Tuesday, March 11, 2008

ഗോവസൂരിപ്രയോഗത്തിന്റെ ഉത്ഭവം

"എനിക്കു് വെമ്പോളം (cow-pox) വന്നതാ. അതുകൊണ്ടു് എനിക്കിനി മസൂരി വരൂല്ല." താന്‍ ഒരിക്കല്‍ ചികിത്സിച്ച ഒരു പശുനോട്ടക്കാരിപ്പെണ്ണിന്റെ ഈ വാചകം ഡോക്ടര്‍ എഡ്വേര്‍ഡ്‌ ജെന്നറുടെ തലയില്‍ പതിഞ്ഞതു് മായ്ക്കാനാവാത്തവിധം ആഴത്തിലായിരുന്നു. കാര്യം ശരിയാണു്. താരതമ്യേന ഹാനികരമല്ലാത്ത ഗോവസൂരി വന്നിട്ടുള്ള ആര്‍ക്കും പിന്നീടു് മാരകമായ മസൂരി വന്നതായി ജെന്നര്‍ കേട്ടിട്ടില്ല. അതുകൊണ്ടു് അതു് ശാസ്ത്രതത്വമാക്കാവുന്ന ഒരു വസ്തുത ആവണമെന്നുണ്ടോ? അദ്ദേഹം‍ ഈ ആശയത്തില്‍ അങ്ങേയറ്റം ആകൃഷ്ടനാവുകയും അങ്ങനെയൊരു സാദ്ധ്യതയില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒരു തത്വത്തിന്റെ പ്രായോഗികസാദ്ധ്യതയെ സംബന്ധിച്ച വ്യക്തിപരമായ ഇഷ്ടമോ അനിഷ്ടമോ വിശ്വാസങ്ങളോ ശാസ്ത്രലോകം അതു് അംഗീകരിക്കുന്നതിനുള്ള കാരണങ്ങളല്ല. ഒരു തത്വം ശാസ്ത്രസത്യമാവണമെങ്കില്‍ അതു് ആര്‍ക്കും ഏതു് സമയവും പരിശോധിക്കാനും സ്വയം ബോദ്ധ്യപ്പെടാനും ഉതകുന്ന വിധത്തില്‍ പരീക്ഷണങ്ങളിലൂടെ, നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാവുന്നതാവണം. അതിനെന്തു് വഴി എന്നതായിരുന്നു ഡോക്ടര്‍ ജെന്നറെ വിട്ടുമാറാതെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം.
Dr. Edward Jenner (17.05.1749 - 26.01.1823)

അദ്ദേഹത്തിന്റെ ബെര്‍ക്കിലിയിലെ 'ഗ്രാമഡോക്ടര്‍പ്രാക്ടീസില്‍' മനുഷ്യരും മൃഗങ്ങളും ചികിത്സിക്കപ്പെട്ടിരുന്നു. അതു് വൈദ്യശാസ്ത്രത്തിനും, മനുഷ്യരാശിക്കും ഒരു ഭാഗ്യമായി തീര്‍ന്നു എന്നുവേണം പറയാന്‍. 1796 മെയ്‌ മാസത്തില്‍ സാറാ നെല്‍ംസ്‌ എന്നൊരു പശുകറവക്കാരി അവളുടെ കയ്യിലെ ചില പോളങ്ങള്‍ കാണിക്കാന്‍ ഡോക്ടറെ വീട്ടിലേക്കു് വിളിക്കുന്നു. പരിശോധനയില്‍ അതു് 'ബ്ലോസം' എന്ന അവളുടെ പശുവിന്റെ അകിടില്‍നിന്നും പകര്‍ന്ന, അപകടകാരിയല്ലാത്ത ഗോവസൂരി ആണെന്നും, അല്ലാതെ, അക്കാലത്തു് മൂന്നില്‍ രണ്ടു് കുഞ്ഞുങ്ങളെയും ബാധിച്ചിരുന്ന മരണകരമായ മസൂരി അല്ലെന്നും ജെന്നര്‍ മനസ്സിലാക്കുന്നു. ഒരു വൈറസ്‌ ഇന്‍ഫെക്ഷനാണു് മസൂരിയുടെ കാരണമെന്നു് ഇന്നു് നമുക്കു് അറിയാം. പക്ഷേ അന്നു് യൂറോപ്പില്‍ പൊതുവേ നിലനിന്നിരുന്ന വിശ്വാസം ഈ രോഗത്തിന്റെ കാരണം ഭൂമിയില്‍നിന്നുള്ള ആവിയാണെന്നും, അതൊരു ദൈവശിക്ഷയാണെന്നുമൊക്കെ ആയിരുന്നു. താന്‍ കാത്തിരുന്ന അവസരം സംജാതമായി എന്നു് മനസ്സിലാക്കുന്ന ജെന്നര്‍ ഒരു പരീക്ഷണത്തിനു് ധൈര്യപ്പെടുന്നു. മെയ്‌ മാസം പതിനാലാം തീയ്യതി ജെന്നര്‍ എട്ടു് വയസ്സുകാരനായ ജെയിംസ്‌ ഫിപ്പ്‌സിനേയും സാറായേയും തന്റെ പ്രാക്ടീസില്‍ വിളിച്ചുവരുത്തി, ജെയിംസിന്റെ തൊലിയില്‍ പോറലുണ്ടാക്കി പോളജലം പുരട്ടി അവനില്‍ ഗോവസൂരിയുടെ അണുക്കളെ പ്രവേശിപ്പിക്കുന്നു. ഒന്‍പതു് ദിവസം സാധാരണരോഗലക്ഷണങ്ങള്‍ കാണിച്ച ജെയിംസ്‌ പത്താം ദിവസം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുന്നു.

അങ്ങനെ ജെന്നറുടെ പദ്ധതിയുടെ ആദ്യത്തെ ചുവടു് വിജയകരമായി. അനിശ്ചിതത്വം നിറഞ്ഞ, സാഹസികമായ രണ്ടാമത്തെ ചുവടു് ജെയിംസിന്റെ ശരീരത്തില്‍ മാരകമായ മസൂരിയുടെ അണുക്കള്‍ പ്രവേശിപ്പിക്കുക എന്നതാണു്! ജെയിംസിന്റെ ശരീരത്തിലെ ഗോവസൂരിയുടെ അണുക്കള്‍ അവന്റെ ശരീരത്തെ മസൂരിക്കു് ഇമ്യൂണ്‍ ആക്കിയിട്ടുണ്ടെന്നു് ജെന്നര്‍ക്കു് അറിയാമായിരുന്നു. പക്ഷേ അങ്ങനെയല്ലെങ്കില്‍!? മസൂരിയുടെ അണുക്കള്‍ വഴി ജെയിംസ്‌ മരിച്ചാല്‍? അല്ലെങ്കില്‍ അവന്‍ ജീവിതകാലം മുഴുവന്‍ ബുദ്ധിമാന്ദ്യമോ അംഗവൈകല്യമോ ഉള്ളവനായിത്തീര്‍ന്നാല്‍? അതുമല്ലെങ്കില്‍ ഈ പരീക്ഷണം ഒരു പകര്‍ച്ചവ്യാധിയായി പടര്‍ന്നുപിടിച്ചാല്‍? മറുപടിയില്ലാത്ത ചോദ്യങ്ങള്‍! ജെയിംസും, മാതാപിതാക്കളും, രണ്ടു് സഹപ്രവര്‍ത്തകരും - Jenner's ethic commission! - പരീക്ഷണത്തിനു് അനുവാദം നല്‍കുന്നു. അങ്ങനെ, പരീക്ഷണഫലം എന്താവുമെന്നു് വ്യക്തമായ യാതൊരു ധാരണയുമില്ലാതെ ജെന്നര്‍ ആ ചുവടുവയ്പിനു് തയ്യാറാവുന്നു! ജെയിംസില്‍ ഗോവസൂരിപ്രയോഗം നടത്തിയതിനു് ആറാഴ്ച്ചകള്‍ക്കു് ശേഷം ആസന്നമരണനായ ഒരു രോഗിയുടെ വ്രണത്തില്‍ നിന്നുള്ള സിക്രീറ്റ്‌ വഴി ജെന്നര്‍ അവന്റെ ശരീരത്തില്‍ മസൂരിയുടെ രോഗാണുക്കളെ പ്രവേശിപ്പിക്കുന്നു! നിര്‍ണ്ണായകമായ നിമിഷങ്ങള്‍... മണിക്കൂറുകള്‍... ദിവസങ്ങള്‍... പക്ഷേ ജെയിംസിനു് മസൂരി ബാധിക്കുന്നില്ല! ഗോവസൂരിയുടെ അണുക്കള്‍ ജെയിംസിന്റെ ശരീരത്തിനു് മസൂരിയെ ചെറുക്കുന്നതിനുള്ള ശക്തി നേടിക്കൊടുത്തിരുന്നു! പരീക്ഷണവിജയം കേട്ടവര്‍ കേട്ടവര്‍ തങ്ങളുടെ മക്കളെ കുത്തിവയ്പിക്കാന്‍ ജെന്നറിന്റെ അടുത്തെത്തിച്ചു. ജെന്നര്‍ എഴുതി: "മനുഷ്യരാശിയുടെ ഏറ്റവും ഭീകരമായ മസൂരി എന്ന വ്യാധിയുടെ ഉന്മൂലനമാവണം ഗോവസൂരിപ്രയോഗത്തിന്റെ അന്തിമമായ ലക്‍ഷ്യം."


യൂറോപ്പില്‍ എല്ലാ ഡോക്ടറന്മാരും താമസിയാതെ ഈ കുത്തിവയ്പു് ഏറ്റെടുത്തു. ചില രാജ്യങ്ങള്‍ കുത്തിവയ്പു് നിര്‍ബന്ധമാക്കി. എന്നിട്ടും മസൂരി തിരിച്ചുവന്നുകൊണ്ടിരുന്നു. അറുപതുകളുടെ മദ്ധ്യത്തില്‍ ലോകത്തില്‍ ഏകദേശം ഒന്നര കോടി മനുഷ്യര്‍ മസൂരി ബാധയ്ക്കു് അടിമകളായി. തന്മൂലം WHO മസൂരിക്കെതിരായി ഒരു frontal attack തന്നെ പ്ലാന്‍ ചെയ്തു. പക്ഷേ, കുത്തിവയ്പ്പില്‍ വീഴ്ച്ചവരുത്തിയതുമൂലം 1972-ല്‍ യൂഗോസ്ലാവിയയില്‍ വീണ്ടും നൂറ്റന്‍പതുപേര്‍ രോഗബാധിതരാവുകയും, 35-പേര്‍ മരിക്കുകയും ചെയ്തു. രോഗികളെ മാറ്റിപാര്‍പ്പിച്ചും, സമൂഹകുത്തിവയ്പ്പുവഴിയും അവിടെ രോഗത്തെ നിയന്ത്രണാധീനമാക്കുകയായിരുന്നു. ലോകത്തില്‍നിന്നും മസൂരി ഉന്മൂലനം ചെയ്യപ്പെട്ടു എന്നു് WHO 1979 ഒക്ടോബറില്‍‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡോക്ടര്‍ എഡ്വേര്‍ഡ്‌ ജെന്നറുടെ സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. ബ്ലോസം എന്ന പശുവില്‍ നിന്നാരംഭിച്ചതുമൂലം ഈ കുത്തിവയ്പ്പു് പശു എന്നര്‍ത്ഥമുള്ള vacca എന്ന ലാറ്റിന്‍ പദവുമായി ബന്ധപ്പെടുത്തി ഇന്നും vaccination എന്നപേരില്‍ അറിയപ്പെടുന്നു. ഗോവസൂരിപ്രയോഗം എന്തുകൊണ്ടാണു് ഫലപ്രദമാവുന്നതെന്നോ, ഏതു് രോഗാണുവാണു് അതിനു് കാരണമാവുന്നതെന്നോ ഒന്നും അറിയാന്‍ ജെന്നര്‍ക്കു് അന്നു് കഴിയുമായിരുന്നില്ല. കാരണം, microbe-കളുടെ യഥാര്‍ത്ഥലോകം അന്നു് മനുഷ്യനു് അജ്ഞാതമായിരുന്നു. അതിനെ സംബന്ധിച്ച പഠനങ്ങള്‍, ഏകദേശം അന്‍പതു് വര്‍ഷങ്ങള്‍ക്കു്ശേഷം മാത്രമാണു് ഫ്രഞ്ചു്രസതന്ത്രജ്ഞനായിരുന്ന Louis Pasteur തുടങ്ങിയതു്.

11 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ March 11, 2008 at 11:01 PM  

വിജ്ഞാനപ്രദമായ പോസ്റ്റ്

തോന്ന്യാസി March 12, 2008 at 5:37 AM  

നന്ദി, ഈ പോസ്റ്റിന്

സി. കെ. ബാബു March 12, 2008 at 3:27 PM  

ശ്രീവല്ലഭന്‍, പ്രിയ, തോന്ന്യാസി, ഇളം വെയില്‍,

എല്ലാവര്‍ക്കും നന്ദി.

സൂരജ് :: suraj March 12, 2008 at 8:12 PM  

ഒരു മഹാരോഗത്തെ കീഴടക്കിയതിലെ മനുഷ്യ പ്രയത്നത്തിന്റെ മാഹാത്മ്യത്തെ ബാബു മാഷ് അതി മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

ഒരല്‍പ്പം ഇന്ത്യന്‍ ചരിത്രം ഇതോടൊപ്പം ചേര്‍ത്തോട്ടെ:

യൂറോപ്യന്‍ രീതിയിലുള്ള വസൂരി അച്ചുകുത്ത് വരുന്നതിനു മുന്‍പേതന്നെ ബംഗ്ലാ/ ബനാറസ്/ വൃന്ദാവന്‍ ബ്രാഹ്മണരുടെ വാക്സിനേഷന്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നതിനു രേഖകളുണ്ട് . ഈ പരിപാടി 150 വര്‍ഷത്തോളം മുന്‍പേ ബംഗ്ലാക്കാരുടെയിടയില്‍ പ്രചരിച്ചിരുന്നതാണെന്ന് 1731ല്‍ റൊബര്‍ട്ട് കോള്‍ട്ട് ഡോ: ഒളിവര്‍ കോള്‍ട്ടിന് എഴുതിയ കത്തില്‍ പറയുന്നു. ഭാമനിയന്‍ രേഖകള്‍പ്രകാരം ചമ്പാനീര്‍ ഭാഗത്തെ ധന്വന്തരി എന്ന വൈദ്യന്‍ ഈ വാക്സിനേഷന്റെ ഉസ്താദായിരുന്നതായി പറയപ്പെടുന്നു. (ദുനുന്ദുരി എന്ന പേര് ധന്വന്തരി ആണെന്ന് Dharampal പറയുന്നത് വിശ്വസിക്കാം - വൈദ്യദേവന്‍ ധന്വന്തരിയാണോ ഇങ്ങേര്‍ ? ആവോ! ).
പക്ഷെ, ഈ അച്ചുകുത്തു ചരിത്രവും അന്നത്ത്യോ ഇന്നത്തെയോ വ്യവസ്ഥാപിത ആയുര്‍വേദവുമായി യാതൊരു ബന്ധവുമുണ്ടെന്നു പറയാനാവില്ല. ആ കാ‍ലഘട്ടത്തിലെയോ പിന്നിടോ ഉള്ള അയുര്‍വേദ പാഠങ്ങളിലൊന്നും വാക്സിനേഷന്റെ പ്രാഥമിക വിവരണം പോലുമില്ല. ആയുര്‍വേദത്തിന്റെ പരമ്പരാഗത രീതികള്‍ വിട്ട് മറ്റു രീതിയില്‍ ചികിത്സകള്‍ നടത്തേണ്ടീവന്ന ജനവിഭാഗങ്ങളുടെ സംഭാവനയാകാം ഈ പ്രാചിന ഇന്‍ഡ്യന്‍ അച്ചുകുത്ത് .

റൊബര്‍ട്ട് കോള്‍ട്ടിന്റെ കുറിപ്പില്‍ പറയുന്നതിനനുസരിച്ച് കൂര്‍ത്ത സൂചി ഉപയോഗിച്ച് മുറിവുണ്ടാക്കിയാണ് വസൂരിത്തൈലം പുരട്ടിയിരുന്നത്. നെറ്റിയിലും അച്ചുകുത്തിയിരുന്നു. ചില അവസരത്തില്‍ ഈ വസൂരിപ്പഴുപ്പ് അച്ചുകുത്തുന്നതിനു പകരം ചോറിനൊപ്പം കഴിക്കാനും (ഓറല്‍ പോളിയോ, ഓറല്‍ ടൈഫോയിഡ് വാക്സീനുകള്‍ പോലെ ??) കൊടുത്തിരുന്നു. ഇങ്ങനെ കഴിക്കുന്ന പഴുപ്പ്-മരുന്ന് കുത്തിവയ്പ്പിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നു അവര്‍ കരുതിയിരുന്നു.

അല്‍ ബറൂണി യുടെ 1030 ലെ വിവരണമാണ് വസൂരി (മസൂരിക)യുടെ ആദ്യത്തെ അവെയ്ലബിള്‍ അക്കൌണ്ട് - " ലങ്കാദ്വീപില്‍ നിന്നും വീശുന്ന ദുഷിച്ചകാ‍റ്റില്‍ വരുന്ന മസുരികാവിത്തുകളെപ്പറ്റി ". തങ്കഭസ്മം മരുന്നായി ഉപയോഗിച്ചിരുന്നതിനെപ്പറ്റി വരെ എഴുതിയ അല്‍ ബറൂണി 'ശീതള' ദേവിയെക്കുറിച്ച് എഴുതിയില്ല. ശീതളാ ദേവിയാണ് വസൂരിയുടെ മാതാവ് എന്ന വിശ്വാസം പിന്നീടു വന്നതാവാം. പിന്നീട് 15-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മാധവനിദാനത്തിന്റെ (മാധവകരന്റെ ആയുര്‍വേദ ടെക്സ്റ്റ്)എഡിഷനിലും 16-ആം നൂറ്റാണ്ടില്‍ ഭാവപ്രകാശത്തിലും 'ശീതളാ'ദേവിയും വസൂരിയും വരുന്നുണ്ട് - കുരുക്കളുടെ ഡീറ്റെയില്‍ഡ് വിവരണവുമൊക്കെയായി. (അവിടേയും രോഗാണു തിയറിയോ വാക്സിനോ ഇല്ല.)

കേരളത്തില്‍ ഒടുവില്‍ ബ്രിട്ടീഷ് സഹായത്തോടെ 1800 കളുടെ തുടക്കത്തില്‍ അച്ചുകുത്ത് ആരംഭിച്ചപ്പോള്‍ അവര്‍ണ്ണ ജാതികളിലായി അകറ്റി നിര്‍ത്തപ്പെട്ടവരും മതംമാറ്റത്തിലൂടെ പുതിയ സ്വാതന്ത്ര്യങ്ങള്‍ കൈവരിച്ചവരുമൊക്കെയാണ് അഹമഹമികയാ വന്ന് ഇഞ്ചക്ഷന്‍ സ്വീകരിച്ചത്. നല്ലൊരു പങ്ക് ബ്രാഹ്മണര്‍ തങ്ങളുടെ ബ്രാഹ്മണ്യം പോകുമോയെന്നു ഭയന്ന് ഈ അച്ചുകുത്ത് സ്വീകരിച്ചില്ല എന്ന് ചരിത്രം.

റോബി March 13, 2008 at 4:32 AM  

നല്ല പോസ്റ്റ്..അഭിനന്ദനങ്ങള്‍

സി. കെ. ബാബു March 13, 2008 at 11:59 AM  

നന്ദി, റോബി.

സൂരജ്,
ആരംഭശൂരത്വമല്ലേ ഭാരതീയന്റെ മുഖമുദ്ര? പഴയ അറിവുകളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ അന്വേഷണം തുടര്‍ന്നിരുന്നെങ്കില്‍ പല കാര്യങ്ങളിലും യൂറോപ്പിനെ കടത്തിവെട്ടുവാന്‍ നമുക്കു് കഴിയുമായിരുന്നു. പണ്ടൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയപോലെ, ആദ്ധ്യാത്മികതയില്‍ അന്തംവിട്ടു് ആരണ്യങ്ങള്‍ തേടി ഇഹലോകം ത്യജിക്കാനായിരുന്നല്ലോ ഭാരതീയനു് കൂടുതല്‍ താല്പര്യം! ഇന്നും സ്ഥിതിക്കു് വലിയ വ്യത്യാസമൊന്നുമില്ല. വിഭവശേഷി വിറ്റു് ഇന്നു് നമ്മള്‍ വാങ്ങുന്ന സായിപ്പിന്റെ കളിപ്പാട്ടങ്ങള്‍, വേണമെങ്കില്‍ നമുക്കു് നിര്‍മ്മിച്ചു് സായിപ്പിനു് വില്‍ക്കാമായിരുന്നു. ഇനിയെങ്കിലും മാറാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ എന്നാളും 'തയമ്പു് തടവി' സ്വയം അഭിനന്ദിച്ചു് അഭിമാനിക്കുകയല്ലാതെ മറ്റു് വഴിയൊന്നും ഇല്ലതാനും. അനുബന്ധകമന്റ് വഴി ഈ ലേഖനം പൂര്‍ത്തീകരിച്ചതിനു് നന്ദി.

ഭൂമിപുത്രി March 17, 2008 at 8:03 PM  

ഈ നല്ല വിവരണത്തിനു നന്ദി ബാബു.
ഒപ്പം കൂടുതല്‍ വിവരങ്ങളുമായിവന്ന സൂരജിനും.ഇങ്ങിനെയൊരു ഫോട്ടൊ ആദ്യമായാണ്‍ കാണുന്നതു

സി. കെ. ബാബു March 21, 2008 at 1:04 PM  

ഭൂമിപുത്രി,

ഇന്നാണു് കമന്റ് കണ്ടതു്. വായിച്ചതിനു് നന്ദി.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP