Thursday, April 24, 2008

ഇതു് നരഹത്യയോ നരബലിയോ?

കേരളത്തില്‍ അനുദിനമെന്നോണം സംഭവിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അപകടമരണങ്ങളും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമ്പോള്‍ ചിന്തിച്ചുപോകുന്നു: മനുഷ്യജീവനു് ഈ സമൂഹത്തില്‍ ഇന്നു് എന്തെങ്കിലും വില കല്‍പിക്കാനാവുമോ? കോഴിപ്പോരും അങ്കംവെട്ടും കണ്ടു് കണ്‍കുളിര്‍ത്തിരുന്ന കേരളീയനു് മനസ്സിന്റെ മരവിപ്പുമൂലം മനുഷ്യരക്തം കണ്ടാലേ ഇപ്പോള്‍ തൃപ്തിയാവൂ എന്നുണ്ടോ?

എന്തു് കാരണംകൊണ്ടോ നിയന്ത്രണം വിട്ട ആനകള്‍ പാപ്പാനേയും, പലപ്പോഴും വഴിയാത്രക്കാരെപ്പോലും പരസ്യമായി കുത്തിയും ചവിട്ടിയും കൊല്ലുന്നതു് എത്രയോ വട്ടം സംഭവിച്ചിട്ടും അതിനെതിരായി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കേരളീയസമൂഹത്തിനു് കഴിയാതെ പോകുന്നതിനു് മറ്റെന്തു് നീതീകരണമാണു് നല്‍കാന്‍ കഴിയുക? രക്തത്തിലെ പട്ടയുടെ അംശം നിശ്ചയിക്കുന്നതിനേക്കാള്‍ ഞരമ്പുകളിലൂടെ ഒഴുകുന്ന പട്ടയിലെ രക്തത്തിന്റെ അംശം നിശ്ചയിക്കുന്നതാണു് ഉപകരണസാങ്കേതികപരമായി കൂടുതല്‍ എളുപ്പം എന്ന അവസ്ഥയിലെത്തിയെട്ടും ആള്‍ക്കൂട്ടത്തിനിടയിലൂടെ ആനകളെ എഴുന്നെള്ളിക്കാന്‍ പാപ്പാന്മാരും പരിവാരങ്ങളും അനുവദിക്കപ്പെടുന്നതുമൂലമാവുമോ നിരപരാധികളായ മനുഷ്യര്‍ ജീവന്‍ ബലികഴിക്കേണ്ടിവരുന്നതു്? അതോ, മൃഗമനഃശാസ്ത്രത്തിലോ മൃഗശരീരശാസ്ത്രത്തിലോ വേണ്ടത്ര അറിവോ, ആനകളുടെ സംരക്ഷണസംബന്ധമായി‍ ഉചിതമായ പരിശീലനമോ ഒന്നുമില്ലാതെ ഒരു 'തന്റേടത്തിന്റെ' പേരില്‍ 'ആനനിയന്ത്രകരായി' ചമയുന്നവരുടെ അജ്ഞതയ്ക്കു് ആനകളും നിഷ്കളങ്കരായ മനുഷ്യരും ഇരയായിത്തീരുകയാണോ?

അതെന്തായാലും, അദ്ധ്യാത്മിക-സാംസ്കാരികകേരളത്തിന്റെ സാമാന്യബോധം അതിനെതിരായി ഉറക്കെ ചിന്തിക്കേണ്ട കാലം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണെനിക്കു് തോന്നുന്നതു്. ആനകളുടെ അനുഭവജ്ഞാനാതീതമായ പരിജ്ഞാനശേഷിയെപ്പറ്റി സിമ്പോസിയം നടത്തുകയല്ല, മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ അവയെ അനുവദിക്കാതിരിക്കാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ ആരായുകയാണു് ആവശ്യം. ഒന്നുകില്‍ ഈ പ്രാകൃതനടപടി പൂര്‍ണ്ണമായും നിരോധിക്കണം, അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം, മനുഷ്യന്റെ ജീവനും സ്വത്തിനും അപകടം വരാത്ത വിധത്തില്‍ ഈ അരങ്ങേറ്റം നടത്താന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയെങ്കിലും ചെയ്യണം.

ഇണക്കിളികളിലൊന്നിനെ അമ്പെയ്തു് വീഴ്ത്തിയ കാട്ടാളത്തത്തിനുനേരെ 'മാ നിഷാദ' എന്നലറിയ ആര്‍ഷഭാരതസംസ്കാരത്തിനു് അതിനുള്ള കഴിവു് ഇല്ലാതായി എന്നു് വരുമോ?

12 comments:

മൂര്‍ത്തി April 24, 2008 at 7:48 AM  

Vayichu...prasakthamaya post..kooduthal charchakal avasyam...

ശ്രീവല്ലഭന്‍. April 24, 2008 at 9:51 PM  

വളരെ അധികം ആള്‍ക്കാര്‍ മരിക്കുന്നു.
ചര്‍ച്ചകള്‍ വേണം.

ഓ.ടോ : മാ നിഷാദാ എന്ന് പറഞ്ഞത് കാട്ടാളന്‍റെ അമ്മയ്ക്ക് വിളിച്ചതല്ലേ? :-)

മൂര്‍ത്തി April 24, 2008 at 10:02 PM  

ആന പരിപാലനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ അവസ്ഥ പരിതാപകരമാണെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്ത വിദഗ്ദരില്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിലക്ക് കാര്യങ്ങള്‍ പോകുകയാണെങ്കില്‍ അമേരിക്കയിലേതു പോലെ ദൂരെനിന്ന് ആനകളെ കാണേണ്ട അവസ്ഥയെത്തും എന്നാരോ പറയുകയുണ്ടായി. ഉത്സവങ്ങള്‍ക്ക് ആനകളുടെ എണ്ണം ഒരു അഭിമാനപ്രശ്നമായത് ആനകളുടെ കഷ്ടകാലം...നിയമങ്ങളും, നിബന്ധനകളും ഇപ്പോള്‍ത്തന്നെ ഉണ്ട് ബാബുജി. പക്ഷെ ആരു പാലിക്കാന്‍?

ശ്രീ വല്ലഭന്റെ കമന്റ് ഒരു ഒന്നര കമന്റായി..ഇങ്ങനെയും ഒരു അര്‍ത്ഥമുണ്ടല്ലേ? :)

സി. കെ. ബാബു April 25, 2008 at 7:15 AM  

ശ്രീവല്ലഭന്‍,

അതല്ലേ സംസ്കൃതഭാഷയുടെ ഒരു പ്രധാന ഗുണം! 'വിടവും വിസ്സര്‍ഗ്ഗവും' അല്‍പം സ്ഥാനം തെറ്റിച്ചാല്‍ നമുക്കു് വേണ്ട അര്‍ത്ഥം ലഭിക്കും! ഈ സൂത്രം ഉപയോഗിച്ചു് അരി വാങ്ങിക്കുന്നവര്‍ എത്രയാണെന്നു് കരുതി? :)

ചര്‍ച്ചകള്‍ ആവശ്യമാണു്. ചര്‍ച്ച ചെയ്യപ്പെടേണ്ട സാമൂഹികപ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ലതാനും. ജനങ്ങളെ നയിക്കാന്‍ പട്ടം കെട്ടിയിറങ്ങിയിരിക്കുന്ന സാമാജികര്‍ നിയമസഭയില്‍ നടത്തുന്ന ചര്‍ച്ചകളില്‍ അവരുടെ 'വിഷയജ്ഞാനവും' വസ്തുനിഷ്ഠതയും പ്രകടിപ്പിക്കുന്നതു് നമ്മള്‍ പതിവായി കാണുന്നില്ലേ? വിഭാഗീയതയുടെ നേട്ടങ്ങള്‍ ലക്‍ഷ്യമാക്കുന്ന മാധ്യമങ്ങളല്ലാതെ പൊതുസമൂഹത്തെ ജാതി-മത-രാഷ്ട്രീയ താല്‍പര്യങ്ങളില്ലാതെ പ്രതിനിധീകരിക്കുന്ന ഒരു നല്ല മാധ്യമമെങ്കിലുമുണ്ടോ കേരളത്തില്‍? പിന്നെ എങ്ങനെ നിര്‍മ്മാണാത്മകമായ ഒരു ചര്‍ച്ച സാദ്ധ്യമാവും? തമ്മില്‍ ഭേദം തൊമ്മന്‍ എന്നപോലെ ഉള്ളതില്‍ ഭേദം ബ്ലോഗ്‌ തന്നെ! വായിക്കാന്‍ 'രണ്ടുരണ്ടര' ആളുകളേ ഉള്ളൂ എന്ന ഒരു പ്രശ്നമേ ഉള്ളു.

മൂര്‍ത്തി,

എഴുന്നള്ളത്തിലെ ആനകളുടെ എണ്ണം ഒരു അഭിമാനപ്രശ്നമല്ല, ദുരഭിമാനപ്രശ്നമാണു്. അതു് മുഖത്തുനോക്കി പറയുകയാണു് വേണ്ടതെന്നു് തോന്നുന്നു. നെറ്റിപ്പട്ടം കെട്ടിയാലും കുഴിയാന കുഴിയാന തന്നെ! വയറു് വരിഞ്ഞുടുത്തു് എന്തിനു്, ആരെ ഇത്തരം ജാടകള്‍ കാണിക്കണം എന്നെനിക്കറിയില്ല. കേരളീയര്‍ക്കു് പരസ്പരം അറിയില്ലെന്നാണോ? ഇനി, ചെയ്തേ അടങ്ങൂ എന്നുണ്ടെങ്കില്‍ അതു് മനുഷ്യജീവന്‍ അപകടപ്പെടുത്താത്തവിധത്തില്‍ വൈദഗ്ദ്ധ്യത്തോടെ ചെയ്യാനെങ്കിലും കഴിയണം! ഇതൊക്കെ ഇങ്ങനെ തന്നെ തുടരണം എന്നു് വാദിക്കുന്നവരും അവരുടെ സ്വന്തം ബന്ധുക്കള്‍ക്കു് അപകടം വരുന്നതു് ഇഷ്ടപ്പെടുന്നവരല്ലല്ലോ.

ശ്രീവല്ലഭന്‍. April 25, 2008 at 7:29 AM  

"വളരെ അധികം ആള്‍ക്കാര്‍ മരിക്കുന്നു. ചര്‍ച്ചകള്‍ വേണം. " എന്ന് ഞാന്‍ sarcastic ആയ്‌ പറഞ്ഞതല്ല. സീരിയസ് ആയ്‌ പറഞ്ഞതാണ്. ബ്ലോഗ് പോലുള്ള മാദ്ധ്യമങ്ങള്‍ ഇതുപോലുള്ള ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നുണ്ട്. തീര്‍ച്ചയായും നമ്മള്‍ ഉപയോഗിക്കണം.

സി. കെ. ബാബു April 25, 2008 at 8:03 AM  

ശ്രീവല്ലഭന്‍,

ഞാന്‍ അതു് മനസ്സിലാക്കിയതും sarcastic ആയിട്ടല്ല. എന്റെ മറുപടിയും ആത്മാര്‍ത്ഥമായിരുന്നു.

'മാ നിഷാദ' മനസ്സിലാക്കിയതും 'മറുപടിച്ചതും' മാത്രം അപവാദം! :)

കുറുമാന്‍ April 25, 2008 at 6:34 PM  

ഉത്സവങ്ങള്‍ക്ക് ആനയെ നിരോധിച്ചാല്‍ പ്രശ്നം തീരുമോ?

കേരളത്തിലുള്ള മിക്കവാറും ആനകളും (70%) ജനിച്ചപ്പോള്‍ മുതല്‍ മനുഷ്യരോടൊപ്പം, ഒരു വളര്‍ത്തുമൃഗം എന്ന പോലെ വളര്‍ത്തപെട്ടു വന്നതാണ്.

കേരളത്തിലുള്ള ആനമുതലാളിമാര്‍ 30-40-50 ലക്ഷം കൊടുത്ത് വാങ്ങിയ ആനകളെ കാട്ടില്‍ കളയാന്‍ പറ്റുമോ?

കേരളത്തിലെ ശരാശരി ഒരാനക്ക് രണ്ട് മുതല്‍ നാല് വരെ പാപ്പാന്‍മാര്‍ ഉണ്ട്. അതേ സമയം രാജസ്ഥാനിലും, ദില്ലിയിലും ഉള്ള ആനകള്‍ക്ക് ഒരേ ഒരു പാപ്പാന്‍.. അവീട്ടുത്തെ ആനകള്‍ക്ക് ചങ്ങല പോലും ഇല്ല. വെറും ഒരു കയറ് മാത്രം. പശൂവിനെ കെട്ടുന്നതു പോലെ കഴുത്തില്‍. കാരണമെന്ത്.

ഇക്കാര്യത്തില്‍ വിശദമായ ഒരു പഠനമാണ് ആവശ്യം. ദാഹിച്ച്, വിശന്ന്, ചൂടെടുത്ത് പരവശനായ ഒരാനയുടെ കൊമ്പില്‍ പിടിക്കാന്‍ ശ്രമിച്ച ഒരു മനുഷ്യനെ ആനയല്ല ചിലപ്പോള്‍ ഞാനായാലും ചവിട്ടും.

ആനകമ്പം ഉള്ളതിനാലോ, പാരമ്പര്യമായി ആനപാപ്പാന്‍ രക്തം ഉള്ളതിനാല്ലോ അല്ല പറയുന്നത്. നല്ലൊരു പഠനം, നടപടി വന്നാല്‍ ഒരപകടവും വരില്ല.

ദിവസവും നടക്കുന്ന ബസ്സ് അപകടങ്ങളില്‍ എത്ര പേര്‍ മaരിക്കുന്നു?? എന്ന് വച്ച് ബസ്സ് വേണ്ട, കാളവണ്ടി മതി എന്ന് പറയൂമോ നമ്മള്‍?

സി. കെ. ബാബു April 25, 2008 at 9:41 PM  

കുറുമാന്‍,

അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ആനകളെ എഴുന്നള്ളിക്കുന്നതു് ഒന്നുകില്‍ നിരോധിക്കണം അല്ലെങ്കില്‍ അതു് മനുഷ്യരുടെ ജീവനും സ്വത്തിനും അപകടം വരാത്ത വിധത്തില്‍ നടത്തണം എന്നാണു് ഞാന്‍ പറഞ്ഞതു്. നിരോധനം എന്നതു് ഒരു ഓപ്ഷന്‍ എന്ന രൂപത്തില്‍. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതു് ഏതൊരു പരിഷ്കൃതസമൂഹത്തിന്റെയും ബാദ്ധ്യതയാണു്. ബസപകടങ്ങളും അതുപോലെതന്നെ.
ബസപകടങ്ങള്‍ ഒഴിവാക്കാന്‍ കാളവണ്ടിയുടെ യുഗത്തിലേക്കു് തിരിയുകയല്ല ശരിയായ മാര്‍ഗ്ഗം എന്നു് നമുക്കു് രണ്ടുപേര്‍ക്കും അറിയാം. അവിടെയും കാര്യങ്ങള്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്യാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞു് പരിഹാരം തേടുകയാണു് ആവശ്യം. ഇതൊന്നും പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ അല്ലതാനും‍. ഇവയുടെയൊക്കെ കാരണങ്ങളും നമുക്കറിയാം. പരിഹാരം കാണാന്‍ മലയാളിക്കു് മനസ്സുണ്ടോ എന്നതാണു് കാര്യം. പുതിയ കെടുതികള്‍ കാത്തുനില്‍ക്കുന്നതിനാല്‍ അനുഭവിച്ച കെടുതികള്‍ വളരെ വേഗം മറക്കേണ്ടിവരുന്ന ഗതികേടിലാണല്ലോ നമ്മള്‍! വിശദമായ പഠനങ്ങള്‍ വേണമെന്ന കുറുമാന്റെ അഭിപ്രായത്തോടു് ഞാനും യോജിക്കുന്നു - പഠനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്കു് അനുഭവങ്ങളില്‍ ഊന്നിയ ന്യായമായ സംശയങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും!

എന്റെ വ്യക്തിപരമായ അഭിപ്രായം:
ഞാന്‍ ആനയെഴുന്നള്ളിപ്പിനും, സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ശബ്ദമലിനീകരണത്തിനും, ബസുകളുടെ മത്സരഓട്ടത്തിനും, ആദ്യത്തെ മഴയില്‍ തന്നെ ഒലിച്ചുപോകുന്ന തരത്തിലുള്ള റോഡ് നിര്‍മ്മാണത്തിനും, കാന്‍സര്‍ ബാധിക്കാനുള്ള സാദ്ധ്യതയുടെ പേരില്‍ പാശ്ചാത്യരാജ്യങ്ങളില്‍ പണ്ടേ നിരോധിച്ചുകഴിഞ്ഞ ആസ്ബെസ്റ്റോസ് ഉപയോഗിച്ചു് കുഞ്ഞുങ്ങള്‍ ഇരിക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ വരെ പണിയുന്നതിനും, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നതിനും, അതുപോലെ സമൂഹത്തിനു് ദ്രോഹം ചെയ്യുന്ന തരത്തിലുള്ള എത്രയോ മറ്റു് “താന്തോന്നിത്തങ്ങള്‍ക്കും“ എതിരാണു്.

കുറുമാന്‍ April 26, 2008 at 8:36 AM  

ബാബുവേട്ടാ,

എന്റെ വ്യക്തിപരമായ അഭിപ്രായം:
ഞാന്‍ ആനയെഴുന്നള്ളിപ്പിനും, സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ശബ്ദമലിനീകരണത്തിനും, ബസുകളുടെ മത്സരഓട്ടത്തിനും, ആദ്യത്തെ മഴയില്‍ തന്നെ ഒലിച്ചുപോകുന്ന തരത്തിലുള്ള റോഡ് നിര്‍മ്മാണത്തിനും, കാന്‍സര്‍ ബാധിക്കാനുള്ള സാദ്ധ്യതയുടെ പേരില്‍ പാശ്ചാത്യരാജ്യങ്ങളില്‍ പണ്ടേ നിരോധിച്ചുകഴിഞ്ഞ ആസ്ബെസ്റ്റോസ് ഉപയോഗിച്ചു് കുഞ്ഞുങ്ങള്‍ ഇരിക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ വരെ പണിയുന്നതിനും, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നതിനും, അതുപോലെ സമൂഹത്തിനു് ദ്രോഹം ചെയ്യുന്ന തരത്തിലുള്ള എത്രയോ മറ്റു് “താന്തോന്നിത്തങ്ങള്‍ക്കും“ എതിരാണു്.

ഈ പാരക്കു താഴെ എന്റെ ഒരു കയ്യൊപ്പ്.

കൂടുതലായി നമുക്ക് ചര്‍ച്ച ചെയ്യാം.

സി. കെ. ബാബു April 26, 2008 at 10:53 AM  

കുറുമാന്‍,

You are welcome. നമ്മള്‍ ഓരോരുത്തരും ചേരുന്നതാണു് സമൂഹം. സമൂഹത്തിലെ പ്രശ്നങ്ങള്‍ നമ്മുടെ പ്രശ്നങ്ങളാണു്. സമൂഹത്തെ നന്നാക്കാനും, നശിപ്പിക്കാനും കഴിയുന്നവരും നമ്മള്‍ തന്നെ!

Kichu & Chinnu | കിച്ചു & ചിന്നു April 29, 2008 at 1:45 PM  

പ്രസക്ത്മായ ചോദ്യം :)

സി. കെ. ബാബു April 29, 2008 at 5:55 PM  

കിച്ചു & ചിന്നു,

ഈ വഴി വന്നതിനു് നന്ദി.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP