും നമുക്കു് ഇപ്പോള്‍തന്നെ, ആരംഭദശയിലാണെങ്കിലും, കഴിയുന്നുമുണ്ടു്! ഇതുവരെയുള്ള സാധാരണ കമ്പ്യൂട്ടറുകളില്‍നിന്നും വിഭിന്നമായി, ഒരു 'ബിറ്റ്‌' ഇന്‍ഫര്‍മേഷനു് വെറും ഒരു കണിക മാത്രം മതിയെന്നതിന്റെ വെളിച്ചത്തില്‍, എത്ര വിപ്ലവകരമായ സാദ്ധ്യതകളാണു് അതുവഴി വേഗതയുടെയും, കപ്പാസിറ്റിയുടെയും ഒക്കെ കാര്യത്തില്‍ തുറക്കപ്പെടുന്നതെന്നു് മനസ്സിലാക്കാവുന്നതേയുള്ളു!

ദൈവശാസ്ത്രജ്ഞരോടു് ഒരപേക്ഷ:

സകല ലോകരഹസ്യങ്ങളും തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പണ്ടേ രേഖപ്പെടുത്തിയിട്ടുണ്ടു് എന്നു് വായിട്ടലയ്ക്കുന്ന മത'ശാസ്ത്ര'പണ്ഡിതര്‍, ഇതുവരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇത്തരം പ്രപഞ്ചരഹസ്യങ്ങള്‍ അവരുടെ കിത്താബുകളിലെ ഏതേതു് സൂക്തങ്ങളിലൂടെയാണു് ദൈവം വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നതെന്നു് ശാസ്ത്രജ്ഞരെ ഒന്നു് വായിച്ചുകേള്‍പ്പിക്കാനുള്ള ദയ കാണിച്ചിരുന്നെങ്കില്‍, ശാസ്ത്രജ്ഞര്‍ മാത്രമല്ല, ഈ ലോകത്തിലെ ബോധമുള്ള മുഴുവന്‍ മനുഷ്യരും അത്തരം പണ്ഡിതരോടു് അങ്ങേയറ്റം നന്ദിയും കടപ്പാടും ഉള്ളവരായിരുന്നേനെ! അതു് അവരുടെ മതത്തിനും ഗുണമല്ലാതെ ദോഷമൊന്നും ചെയ്യുകയുമില്ല! ആയിരത്തഞ്ഞൂറും രണ്ടായിരവും അതില്‍ കൂടുതലുമൊക്കെ വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ (ഇതിനോടകം വളരെ പഴകിക്കഴിഞ്ഞ!) മുഴുവന്‍ ശാസ്ത്രസത്യങ്ങളും ദൈവം വെളിപ്പെടുത്തിയിരുന്നു എന്നു് വീരവാദം മുഴക്കുന്നതില്‍ അത്ര വലിയ ആണത്തമോ, തന്റേടമോ ഒന്നുമില്ല. യോഗ്യതയും, ദൈവത്തിന്റെ സര്‍വ്വശക്തിയില്‍ വിശ്വാസവുമുണ്ടെങ്കില്‍, ഇന്നു് ശാസ്ത്രജ്ഞര്‍ വിശ്രമമില്ലാതെ തേടുന്ന മറുപടികള്‍ വിശുദ്ധഗ്രന്ഥങ്ങളില്‍ നിന്നും ചൂണ്ടിക്കാണിക്കുകയാണു് ചെയ്യേണ്ടതു്! അങ്ങനെ ചെയ്താല്‍, നാളെ ആ മറുപടികള്‍ ശാസ്ത്രജ്ഞര്‍ സ്വയം കണ്ടെത്തിക്കഴിയുമ്പോള്‍, പതിയെ മുട്ടില്‍ നിന്നും എഴുന്നേറ്റു്, ചമ്മല്‍ പുറത്തുകാണിക്കാതെ, "അതു് ഞങ്ങടെ കിത്താബിലും ഉണ്ടായിരുന്നു" എന്നു് പറയേണ്ട ഗതികേടെങ്കിലും ഒഴിവാക്കാം!

16 comments:

യാരിദ്‌|~|Yarid September 8, 2008 at 7:00 PM  

അമ്മച്ചിയാണെ മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോ വട്ടായതു പോലെ തോന്നി. ആദ്യവട്ടം വായനയില്‍ ഇത്രയും ഗ്രാവിറ്റിയുള്ള ഒരു ആര്‍ട്ടിക്കിള്‍ വായിച്ച് മനസ്സിലാകാനുള്ള ആമ്പിയര്‍ ഒന്നും ആയില്ല. ഒരു നാലഞ്ചു തവണ വായിക്കണം ഇതൊക്കെ നേരെ ചൊവ്വെ ഒന്നു മനസ്സിലാക്കിയെടുക്കാനായിട്ട്. ലേഖനം അടിപൊളിയായിട്ടുണ്ട്...!

ഭൂമിപുത്രി September 8, 2008 at 7:38 PM  

യാരിദേ,ഞാനും ഇവിടെവന്നിട്ട് പോകാറുള്ളതു ഒരു
വട്ട് അവസ്ഥേലാൺ :)
ബാബൂ,ഒരു വായന കഴിഞ്ഞു,നാളെ വന്ന് സമാധാനമായി ഒന്നുകൂടി പഠിയ്ക്കണം.
വിശദമായ എഴുത്തിന് പ്രത്യേക നന്ദി.

അജ്ഞാതന്‍ September 8, 2008 at 7:51 PM  

ബാബുമാഷെ, കുറച്ചു ചുരുക്കി എഴുതിയാല്‍ വായിക്കാന്‍ കുറേ കൂടി എളുപ്പമാകുമായിരുന്നു

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

പാമരന്‍ September 9, 2008 at 1:47 AM  

ഇദാ ഞാമ്പറഞ്ഞേ മ്മക്ക്‌ ദൈവശാസ്ത്രം മതിയെന്ന്‌. അതാണെങ്കില്‌ ഈ പാവം ഫോട്ടോണിനെപ്പിടിച്ച്‌ ഈ കസര്‍ത്തൊക്കെ കാണിക്കേണ്ട വല്ല ആവശ്യവുമുണ്ടാരുന്നോ?

പ്രിയ ഉണ്ണികൃഷ്ണന്‍ September 9, 2008 at 5:06 AM  

വട്ടു പിടീച്ചവരൊക്കെ പോയോ? യ്ക്ക് പേട്യാ വട്ടന്മാരെ :)

ആദ്യഭാഗത്ത് പറഞ്ഞ ഖരഹരപ്രിയ ... ഹും മനപ്പൂര്‍വ്വാ ല്ലെ

പിന്നെ, വേദഗ്രന്ധങ്ങളോട് എല്ലാം തെളിയിക്കണമെന്നുള്ളത്: അതിനവ മുഴുവന്‍ മനസ്സിലാക്കിയിട്ടീല്ലല്ലോ ഒരുമനുഷ്യനൂം.മനുഷ്യന് കണ്ടുപിടിയ്ക്കാന്‍ പറ്റാത്തതായി ഇനിയുമെത്ര കിടക്കുന്ന പ്രപഞ്ചത്തില്‍.
ശാസ്ത്രം പോലും പകച്ചു നില്‍ക്കാറില്ലെ പലപ്പോഴും?

അപ്രാപ്യമായൊരു ശക്തിയുണ്ട് എന്നതിന്റെ തെളിവു തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയേയും മനുഷ്യസൃഷ്ടിയേയും കുറിച്ചുള്ള യഥാര്‍ത്ഥ തെളിവില്ലായ്മകള്‍

യ്ക്കും വട്ടായോ???

സി. കെ. ബാബു September 9, 2008 at 9:38 AM  

യാരിദ്,
വട്ടാപ്പീസിലേക്കു് സ്വാഗതം. :)

Ampere കൂട്ടാന്‍ Impedance കുറയ്ക്കാം, അല്ലെങ്കില്‍ Voltage കൂട്ടാം. രണ്ടു് മാറ്റങ്ങളും ഒരേസമയവും ആവാം. ഏതു് പ്രശ്നവും‍ പരിഹരിക്കപ്പെടാനാണു് ആഗ്രഹിക്കുന്നതെന്നു് മറക്കണ്ട. :)

ഭൂമിപുത്രി,
പരിക്കുകള്‍ക്കു് അവനവന്‍ ഉത്തരവാദി! :)

വായനക്കു് നന്ദി.

അജ്ഞാതന്‍,
പത്തിരി ആയാലും ചുടുന്നതു് മുഴുവനെ ആവണം. തിന്നുന്നതു് മുറിച്ചുമാവാം! :)

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍ സൂചിപ്പിച്ചതിനു് നന്ദി. ആശംസകളോടെ,

പാമരന്‍,
മ്മടെ ദൈവശാസ്ത്രപണ്ഡിതര്‍ ഇല്ലായിരുന്നെങ്കില്‍!!ഹോ! ചിന്തിക്കാന്‍ പോലും വയ്യ!!! :)

പ്രിയ,
വലത്തുനിന്നും ഇടത്തോട്ടെഴുതുക, തന്റെ പുതിയ കണ്ടുപിടുത്തങ്ങളുടെ സ്കെച്ചുകളില്‍ മനഃപൂര്‍വ്വം തെറ്റുകള്‍ തിരുകിക്കയറ്റുക മുതലായവ Leonardo da Vinci-യുടെ ഹോബികളായിരുന്നല്ലോ. അതുപോലെ ഞാനും ലേഖനങ്ങളില്‍ ഒരുപാടു് രഹസ്യങ്ങള്‍ കോഡുകളായി ഒളിച്ചുവച്ചിട്ടുണ്ടു്. :)

വേദങ്ങള്‍ മുഴുവനായി ഒരു മനുഷ്യനും ഇതുവരെ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അറിയുന്നവയുടെ വിപരീതം അറിയാത്തവയില്‍ ഉണ്ടോ എന്നു് അറിയാനാവുമോ? അറിയാത്തവയെപ്പറ്റി പറയാതിരിക്കുക, അല്ലെങ്കില്‍ അറിയില്ലെന്നു് പറയുക. അതല്ലേ യഥാര്‍ത്ഥപണ്ഡിതര്‍ ചെയ്യേണ്ടതു്? അതോ ശാസ്ത്രം പറയുന്നതും അതിലപ്പുറവും ഞങ്ങടെ ഓലക്കെട്ടില്‍ ഉണ്ടു് എന്നു് വീമ്പിളക്കുകയോ? എല്ലാ മറുപടികളും അവയില്‍ ഉണ്ടെങ്കില്‍‍, അവ കണ്ടുപിടിച്ചു് ശാസ്ത്രജ്ഞര്‍ ഇന്നു് തലപുകയ്ക്കുന്ന പ്രശ്നങ്ങളുടെ മറുപടികള്‍ ചൂണ്ടിക്കാണിക്കുന്നതല്ലേ യോഗ്യത? “ദൈവികമായ‍” വേദങ്ങള്‍ക്കു് അതിനു് കഴിയുന്നില്ലെങ്കില്‍ അതെങ്ങനെ ദൈവികമാവും? ശാസ്ത്രം കണ്ടുപിടിച്ച കാര്യങ്ങള്‍ (കണ്ടുപിടിച്ചു് കഴിയുമ്പോള്‍!) വേദവാക്യങ്ങളെ അരിച്ചും കൊഴിച്ചും വ്യഖ്യാനബലാത്സംഗം ചെയ്തു് അവയും വേദങ്ങളിലുണ്ടു് എന്നു് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു് ഭോഷത്തമല്ലേ? ശാസ്ത്രം തേടുന്ന ഉത്തരങ്ങള്‍ കാണിച്ചുകൊടുക്കാന്‍ എന്തുകൊണ്ടു് അവയ്ക്കു് കഴിയുന്നില്ല? “ദൈവം” എന്ന സര്‍വ്വചോദ്യസംഹാരി അല്ല ഞാന്‍ ഉദ്ദേശിക്കുന്നതു്. അതുപോലൊരു ഉത്തരം ഏതു് ഉപ്പായിമാപ്ലക്കും തരാനാവും! ശാസ്ത്രത്തിനു് അത്തരം ഒരു മറുപടി കൊണ്ടു് ഒരു പ്രയോജനവുമില്ല. അതു് ഭക്തര്‍ക്കു് നേര്‍ച്ചയ്ക്കും വഴിപാടിനുമൊക്കെ ഉപകരിച്ചേക്കാം!

അപ്രാപ്യമായ ഒന്നിനെ പ്രാപിക്കാനാവുമോ? അപ്രാപ്യമായതിന്റെ പേരു് “ദൈവം” എന്നാണെങ്കില്‍ പോലും?

മറ്റൊരിക്കല്‍ പറഞ്ഞപോലെ, ഒരിത്തിരി വട്ടു് ഒരു രസമാണു്. “ഒട്ടും രസമില്ലെങ്കില്‍ ആരും ശവമടക്കിനു് വരില്ല.” - ഒരു പഴമൊഴി. :)

സൂരജ് :: suraj September 11, 2008 at 7:45 AM  

സന്തോഷമായി ഗോപിയേട്ടാ... സന്തോഷമായി (ഷീല നസീറിനോട് പറയുന്ന ആ ചേലില്‍)

സായിപ്പിന്റെ വായില്‍ മാത്രം നോക്കിയിരിക്കാതെ ഇടയ്ക്കിടെ ഒന്നു മാറി നോക്കാമെന്ന് വച്ചപ്പോ ഒരു രക്ഷേമില്ല - ലാപ് ടോപ്പ് സായിപ്പിന്റെ, അടിക്കണ കോഡ് സായിപ്പിന്റെ, ഇന്റര്‍ നെറ്റ് സായിപ്പിന്റെ, മൊബൈല്‍ സായിപ്പിന്റെ, വെബ് സൈറ്റുകള്‍ സായിപ്പിന്റെ ഫോണ്ടുകളു സായിപ്പിന്റെ, പേപ്പറുകളു സായിപ്പിന്റെ പൊത്തകങ്ങളു സായിപ്പിന്റെ ; തേയ്ക്കണ പേസ്റ്റും അപ്പിയിടണ കക്കൂസും ഇട്ടിരിക്കണ ജട്ടിയും വരെ കണ്ടുപിടിച്ചത് സായിപ്പ്. ഒരു 'ലുല്ലബി' കേട്ട് ഉറങ്ങാമെന്ന് വച്ചപ്പോ എം പീ ത്രി പ്ലേയറ് സായിപ്പിന്റെ.ഇയര്‍ഫോണും സ്പീക്കറും വയറും...സകല സുനാപ്പികളും... നാലു നക്ഷത്രം കണ്ട് നേരം കളയാമെന്ന് വച്ച് പെരേടെ മണ്ടയ്ക്ക് കേറിയപ്പം രണ്ട് എലിക്കോപ്റ്ററും മൂന്ന് ബോയിങ്ങും... പുല്ല്, അതു പിന്ന പറയണ്ടല്ല്... മുഖം കഴുകാന്‍ ടാപ്പ് തിരിച്ചപ്പോ, ദാ പൈപ്പും സായിപ്പിന്റെ, വെള്ളം ക്ലോറിനേറ്റണ ടെക്നിക്കും സായിപ്പിന്റെ ... ഈ മക്കുണമ്മാരട ഒടുക്കത്ത കണ്ടുപിടിത്തങ്ങളൊന്നുമില്ലാത്ത ഒരിടം ഹിമാലയത്തിന്റെ ഉച്ചിയിലോ റായ്പ്പൂരെ മരുഭൂമിയിലോ കാണുമെന്ന് സമാധാനിക്കാം.

അവസാനം ഒരാശ്വാസത്തിനു ആണവകണികകളുലു ആത്മാനുരാഗുലു.... ഒന്ന് ശുനകരാഗത്തില്‍ ആലപിച്ചു...അവസാനിപ്പിച്ചു.


ഒരു ഡൗട്ട് (ചൗട്ടല്ല്..):
ക്വാണ്ടം കമ്പ്യൂട്ടിംഗിനു ഉപാണുകണങ്ങളെ എന്റാംഗിള്‍ഡ് അവസ്ഥയില്‍ അല്പനേരമെങ്കിലും environmental interferenceല്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തണമല്ലോ. അത്തരമൊരു 'ഇന്‍സുലേയ്ഷന്‍' വിജയകരമായി നടപ്പിലാക്കിയ ഗവേഷണങ്ങള്‍ ഉണ്ടോ ? (തലച്ചോറിലെ മൈക്രോ ട്യുബ്യൂളുകളില്‍ ഇതിനൊരു സ്കോപ്പുണ്ടെന്ന് ഹാമറോഫ് അങ്കിള്‍ . എന്നാപ്പിന്നെ അതൊന്നു നോക്കിയിട്ട് കാര്യമെന്ന് പെന്‍ റോസ് അപ്പൂപ്പന്‍ . ഇതെല്ലാം കൂടി എപ്പോ ഗവേഷിച്ച് തീരുവോ..ന്റെ പോത്തുങ്കാലപ്പനേ.. )

ഒരു ആത്മ സംതൃപ്തിക്കായ്........ September 11, 2008 at 10:50 AM  

ഓണക്കാഴ്ച്ചയായ് കൂടി ഞാന്‍ ഈ പോസ്റ്റ് കാണുന്നു! നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

സി. കെ. ബാബു September 11, 2008 at 1:40 PM  

സൂരജ്,

“സായിപ്പിന്റെ എച്ചില്‍” കൈപോലും കഴുകാതെ വയറുനിറയെ വാരിത്തിന്നിട്ടു് "അയ്യോ എന്റെ കൈ വിടക്കായേ" എന്നു് “ആഢ്യതിക്കാന്‍‍” ചില്ലറ തൊലിക്കട്ടി മതിയാവില്ല. ബ്ലോഗിലെ പല ചര്‍ച്ചകളും കാണുമ്പോള്‍, 8x2 പലകയില്‍നിന്നും കീറാതെയും മുറിക്കാതെയും 4x4 പലക ഉണ്ടാക്കുന്നതാണു് കൂടുതല്‍ എളുപ്പം എന്നു് തോന്നാറുണ്ടു്. ചുമ്മാതെ കുത്തിയിരുന്നു് “ചര്‍ച്ചിക്കാന്‍” സമയത്തിന്റെ ഒരു കുറവു് ഏതായാലും ഭാരതീയനില്ലല്ലോ! ജോലി ചെയ്യാന്‍ മാത്രമല്ലേ സമയമില്ലായ്മ - എല്ലാവരും അങ്ങനെ ആണെന്നല്ല! ചര്‍ച്ചിക്കട്ടെ! ചര്‍ച്ചിച്ചു് ചര്‍ച്ചിച്ചു് എല്ലാം ചത്തു് മോക്ഷം പ്രാപിക്കട്ടെ! :)

വിയന്നയില്‍ (മാത്രമല്ല!) quantum entanglement-നെ സംബന്ധിച്ചു് നടക്കുന്ന ചില പരീക്ഷണങ്ങള്‍ പ്രതീക്ഷയ്ക്കു് വക നല്‍കുന്നുണ്ടു്. ഉദാഹരണത്തിനു് ടെലസ്കോപ്പിന്റെ സഹായത്തോടെ entangled ഫോട്ടോണുകള്‍ തമ്മിലുള്ള ദൂരം വര്‍ദ്ധിപ്പിച്ചുകൊണ്ടു് നടത്തുന്ന പരീക്ഷണങ്ങള്‍ quantum cryptography-യിലും, quantum computing-ലുമൊക്കെ പുരോഗതിയുടെ സൂചന നല്‍കുന്നവയാണു്. Temperature absolute zero-യോടു് മിക്കവാറും അടുത്തെത്തുന്ന അവസ്ഥയിലെ Bose-Einstein Condensate-നെ സംബന്ധിച്ചുമൊക്കെയുള്ള പഠനങ്ങള്‍ നിരാശക്കു് വക നല്‍കുന്നവയല്ല. ചുരുങ്ങിയപക്ഷം ശാസ്ത്രജ്ഞര്‍ എങ്കിലും ധ്യാനവും ദൈവസംബന്ധമായ വലിയ വലിയ ചര്‍ച്ചകളുമായി “വലിയേട്ടന്മാര്‍” ചമഞ്ഞു് സമയം കളയാതെ കാര്യമാത്രപ്രസക്തമായി ജോലിചെയ്യുന്നതു് ഒരു നല്ല കാര്യമാണു്. മനുഷ്യനു് ഈ ഭൂമിയില്‍ അതുവഴി എന്തെങ്കിലുമൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുമല്ലോ!

മുഹമ്മദ് സഗീര്‍,
ബ്ലോഗ് സന്ദര്‍ശിച്ചതിനു് നന്ദി. സഗീറിനും കുടുംബത്തിനും ഓണാശംസകള്‍!

ചിത്രകാരന്‍chithrakaran October 5, 2008 at 8:18 AM  

ഇതൊരു ഗംഭീര ലേഖനമാണല്ലോ ബാബു !!!!
തുടക്കത്തില്‍ പരിഹാസത്തിന്റെ നൂഡില്‍‌സുകൊണ്ടു പണിത പത്തല്‍ വേലി കടന്ന് അകത്തെത്തിയപ്പോഴാണ് നില്‍ക്കുന്നത് ആറ്റത്തിന്റെ അടുക്കളയിലാണെന്നു മനസ്സിലായത്. മെയ് ഫ്ലവറിനെപ്പോലെ പൊട്ടിവിടരുന്ന ആറ്റം ഘടകങ്ങളുടെ വെടിക്കെട്ടുതീര്‍ത്ത നിലാവില്‍ അളക്കാനാകാത്ത ഘടകബന്ധങ്ങളുടെ സംങ്കീര്‍ണ്ണതയില്‍ മിഴിച്ചുനില്‍ക്കേ എന്തൊക്കെയോ കുറച്ചു മനസ്സിലായി. നിലവിലുള്ള അറിവിന്റെ മനക്കണക്കിനപ്പുറം സൂക്ഷ്മമായ പ്രപഞ്ചത്തിന്റെ ചക്രവാളത്തിലേക്കുകൂടി മനസ്സിന്റെ വിസ്താരം വികസിപ്പിക്കണമെന്ന് ബോധ്യമായി !
ഹഹഹഹ........
എന്തെങ്കിലും മനസ്സിലായോ ?
നമുക്ക് അന്യമായ അറിവുകള്‍ മനസ്സിലാക്കാന്‍ നമ്മുടെ മനസ്സ് ആദ്യം വികസ്സിക്കേണ്ടിയിരിക്കുന്നു.വികാസം പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ കീറിപ്പോകുന്ന മനസ്സിന്റെ വായ് വട്ടം വലുതാക്കാനുതകുന്ന ചില്ലറ സഹായങ്ങള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ഈ മഹനീയമായ അറിവുകള്‍ എളുപ്പത്തില്‍ അകത്താക്കാമായിരുന്നു.
വിശ്വാസികളോടുള്ള ആ പരിഹാസം ഈ പ്രൌഡമായ ലേഖനത്തില്‍ നിന്നും ഒഴിവാക്കാമായിരുന്നു.
ദുരഭിമാനികളും,പൊങ്ങച്ചക്കാരും,വിഢികളും,അടിമ മനസ്സിന്റെ ഉടമകളുമായ ഹിന്ദു-മുസ്ലീം മതവിശ്വാസികളെ ഈ ശാസ്ത്ര സത്യങ്ങളൊന്നും പറഞ്ഞ് ഉണര്‍ത്താനാകില്ല. (മൃഗങ്ങള്‍!)

അപ്പിക്കുട്ടി October 5, 2008 at 9:17 AM  

എന്റള്ളോ ഇബിലീസുകളുടെ ലോകം.
കാപ്പാത്തുങ്കോ കടവുളേ.
ഇത്‌ വായിച്ചു മനസ്സിലാക്കിയാൽ സ്വർഗ്ഗത്തിലെ ഹൂറി പെണ്ണുങ്ങളെ കിട്ടോ ങിക്ക്ക്ക്‌????

മാരീചന്‍ October 5, 2008 at 11:17 AM  

ചര്‍ച്ച വായിക്കാന്‍ കമന്റ് ട്രാക്കു ചെയ്യുന്നു. മറ്റ് അഭിപ്രായപ്രകടനങ്ങള്‍ക്ക് അശക്തന്‍. രണ്ടു തവണയെങ്കിലും വായിക്കേണ്ടി വരും. എന്തെങ്കിലും എഴുതാന്‍..

സി. കെ. ബാബു October 5, 2008 at 11:44 AM  

ചിത്രകാരന്‍,
വിശദമായ അഭിപ്രായത്തിനു് നന്ദി.

മാരീചന്‍,
വായനക്കു് നന്ദി.

അപ്പിക്കുട്ടി‍,
അറബിഭാഷയിലെ ഹൂറിയില്‍‍ നിന്നും രൂപാന്തരം പ്രാപിച്ചതാണോ എന്നറിയില്ല, ജര്‍മ്മന്‍ഭാഷയില്‍ “ഹൂറെ” (Hure) എന്നു് പറഞ്ഞാല്‍ “വേശ്യ” എന്നാണര്‍ത്ഥം. ഇതു് പരമ രഹസ്യമാണു്. അതിനാല്‍ ആരോടും പറയരുതു്. (ഇംഗ്ലീഷിലും whore എന്നുണ്ടല്ലോ!) :)

അലക്കൊഴിഞ്ഞിട്ടു് കാശിക്കു് പോകാന്‍ നേരമില്ല എന്നു് പറഞ്ഞതുപോലെ ഒന്നു്‌ ചത്തു് കഴിഞ്ഞിട്ടു് വേണ്ടേ സ്വര്‍ഗ്ഗത്തില്‍ എത്താന്‍? അതുകൊണ്ടു് ചാവുന്നതുവരെ സ്വര്‍ഗ്ഗത്തിലെ ഹൂറികളെക്കാള്‍ ഭൂമിയിലെ സാദാ പെണ്ണുങ്ങളാണു് എന്തുകൊണ്ടും ഭേദം! പോരാത്തതിനു്, കൊച്ചിയില്‍ ചെന്നു്‌ കോഴി പിടിക്കാന്‍ കോതമംഗലം മുതലേ പതുങ്ങിപ്പതുങ്ങി പോകേണ്ട കാര്യവുമില്ലല്ലോ :)

ആശംസകളോടെ,

ഞാന്‍ October 5, 2008 at 4:10 PM  

ഞാന്‍ മതവിശ്വാസിയാകുവാന്‍ പോവുകയാ... അതാവുമ്പോ ഒട്ടും ചിന്തിക്കാതെ തന്നെ എല്ലാം വിഴുങ്ങാമല്ലോ. ഇതിപ്പോ വായിച്ച് വായിച്ച് തലയെല്ലാം പെരുക്കുന്നു. സമാധാനമായിരിക്കുന്ന ഒരവസ്ഥയില്‍ വീണ്ടും വന്ന് വായിച്ച് ശീരിയസ്സായി കമന്റുന്നതായിരിക്കും... :)

സി. കെ. ബാബു October 6, 2008 at 10:27 AM  

ഞാന്‍,
സകല പ്രശ്നങ്ങളും ഒരു ഏലസ്സില്‍ തീരണം. തല പുണ്ണാക്കാന്‍ വയ്യ. അതാണു് പൊതുവെ മനുഷ്യര്‍. ഭാഗ്യം (ഏലസ്സു്) വില്‍ക്കുന്നവര്‍ക്കു് അതുവഴി നല്ല കാലം. ഏലസ്സു് കെട്ടാന്‍ അറിയാന്‍ പാടില്ലാത്തവര്‍ ചെറുപ്പക്കാരികളാണെങ്കില്‍ സ്വാമിമാര്‍ നേരിട്ടു് അവരുടെ അരയില്‍ കെട്ടിക്കൊടുക്കുക പോലും ചെയ്യും. ഭാഗ്യസിദ്ധിക്കു് പിന്നെന്തു് വേണം? പോരാത്തതിനു് അത്ഭുതങ്ങളുടെ കാര്യത്തില്‍ യാതൊരു സംശയത്തിനോ ചോദ്യത്തിനോ പ്രസക്തിയില്ലാത്തവിധം ഒരു “അദൃശ്യശക്തി” പ്രപഞ്ചം നിറയെ നീണ്ടു് നിവര്‍ന്നു് അങ്ങനെ കിടക്കുകയും ചെയ്യുന്നു! :)

സൂരജ് :: suraj October 6, 2008 at 3:31 PM  

ങ ങ ങ ങാ...ആരാ അവടെ ഏലസ്സിനെ പറയണത് ?! ഒന്നങ്ങട്ട് ജപിച്ചൂതിയാലൊണ്ടല്ലോ...ങ്ഹാ!

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP