Monday, February 25, 2008

എനിക്കെന്നെ കഷണിക്കണം

എനിക്കെന്നെ കഷണിക്കണം
ഓരോരോ കഷണങ്ങളും
വെവ്വേറെ പൊതിഞ്ഞു്
ഒരു കുടത്തിലടയ്ക്കണം.

വേദനിക്കാന്‍ ഒരു കഷണം
ആനന്ദിക്കാന്‍ ഒരു കഷണം
വിലയിരുത്താനും വിലപേശാനും
വിളകൊയ്യാനും വിധിയെഴുതാനും
പ്രണയിക്കാനും പ്രഹരിക്കാനും
വേറേ വേറേ കഷണങ്ങള്‍!

ആത്മകഥയുടെ ആലിംഗനങ്ങള്‍
ആക്ഷേപത്തിന്റെ അട്ടഹാസങ്ങള്‍
കരുണാപരമായ കാപട്യങ്ങള്‍
പദ്യങ്ങളായി ഗദ്യങ്ങളായി
ഓരോന്നിനേയും വെട്ടിനുറുക്കി
കെട്ടുകളാക്കി കുടത്തിലടയ്ക്കണം.

നിരത്തിലെ മുഴക്കത്തില്‍
‍തിരക്കിലെ ഞെരുക്കത്തില്‍
ശ്വാസം മുട്ടി ചാവാതിരിക്കാന്‍
എനിക്കെന്നെ പൊളിച്ചുപണിയണം
കൊത്തിനുറുക്കി പലതാക്കണം
ഓരോരോ കഷണങ്ങളും
വെവ്വേറെ പൊതിഞ്ഞു്
ഒരു കുടത്തിലടയ്ക്കണം.

ഭാരങ്ങള്‍ സ്വയം ചുമക്കാന്‍
ഭാഗങ്ങള്‍ ബാദ്ധ്യസ്ഥരാണു്.
അതിനവര്‍ തയ്യാറാവണം.
അതിനുള്ള സമയമായി.
അതിനാണീ കഷണിക്കല്‍.
എന്നും അവരെ മുലയൂട്ടാന്‍
എനിക്കു് മനസ്സില്ല.
ഞാനവരുടെ കാമധേനുവോ?

വിഷം കലരാത്ത ശുദ്ധവായു
സ്വതന്ത്രമായി ശ്വസിക്കാന്‍,
ഭയമില്ലാതെ ജീവിക്കാന്‍,
എനിക്കു് ഞാനാവാന്‍,
ഒരു വികേന്ദ്രീകരണം.
അത്രമാത്രം....

10 comments:

ഭൂമിപുത്രി February 25, 2008 at 6:39 PM  

അത്മാവില്‍ ഒരു പോസ്റ്റ്മോര്‍ട്ടമെന്നു,അല്ലെ?

പാമരന്‍ February 26, 2008 at 12:08 AM  

ഇഷ്ടപ്പെട്ടു..

സി. കെ. ബാബു February 26, 2008 at 7:37 AM  

ഭൂമിപുത്രി,

Further, on feeling the immediate necessity of decentralization of responsibilities in every field of life.

പാമരന്‍,

നന്ദി.

വഴി പോക്കന്‍,

പേടിക്കണ്ട. Everything OK!

ശ്രീവല്ലഭന്‍ February 26, 2008 at 9:43 AM  

കഷണിക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയെയും, ഭാര്യ കാമുകനോടൊപ്പം ഭര്‍ത്താവിനേയും കഷണിച്ച കഥകള്‍ ആണ് ഓര്‍മ വന്നത്. അത് കൊണ്ടൊരു വല്ലാതെ!
കവിത ഇഷ്ടപ്പെട്ടു.

സി. കെ. ബാബു February 26, 2008 at 12:21 PM  

ശ്രീവല്ലഭന്‍,

ആ 'കഷണിക്കല്‍' പ്രശ്നപരിഹാരമല്ല, എന്റെ ലോകവുമല്ല. വീതിക്കണമെന്നോ, ഭാഗിക്കണമെന്നോ ഒക്കെ എഴുതാമായിരുന്നു. പക്ഷേ, അങ്ങു് മോളില്‍ എല്ലാം കെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന 'സര്‍വ്വം ഞാനികള്‍ക്കു്' ഒരു radical therapy ആയിക്കോട്ടേന്നു് കരുതി - ചുരുങ്ങിയതു് പേരിലെങ്കിലും!

കാവലാന്‍ February 26, 2008 at 1:33 PM  

അപ്പോ എന്താ പരിപാടി,ക്ലോണിംഗാണോ ഒരു മുടിയനെക്കൊണ്ടുതന്നെ ഇരിയ്ക്കപ്പൊറുതിയില്ല ബൂലോകത്ത്.
കവിത നന്നായിട്ടുണ്ട് കേട്ടോ.ഉള്ളിലെരിയുന്ന ആശയങ്ങളുടെ ലാവയില്‍ നിന്ന് ഇനിയും പൊള്ളുന്ന കവിതകള്‍ പിറക്കട്ടെ.

സി. കെ. ബാബു February 26, 2008 at 2:08 PM  

കാവലാന്‍,

'ശ്രമങ്ങള്‍ പരാജയപ്പെടാം, പക്ഷേ ശ്രമിച്ചില്ലെങ്കില്‍ തുടങ്ങുന്നതിനു് മുന്‍‌പേ പരാജയപ്പെട്ടു' എന്നല്ലേ? അറിഞ്ഞതു് പറയുന്നു. തള്ളുന്നതും കൊള്ളുന്നതും ഓരോരുത്തരുടെ സ്വാതന്ത്ര്യം. തള്ളുന്നതെന്താണെന്നു് ബോധപൂര്‍വ്വം അറിയാനെങ്കിലും സഹായിച്ചാല്‍ എന്റെ ശ്രമങ്ങള്‍ വെറുതെയായില്ല.

വായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി.

ഏ.ആര്‍. നജീം February 26, 2008 at 6:14 PM  

മാഷേ,
ഇതെല്ലാം കൂടി ഇങ്ങനെ ഒന്നിച്ചിരിക്കുന്നത് കൊണ്ടല്ലെ ജീവിതം ഇത്രെയെങ്കിലും ആനന്ദപ്രദമാകുന്നത്.. :)

ലളിതമായ വരികളില്‍ ഒരു നല്ല കവിത വായിച്ചതില്‍ സന്തോഷം..

സി. കെ. ബാബു February 26, 2008 at 7:10 PM  

നജീംജി,
'ഒരുത്തന്‍ എല്ലാവര്‍ക്കും, എല്ലാവരും ഒരുത്തനും വേണ്ടി' ആയാല്‍ ഒന്നിച്ചിരിക്കുന്നതു് നല്ലതുതന്നെ. ഒന്നിച്ചിരിക്കുന്നതു് പലപ്പോഴും ഒളിച്ചിരിക്കാനുള്ള വഴിയാണു് പലര്‍ക്കും. കാലില്‍ പാമ്പു് കടിച്ചാല്‍ എനിക്കെന്തു് എന്നു് കണ്ണുകള്‍ പറയുന്ന അവസ്ഥ! അതാണു് പ്രശ്നവും.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP