Wednesday, February 20, 2008

ജ്യോതിഷം ഒരു ശാസ്ത്രമോ?

ശാസ്ത്രങ്ങളുടെ മാതാവു് എന്നു് വിളിക്കാവുന്ന ഗണിതശാസ്ത്രം പണിതുയര്‍ത്തിയിരിക്കുന്നതു് ചില സ്വയംസിദ്ധ സിദ്ധാന്തങ്ങളുടെ (axioms) അടിസ്ഥാനത്തിലാണു്. ഉദാഹരണത്തിനു്, real numbers-ന്റെ commutativity, associativity മുതലായവ. higher mathematics-ല്‍ ഇവക്കു് ചില അപവാദങ്ങളുണ്ടെങ്കില്‍പ്പോലും, അടിസ്ഥാന റെഫറന്‍സ്‌ ഫ്രെയിമില്‍ intuitively സ്ഥാപിക്കാന്‍ കഴിയുന്ന ഈ സിദ്ധാന്തങ്ങള്‍ അതില്‍ത്തന്നെ നിഷേധിക്കപ്പെടേണ്ടതാണെന്നു് വന്നാല്‍ ഗണിതശാസ്ത്രത്തിനു് നിലനില്‍ക്കാനാവില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ഏതൊരു ആദര്‍ശവും, ഏതൊരു തത്വശാസ്ത്രവും, ആ നിഗമനങ്ങള്‍ ഖണ്ഡിക്കപ്പെടുമ്പോള്‍ അര്‍ത്ഥശൂന്യമാവുന്നു, അവയ്ക്കു് അസ്തിത്വാര്‍ഹത ഇല്ലാതാവുന്നു. relativity-യുടെ ലോകത്തില്‍ ന്യൂട്ടോണിയന്‍ ഫിസിക്സ്‌ നിലനില്‍ക്കുന്നതു് നിബന്ധനകള്‍ക്കു് വിധേയമായാണു്. ആ നിബന്ധനകള്‍ക്കുള്ളിലേ അതിനെ നീതീകരിക്കാനാവൂ. ജ്യോതിഷം ആധാരമാക്കുന്ന വസ്തുതകള്‍ അടിസ്ഥാനനിബന്ധന എന്ന നിലയില്‍ പരാജയപ്പെടുകയാണെങ്കില്‍ ഒരു ശാസ്ത്രമെന്ന പദവിക്കു് അതിനു് അര്‍ഹതയുണ്ടാവില്ല. ഈ വസ്തുതയുടെ വെളിച്ചത്തില്‍ വേണം ജ്യോതിഷം ഒരു ശാസ്ത്രമോ അല്ലയോ എന്നു് പരിശോധിക്കേണ്ടതു്.

ജ്യോതിഷം എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്, മനുഷ്യജീവിതങ്ങളുടെ ഗതിവിഗതികളെ, പ്രത്യേകിച്ചും ഓരോ വ്യക്തിയുടെയും വിധിയെ, ഭാവിജീവിതത്തെ, 'ഗ്രഹനിലയുടെ' അടിസ്ഥാനത്തില്‍ പ്രവചിക്കുന്ന 'ശാസ്ത്ര'ത്തെയാണു്. (കൈനോട്ടവും മുഖലക്ഷണം പറയലുമെല്ലാം ഇതിന്റെ വകഭേദങ്ങള്‍ മാത്രം!) ഭൂമിയും അതില്‍ ജീവിക്കുന്ന മനുഷ്യരും, വാനഗോളങ്ങള്‍ ഉള്‍ക്കൊള്ളുന്ന, പ്രപഞ്ചം എന്ന പൊതുവിന്റെ ഒരു ഭാഗം മാത്രമാണെന്നും, അതിനുള്ളിലെ താളംതെറ്റലുകള്‍ ഭൂമിയേയും, തദ്വാരാ മനുഷ്യരുടെ ഭൂമിയിലെ നിലനില്‍പിനെയും ബാധിക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യം മറ്റൊരു കാര്യമാണു്. കാലങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും, കാലാവസ്ഥയെ പഠിക്കുന്നതിനുമൊക്കെ ഗ്രഹങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും, ജ്യോതിഷം വഴി ജന്മസമയത്തുതന്നെ ജാതകത്തിലൂടെയോ മറ്റോ, മനുഷ്യരുടെ വിവാഹവും മരണവുമൊക്കെ പ്രവചിക്കുന്നതും രണ്ടും രണ്ടായി കാണേണ്ട കാര്യങ്ങളാണു്. ആദ്യത്തേതു് ഗണിതം, രണ്ടാമത്തേതു് ജീവിക്കാന്‍ വേണ്ടിയുള്ള വേഷം കെട്ടു്, അഥവാ കച്ചവടം.


മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തില്‍ ഒരു വലിയ കച്ചവടസാദ്ധ്യത മറഞ്ഞിരിക്കുന്നുണ്ടു്. ലോട്ടറിയില്‍ ജയിക്കാം, തോല്‍ക്കാം. ടിക്കറ്റ്‌ എടുക്കുന്ന ലക്ഷങ്ങളുടെ പണമാണു് കുന്നുകൂടി ചുരുക്കം ചില പോക്കറ്റുകളില്‍ എത്തിച്ചേരുന്നതു്. പങ്കെടുക്കുന്ന ആര്‍ക്കും ഭാഗ്യമുണ്ടെങ്കില്‍ വിജയശ്രീലാളിതനാവാം എന്ന statistical possibility ലോട്ടറിയെ ആകര്‍ഷണീയമാക്കുമ്പോള്‍, ടിക്കറ്റ്‌ എടുക്കാനും എടുക്കാതിരിക്കാനുമുള്ള മനുഷ്യരുടെ അവകാശം അതിനെ കുറ്റവിമുക്തവുമാക്കുന്നു. പക്ഷേ, ആരു് ജയിച്ചാലും തോറ്റാലും എപ്പോഴും ജയിക്കുന്ന ചിലരാണു് ലോട്ടറി നടത്തുന്നവരും, ഏജന്റന്മാരും! തെരുവിലൂടെ നടന്നു് അതു് വില്‍ക്കുന്നവരാണു് ഇക്കൂട്ടരുടെ 'പണിയായുധങ്ങള്‍'. ഏതു് മതവും, ഏതു് ജ്യോതിഷവും, ഏതു് ഹസ്തരേഖാ'ശാസ്ത്ര'വും, ഏതു് ഗൗളി'ശാസ്ത്ര'വും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു്, ഭാവിയുടെ അനിശ്ചിതത്വം മൂലം, ഭാഗ്യത്തില്‍ വിശ്വസിക്കാനുള്ള മനുഷ്യരുടെ 'നൈസര്‍ഗ്ഗികം' എന്നു് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന വാസനയിലാണു്. മേല്‍പ്പറഞ്ഞ ഭാഗ്യക്കുറിയുടെ കമ്പോളാടിസ്ഥാനത്തിലെ ഘടകങ്ങള്‍ ഏറിയും കുറഞ്ഞും ഇവയിലോരോന്നിലും ദര്‍ശിക്കാന്‍ കഴിയും. ഇവിടെ പക്ഷേ നമ്മുടെ വിഷയം ജ്യോതിഷമാണു്.

ഇന്നത്തേതുപോലെ ടെലസ്കോപ്പുകളോ മറ്റു് ശാസ്ത്രീയ ഉപകരണങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്തു് വാനഗോളങ്ങളെപ്പറ്റിയുള്ള മനുഷ്യരുടെ ധാരണകള്‍ അങ്ങേയറ്റം അപൂര്‍ണ്ണവും അപക്വവുമായിരുന്നു എന്നു് പറയേണ്ടതില്ലല്ലോ. "എവിടെ 'ആരോഗ്യമുണ്ടോ' അവിടെ 'ലൈഫ്ബോയ്‌' കുഞ്ഞാഞ്ഞയുമുണ്ടു്" എന്നപോലെ, എവിടെ അജ്ഞതയുണ്ടോ അവിടെയൊക്കെ അജ്ഞതയെ മുതലെടുക്കുന്നവരുമുണ്ടായിരുന്നു. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍പനക്കാരും. demand and supply!

പണ്ടത്തേപ്പോലെ തന്നെ ഇന്നും നഗ്നമായ നേത്രങ്ങള്‍ കൊണ്ടു് 'തെളിഞ്ഞ' രാത്രികളില്‍ ആകാശത്തേക്കു് നോക്കുന്ന മനുഷ്യര്‍ കാണുന്നതു് ഏതാനും ആയിരം നക്ഷത്രങ്ങള്‍ മാത്രമാണു്. അതേസമയം ഇന്നു്, ഏകദേശം പതിനായിരം കോടി ഗാലക്സികളും, അവയിലോരൊന്നിലും പതിനായിരം കോടി നക്ഷത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭയാനകമായ അപാരതയാണു് പ്രപഞ്ചമെന്നു് മനുഷ്യര്‍ മനസ്സിലാക്കിക്കഴിഞ്ഞു. VLT = (Very Large Telescope) എന്ന എട്ടു് മീറ്റര്‍ വീതം വ്യാസമുള്ള, ഒറ്റയൊറ്റയായി പ്രവര്‍ത്തിക്കാനും, അതുപോലെതന്നെ, കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി പരസ്പരം ബന്ധിപ്പിച്ചു് 120 മീറ്റര്‍ വരെ ആക്കാന്‍ കഴിയുന്നതുമായ, നാലു് reflector telescope-കളാണു് ഇന്നു് 'വിശ്രമമില്ലാതെ' പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്കു് നോക്കി നക്ഷത്രലോകത്തെപ്പറ്റി പുതിയ പുതിയ അറിവുകള്‍ മനുഷ്യനു്നല്‍കിക്കൊണ്ടിരിക്കുന്നതു്. അതിലും വലിയ ഒരു telescope നിര്‍മ്മാണത്തിലുമാണു്.

(നക്ഷത്രലോകത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ മതി. ഒന്നാമത്തെ ചിത്രം നഗ്നനേത്രങ്ങള്‍ക്കു് കാണാന്‍ കഴിയുന്ന orion constellation. രണ്ടാമത്തെ ചിത്രം VLT വഴി എടുത്ത അതിന്റെ 'അടി'ഭാഗത്തിന്റെ ചിത്രം.)ചിത്രം-1ചിത്രം-2

അതായതു്, ജ്യോതിഷം പരിഗണനക്കെടുക്കുന്ന ഗ്രഹങ്ങളുടെ എണ്ണം ഇന്നറിയപ്പെടുന്ന നക്ഷത്രങ്ങളുടെ എണ്ണത്തിന്റെ 'അഞ്ചയലക്കത്തു്' പോലും എത്തുന്നതല്ല. പ്രപഞ്ചവികാസം, black hole, dark matter, dark energy മുതലായവയെപ്പറ്റി മിണ്ടാതിരിക്കുകയാണു് ഭേദം. വ്യക്തിജീവിതത്തിലെ വിധിവിശേഷങ്ങളെ ഗ്രഹനില നോക്കി മനസ്സിലാക്കാന്‍ കഴിയുമെന്നു് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ, ഗ്രഹങ്ങളുടെ സ്വാധീനം എന്നതില്‍ എല്ലാ 'ഗ്രഹങ്ങള്‍ക്കും', എല്ലാ വാനഗോളങ്ങള്‍ക്കും, അതുപോലെതന്നെ, മറ്റു് വാനപ്രതിഭാസങ്ങള്‍ക്കും പങ്കുണ്ടാവണം. അതോ, അവയ്ക്കൊന്നും വലിയ 'ആള്‍സ്വാധീനശക്തി' ഇല്ലെന്നാണോ?

പുരാതന ജ്യോതിഷത്തിന്റെ ദൃഷ്ടിയില്‍ സൂര്യനും ചന്ദ്രനും 'ഗ്രഹങ്ങള്‍' ആയിരുന്നല്ലോ (Sunday, Monday)! ആഴ്ച്ചയിലെ ഏഴു് ദിവസങ്ങള്‍ക്കു് അന്നു് 'അറിയപ്പെട്ടിരുന്ന' ഗ്രഹങ്ങളുടെ പേരുകള്‍ നല്‍കുകയായിരുന്നു. ചില ഭാഷകളില്‍ ഇന്നും ആ പേരുകള്‍ ഉപയോഗിക്കുന്നുമുണ്ടു്. 'കോടാനുകോടി' എന്നു് പറയാമെന്നല്ലാതെ, കൃത്യമായി നക്ഷത്രങ്ങളുടെ എണ്ണം എത്രയെന്നു് പറയാന്‍ പോലും ഇതുവരെ നമുക്കു് കഴിയില്ലെന്നിരിക്കെ, അവയ്ക്കോരോന്നിനും എത്ര 'ഗ്രഹങ്ങള്‍' ഉണ്ടെന്നു് പറയാന്‍ സാധിക്കുന്നതെങ്ങനെ? ഗ്രഹങ്ങള്‍ക്കു് മനുഷ്യരില്‍ സ്വാധീനമുണ്ടെങ്കില്‍ നക്ഷത്രങ്ങള്‍ക്കു് എത്ര കൂടുതല്‍!

ഏതെങ്കിലും ഒരു കുഞ്ഞാണ്ടിയില്‍ ഈ നക്ഷത്രകോടികള്‍ക്കുള്ള സ്വാധീനം കണക്കുകൂട്ടി പറയാന്‍ ഒരു കണിയാനു് കഴിയുമെങ്കില്‍ "അമ്പമ്പട രാഭണാ" എന്നു് അത്ഭുതപ്പെട്ടു് അന്തം വിട്ടു് കുന്തം വിഴുങ്ങി പന്തം കൊളുത്തി സിന്ദാബാദ്‌ വിളിക്കുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാനാവുമെന്നു് സത്യമായിട്ടും എനിക്കു് തോന്നുന്നില്ല.

13 comments:

ഷിജു അലക്സ്‌‌: :Shiju Alex February 20, 2008 at 7:35 PM  

VLT = (Very Large Telescope) എന്ന എട്ടു് മീറ്റര്‍ വീതം വ്യാസമുള്ള, ഒറ്റയൊറ്റയായി പ്രവര്‍ത്തിക്കാനും, അതുപോലെതന്നെ, കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി പരസ്പരം ബന്ധിപ്പിച്ചു് 120മീറ്റര്‍ വരെ ആക്കാന്‍ കഴിയുന്നതുമായ, നാലു് reflector telescope-കളാണു് ഇന്നു് 'വിശ്രമമില്ലാതെ' പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്കു് നോക്കി നക്ഷത്രലോകത്തെപ്പറ്റി പുതിയ പുതിയ അറിവുകള്‍ മനുഷ്യനു് നല്‍കിക്കൊണ്ടിരിക്കുന്നതു്.


ചേട്ടന്‍ പോസ്റ്റില്‍ സൂചിപ്പിച്ചതു വെറും ഒപ്ടിക്കല്‍ ടെലിസ്കോപ്പിന്റെ മാത്രം കാര്യമാണു. അതും ഭുമിയില്‍ നിന്നുള്ള നിരീക്ഷണത്തെ കുറിച്ച് മാത്രം. ഹബ്ബീള്‍ ടെലിസ്കോപ്പ് ഒക്കെ തരുന്ന ചിത്രങ്ങള്‍ നമ്മുടെ പല ധാരണകളും തെറ്റാണെന്നു തെളിയിക്കുന്നു .

ഇതിലും അത്ഭുതകരവും മനുഷ്യമനസ്സിനു സങ്കല്‍പ്പിക്കാവുന്നതിലും ഉപരിയായ വിവരങ്ങളും വിജ്ഞാനവും ആണു ദൃശ്യപ്രകാശത്തിനു പുറത്തുള്ള വിദ്യുത് കാന്തിക തരംഗങ്ങളെ പഠിക്കുന്നതിലൂടെ നമുക്കു കിട്ടി കൊണ്ടിരിക്കുന്നതു. പ്രത്യേകിച്ചും റേഡിയോ തരംഗങ്ങള്‍. ആകാശഗംഗയെ കുറിച്ചുള്ള മിക്കവാറും എല്ലാ വിവരങ്ങളും റേഡിയോ തരംഗങ്ങള്‍ പഠിച്ചതു വഴി ലഭിച്ചതാണ്. ആദിമ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കുന്നതു വിദൂര പ്രപഞ്ചത്തില്‍ നിന്നു വരുന്ന റേഡിയോ തരംഗങ്ങളാനു.

ദൃശ്യപ്രകാശത്തിലൂടെ നമ്മള്‍ പ്രപഞ്ചത്തെക്കുറിച്ചു മനസ്സിലാക്കിയില്‍ എത്ര എത്രയോ അധികം കാര്യങ്ങള്‍ മറ്റു തരംഗങ്ങലിലൂടെ മനസ്സിലാക്കി കഴിഞ്ഞു.

പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ഓറിയോണ്‍ നെബുലയൂടെ ചിത്രവും ഇന്‍ഫ്രാറെഡ് ഇമെജ് ആണെന്നാ എന്റെ അറിവ്.

കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ഇവിടെ ശ്രമിച്ചിട്ടുണ്ട്. http://jyothisasthram.blogspot.com/2006/11/blog-post.html

സ്വതന്ത്രമായ മനസ്സും വിജ്ഞാനം നേടാള്ള താല്പര്യവും ദൃശ്യപ്രകാശത്തിനപ്പുറത്തെക്കു പരത്താന്‍ താല്പര്യം ഇല്ലാത്തവര്‍ക്കു ജ്യൊതിഷം പോലുള്ള പ്സ്യൂഡോ ശാസ്ത്രം തന്നെ അധികമാണു.

അല്ലാത്ത സാഹസികര്‍ക്കും സ്വതന്ത്ര ചിന്തകര്‍ക്കും ഈ ബ്ലൊഗിന്റെ തലക്കെട്ടില്‍ പറഞ്ഞിരിക്കുന്നതു പോലെ ‍വിശാലമായ് വിജ്ഞാന മണ്ഡലത്തിലേക്കു സ്വാഗതം.

സി. കെ. ബാബു February 20, 2008 at 8:41 PM  

Hubble Telescope-ന്റെ കാര്യം ഞാന്‍ പറഞ്ഞില്ലെന്നേയുള്ളു. Red shift പ്രശ്നം മൂലം ഹബ്ബിള്‍ ചുവപ്പിനോടു് 'അന്ധത' കാണിക്കുന്നതും, ആരംഭത്തിലെ അതിന്റെ മറ്റൊരു 'കാഴ്ച്ചക്കുറവു്' ഒരു 'കണ്ണട' വച്ചു് പരിഹരിച്ചതും മറ്റും. ഞാന്‍ പറയാന്‍ ആഗ്രഹിച്ച കാര്യം പറയാന്‍ അതിന്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. കുരുവിയെ പീരങ്കി കൊണ്ടു് വെടി വയ്ക്കണമോ? ജ്യോതിഷത്തിന്റെ അര്‍ത്ഥശൂന്യതയായിരുന്നു എന്റെ വിഷയം. അതിനു് ഞാന്‍ പറഞ്ഞതുതന്നെ ധാരാളം മതിയാവുമെന്നാണെന്റെ വിശ്വാസം. പ്രതികരിച്ചതിനു് നന്ദി.

റോബി February 21, 2008 at 5:16 AM  

ഒരു വിഷയം ശാസ്ത്രീയമാകുന്നത് അതിന്റെ മെത്തഡോളജിയിലല്ലേ..?
ജ്യോതിഷത്തിലും കൈനോട്ടത്തിലുമെല്ലാം ചിലപ്പോള്‍ ‘നിരീക്ഷണങ്ങള്‍’ ശരിയാവാറുണ്ട്. പക്ഷെ സയന്‍സ് പിന്നെയും എങ്ങിനെ, എന്തിന്, എന്തു കൊണ്ട് എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. ജ്യോതിഷത്തിന് ഈ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്തത് അതിന്റെ മെത്തഡോളൊജി ശരിയല്ലാത്തതിനാലാണ്. അതു കപടശാസ്ത്രമാകുന്നതും അതു കൊണ്ടു തന്നെ.

വിനയന്‍ February 21, 2008 at 5:43 AM  

ശ്രീ‍.ബാബു

മനുഷ്യന്റെ നേരിട്ടുള്ള അറിവിനപ്പുറത്തുള്ള കാരങ്ങളെ ക്കുറിഛ്കുള്‍ല സമസ്യകള്‍ മനുഷ്യന് എന്നു അത്ഭുതങ്ങളായിരുന്നു.ഭൂമിയില്‍ കാണുന്ന സകലതിനെയും ഈശ്വരന്മാരായി കണ്ട ഒരു ജനവിഭാഗത്തിന്റെ കാഴ്ചപാടുകള്‍ ആയിരുന്നു ഇത്തരം വിശ്വാസങ്ങള്‍ക്ക് ആധാരം.യുക്തിപരമായ പരീക്ഷണങ്ങളില്‍ കൂടി കടന്നു പോയപ്പോല്‍ പല സംശയങ്ങള്‍ക്കും തീരുമാനമായി.എന്നാല്‍ ഇത് മതപരവും പാരമ്പര്യവുമായ ചടാങ്ങുകള്‍ക്കും മറ്റും ആധാരമായപ്പോള്‍ ഇതിന്റെ യുക്തിയെ ക്കുറിച്ച് ആര്‍ക്കും അറിയ്യേണ്ട എന്നായി.ചിലര്ര് അറിവില്ലായ്മ ആഘോഷിക്കുകയാണ്.ജ്യോതിശം ഒരു ശാസ്ത്രമാണേന്ന്ന് പറഞ്ഞ് വാശി പിടിക്കുന്നവര്‍ പാവം കൈനോട്ടക്കാരോ മറ്റോ അല്ല ഇവിടെ എസ്റ്റാബ്ലിഷ് ആയിട്ടുള്ള വലിയ ഒരു സമൂഹമാണ്.

നന്ദി ഇത്തരം ഒരു വിഷയം അവതരിപ്പിച്ചതിന്

സി. കെ. ബാബു February 21, 2008 at 8:15 AM  

റോബി,
ജ്യോതിഷത്തിലെയും, കൈനോട്ടത്തിലെയുമൊക്കെ നിരീക്ഷണങ്ങള്‍ 'ചിലപ്പോള്‍' ശരിയാവുന്നതു് ഒരു pure statistical probability അല്ലേ? സയന്‍സ് ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതിനേക്കാള്‍, ചോദ്യങ്ങളിലൂടെ സയന്‍സ് ജനിക്കുന്നു എന്നതാണു് കൂടുതല്‍ ശരി എന്നു് തോന്നുന്നു. മെത്തഡോളജിക്കു് reasonable fundamentals വേണം. അതില്ലാത്തതാണു് ജ്യോതിഷം പോലുള്ള 'ശാസ്ത്രങ്ങള്‍ക്കു്' മറുപടി ഇല്ലാതാവുന്നതിനു് കാരണം. ഈ കുറവു് പരിഹരിക്കാനാണു് അവര്‍ പരിശോധിക്കാന്‍ കഴിയാത്തതെന്നു് കരുതുന്ന ചില മാധ്യമങ്ങളെ ഉത്തരമായി മുന്‍‌കൂട്ടി നിശ്ചയിച്ചുറപ്പിക്കുന്നതു്. അതുവഴി മുരടിക്കുന്നതു് അന്വേഷിക്കാനുള്ള മനുഷ്യരുടെ ജന്മവാസനയും. ഈ സനാതനമാധ്യമങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നു് വരുന്നതാണു്‍ അവരുടെ ഏറ്റവും വലിയ അസ്വസ്ഥത.

വിനയന്‍,
പറഞ്ഞതു് ശരിയാണു്. എസ്റ്റാബ്ലിഷ്ഡ് ആയ ചില കാര്യങ്ങള്‍ അങ്ങനെ തന്നെ എന്നും നിലനില്‍ക്കണം എന്നു് കരുതുന്ന ഒരു ന്യൂനപക്ഷത്തിന്റെ കയ്യിലാണു് സമൂഹത്തിന്റെ ചുക്കാന്‍. അധികപങ്കു് ജനങ്ങളെയും ഈ വിശ്വാസത്തില്‍ പിടിച്ചു് നിര്‍ത്താന്‍ കഴിയുന്നതാണു് അവരുടെ നേട്ടം. ലക്ഷണം പറയലും, കൈനോട്ടവും, നേര്‍ച്ചയും, പ്രാര്‍ത്ഥനയുമൊക്കെയായി എങ്ങനെയെങ്കിലും ജീവിതം തള്ളി നീക്കുന്ന ജനലക്ഷങ്ങള്‍ എന്നിട്ടും സ്വന്തം ആരാച്ചാരന്മാരെ ആരാധിക്കാന്‍ മടിക്കുന്നുമില്ല.

സഞ്ചാരി February 21, 2008 at 11:54 AM  
This comment has been removed by the author.
സഞ്ചാരി February 21, 2008 at 11:58 AM  

ജ്യോതിഷത്തിന്റെ അടിസ്ഥാനരാഹിത്യത്തെ കുറിച്ചുള്ള താങ്കളുടെ ശാസ്ത്രീയമായ വിവരണത്തോട്‌ ഞാന്‍ യോജിക്കുന്നു. പക്ഷെ മറ്റൊരു കമന്റില്‍ -"കുരുവിയെ പീരങ്കി കൊണ്ടു് വെടി വയ്ക്കണമോ? ജ്യോതിഷത്തിന്റെ അര്‍ത്ഥശൂന്യതയായിരുന്നു എന്റെ വിഷയം."-എന്ന് കണ്ടു. പക്ഷെ, "കുരുവിക്കുള്ള" അതെ ആയുധം മതത്തിനു വച്ചതിന്റെ അതിസാഹസികത ഉള്‍കൊള്ളാനാവുന്നില്ല. താങ്കള്‍ എഴുതി, "ഏതു് മതവും, ഏതു് ജ്യോതിഷവും, ഏതു് ഹസ്തരേഖാ'ശാസ്ത്ര'വും, ഏതു് ഗൗളി'ശാസ്ത്ര'വും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു്, ഭാവിയുടെ അനിശ്ചിതത്വം മൂലം, ഭാഗ്യത്തില്‍ വിശ്വസിക്കാനുള്ള മനുഷ്യരുടെ 'നൈസര്‍ഗ്ഗികം' എന്നു് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന വാസനയിലാണു്." മറിച്ച്‌ വളരെ വിശാലമായ അര്‍ത്ഥത്തിലാണ്‌ ഇത്‌ പറഞ്ഞതെങ്കില്‍ ആധുനിക ശാസ്ത്രവും അതില്‍ ഉള്‍പ്പെടുത്തേണ്ടേ? കാരണം ഇതേ അനിശ്ചിതത്വം അവയും വെളിപ്പെടുത്തുന്നുണ്ടല്ലൊ. അതായത്‌ ഒരു കണികയുടെ സ്ഥാനവും വേഗതയും ഒരേ സമയത്ത്‌ നിര്‍ണ്ണയിക്കാനവില്ലെന്ന് അനുശ്ചിതത്വ സിദ്ധാന്തം അനുശാസിക്കുന്നത്‌ താങ്കള്‍ക്ക്‌ അറിയാമല്ലൊ. നിരീക്ഷണങ്ങളെ ഭരിക്കുന്ന ഒരു നിയത നിയമവും ക്വാണ്ടം മെക്കാനിക്സില്‍ ഇല്ല. മൈക്രൊതലത്തില്‍ നമുക്കു കിട്ടുന്ന അറിവും നേരിട്ടുള്ളതല്ല, മറിച്ച്‌ അനുഭവാസ്പ്ദമായ അനുമാനങ്ങളിലൂടെ ഉരുത്തിരിയുന്നതാണ്‌ മിക്കതും. ക്രമമില്ലായ്മയിലെ ക്രമത്തേയും, ക്രമത്തിലെ ക്രമമില്ലായ്‌മയേയുമാണ്‌ കയോസ്‌ തിയറിസ്റ്റുകള്‍ തെളിയിക്കുന്നത്‌. ഇനി താങ്കള്‍ പറഞ്ഞത്‌ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; ഈ അനിശ്ചിതത്വങ്ങള്‍ക്കിടയിലും 'ഭാഗ്യത്തില്‍' വിശ്വസിക്കാനുള്ള ശാസ്ത്രഞ്ജന്റെ നെസ്സര്‍ഗികമായ കഴിവില്‍ 'സത്യങ്ങള്‍' പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ സ്വയംഭരണാധികാരം അംഗീകരിക്കുകയും മതവിശ്വാസികളിലുള്ള തിരിച്ചറിവുകളുടെ മറ്റു മാനദണ്ഡങ്ങള്‍ മുന്‍വിധികളോടെ അവഗണിക്കുകയും ചെയ്യുന്നതിനോട്‌ യോജിക്കാനാവുന്നില്ല (മതത്തിന്റെ പേരില്‍ മുതെലെടുപ്പുകള്‍ നടക്കുന്നില്ല എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല). കാണപ്പെടാത്തവയെക്കുറിച്ചുള്ള രഹസ്യാവബോധത്തേക്കാള്‍ കാണപ്പെടുന്നവയുടെ രഹസ്യാത്മകതയെ ശാസ്ത്രം മതത്തിന്‌ പരിചയപ്പെടുത്തുകയല്ലേ ചെയ്യുന്നത്‌. വിശ്വാസമില്ലാത്ത ഒരു വ്യക്തിക്ക്‌ ഏത്‌ ഹബ്ബിള്‍ ടെലസ്കോപ്പ്‌ വച്ചു നോക്കിയാലും അവരുടെ മേഖല കാണുവാനോ നിഷേധിക്കാനോ സാധ്യമല്ല എന്നതാണ്‌ എന്റെ തിരിച്ചറിവ്വ്‌ - ഇവിടെ വായിക്കുക
സ്നേഹപൂര്‍വ്വം,
സഞ്ചാരി

സി. കെ. ബാബു February 21, 2008 at 1:34 PM  

സഞ്ചാരി,

If you want to believe in God, please do that. If anybody else wants not to believe in 'your' God, please let him go his way. I think, and I hope that God is mighty enough to go His own way. And I also think that all the problems in this respect arise only if we try to help God in his actions, which ought to be autonomous.

Umesh::ഉമേഷ് February 22, 2008 at 5:18 AM  

നല്ല ലേഖനം. ഈ വിഷയത്തില്‍ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

പിന്നെ, സൂര്യന്‍ തുടങ്ങിയ ഗോളങ്ങളെ ഗ്രഹം എന്നോ പ്ലാനറ്റ് എന്നോ വിളിച്ചതിനു പഴയ ആളുകളെ കുറ്റം പറയുന്നതു ശരിയല്ല. Wanderer എന്നാണു് planet എന്നതിന്റെ പഴയ അര്‍ത്ഥം. നക്ഷത്രങ്ങളെപ്പോലെ സ്ഥിരമായി നില്‍ക്കാതെ (ഇതും ശരിയല്ല. പക്ഷേ, കുറച്ചു കാലത്തെ നിരീക്ഷണം കൊണ്ടു് അതു പറയാന്‍ പറ്റില്ല.) ദിവസവും നീങ്ങിക്കൊണ്ടിരിക്കുന്ന സാധനങ്ങളെ പ്ലാനറ്റുകള്‍ എന്നു വിളിച്ചതു ശരി തന്നെയാണു്. അന്നു് ഭൂമിയുടെ ചുറ്റും ഇവ കറങ്ങുന്നു എന്നായിരുന്നല്ലോ അറിവു്.

പഴിക്കേണ്ടതു് ആധുനികശാസ്ത്രജ്ഞരെത്തന്നെയാണു്. സൂര്യനു ചുറ്റും കറങ്ങുന്ന ഗോളങ്ങള്‍ക്കു് ഒരു പേരു വേണ്ടി വന്നപ്പോള്‍ അവരെന്തിനു് പ്ലാനറ്റ് എന്ന വാക്കു തന്നെ ഉപയോഗിച്ചു? പണ്ടു മറ്റൊരര്‍ത്ഥത്തില്‍ ഉപയോഗിച്ച വാക്കിനെ വേറേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടു് പണ്ടു പറഞ്ഞവര്‍ തെറ്റു പറഞ്ഞു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ജ്യോതിഷത്തില്‍ മാത്രമല്ല, ജ്യോതിശ്ശാസ്ത്രത്തിലും പ്ലാനറ്റ് എന്ന വാക്കു തന്നെ ഉപയോഗിച്ചിരുന്നു എന്നും ഓര്‍ക്കുക.

പിന്നെ, ശുദ്ധഗണിതം പരാജയപ്പെടുന്ന പല സ്ഥലങ്ങളിലും സ്റ്റാറ്റിസ്റ്റിക്സ് വിജയിക്കുന്നുണ്ടു്. ജ്യോതിഷാനുകൂലികള്‍ ഇപ്പോള്‍ പറയുന്നതു് അതൊരു സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ് ആണെന്നാണു്. അതിനെ ഖണ്ഡിക്കാനുള്ള ശരിയായ വഴി നിഷ്പക്ഷമായ സ്റ്റാറ്റിസ്റ്റിക്കല്‍ പഠനങ്ങള്‍ നടത്തി ഫലം പരീക്ഷിക്കലാണു്. പലരും ചെയ്തിട്ടുണ്ടു്. അവയൊക്കെ ജ്യോതിഷത്തിനെതിരെയാണു വിരല്‍ ചൂണ്ടുന്നതു്.

ഞാന്‍ നടത്തിയ ഒരു ചെറിയ പരീക്ഷണം ഇവിടെ.

സി. കെ. ബാബു February 22, 2008 at 9:27 AM  

ഉമേഷ്,

ലിങ്ക് നല്‍കിയതിനു് നന്ദി. ഞാന്‍ ബൂലോകത്തു് എത്തിയിട്ടു് ആറേഴു് മാസമേ ആയിട്ടുള്ളു. ഈ വിഷയത്തിലെ പഴയ പോസ്റ്റുകള്‍ selective ആയി വായിക്കാന്‍ ലിങ്ക് വഴി മാത്രമേ സാധിക്കൂ.

പുരാതനകാലങ്ങളില്‍ പുരോഹിതന്മാരായിരുന്നില്ലേ കലണ്ടര്‍ അടക്കമുള്ള കാര്യങ്ങളുടെ authority. നിലവിലിരിക്കുന്ന ധാരണകള്‍ തെറ്റാണെന്ന അറിവു് പ്രസിദ്ധീകരിക്കുവാന്‍ കോപ്പര്‍നിക്കസിനെപ്പോലുള്ളവര്‍ എത്ര ഭയന്നിരുന്നു എന്നതില്‍നിന്നും ബാല്യദശയിലെ ശാസ്ത്രം അക്കാലത്തു് നേരിടേണ്ടിയിരുന്ന അഗ്നിപരീക്ഷണങ്ങളുടെ‍ തീവ്രത മനസ്സിലാക്കാമല്ലോ. പ്ലാനറ്റ് എന്ന പേരു് മാറ്റേണ്ടതായിരുന്നു എന്നതു് തത്വത്തില്‍ ശരിതന്നെ. പക്ഷേ അതൊരു issue ആക്കിയതുകൊണ്ടു് ഇന്നു് എന്തു് നേടാന്‍?

സ്റ്റാറ്റിസ്റ്റിക്സിന്റെ സ്വഭാവമാണു് uncertainty എന്നിരിക്കെ, അവയെ അസന്ദിഗ്ദ്ധപ്രവചനങ്ങളുടെ ആധാരമാക്കാമെന്ന ജ്യോതിഷത്തിന്റെ അവകാശവാദം അതില്‍ത്തന്നെ contradictory ആവുകയല്ലേ?

ഒരു ഉദാഹരണം: കരയിലെത്തി മുട്ടയിട്ടിട്ടു് കടലാമയമ്മമാര്‍ കടലിലേക്കു് തിരിച്ചുപോകുന്നു. മുട്ടവിരിയുമ്പോള്‍ നൂറുകണക്കിനു് കുഞ്ഞുങ്ങള്‍ പരസഹായമില്ലാതെ കടല്‍ ലക്‍ഷ്യമാക്കി ഓടുന്നു. ഇവയില്‍ കുറെയെണ്ണത്തെ വഴിയില്‍ വച്ചു് എല്ലാ സീസണിലും അന്യജീവികള്‍ പിടിച്ചു് തിന്നാറുണ്ടു്. ചിലതിനെ വെള്ളത്തിലെത്തുന്നതിനു് തൊട്ടു് മുന്‍‌പുപോലും! statistically, ഓരോ സീസണിലും ഇത്ര ശതമാനം കുഞ്ഞുങ്ങള്‍ ഇരയാകുന്നു എന്നു് പറയുകയല്ലാതെ, ഏതെങ്കിലും ഒരു പ്രത്യേക കുഞ്ഞു് കടലിലെത്തുമോ എന്നു് പറയാന്‍ കഴിയുമോ? എത്താം, എത്താതിരിക്കാം. അതിനുള്ള അതിന്റെ chance fifty/fifty! അവിടെയും സ്റ്റാറ്റിസ്റ്റിക്സ്! കുഴിയിലെ മുട്ടകള്‍ മാന്തിയെടുത്തു് തിന്നുന്നതില്‍ specialize ചെയ്തിരിക്കുന്ന ചില ജീവികള്‍ ഉണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ അനിശ്ചിതത്വം പിന്നെയും കൂടുന്നു!

കടലാമമുട്ടകളും കുഞ്ഞുങ്ങളും‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരായിരുന്നെങ്കില്‍ കണിയാന്മാര്‍ക്കു് കടലാമയുടെ മുട്ടയിടല്‍ സീസണ്‍ ചാകരയായിരുന്നേനെ!

സൂരജ് :: suraj February 23, 2008 at 12:03 AM  

Dear Babu sir,

രണ്ടു ദിവസം ഇതു miss ചെയ്തു....ഹൊ ഒടുവില്‍ ബാബു മാഷ് ആ വെടിക്കെട്ടിനും തിരികൊളുത്തി. സുന്ദരമായ അവലോകനങ്ങള്‍, കമന്റുകള്‍.ഉമേഷ് ജീയുടെ ലിങ്ക് ഇവിടേയ്ക്കുകൂടി ചേര്‍ത്തതു നന്നായി. ഈ വിഷയത്തിലെ പോസ്റ്റുകള്‍ക്ക് ഒരു ഏകോപനമുണ്ടാകുമല്ലോ.

ഒരു സംശയം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി, ഇവിടെ ചോദിക്കട്ടെ:

1. ജ്യോതിഷത്തില്‍ ഇന്ന നക്ഷത്രക്കാര്‍ക്ക് ഇന്ന ഫലം എന്ന് പറയുന്നതില്‍ ഈ ‘ഫലം’എന്നത് പണ്ടുകാലങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ രീതിയില്‍ തയാറാക്കപ്പെട്ടാതാണ് എന്ന് പല ജ്യോതിഷാ‍നുകൂലികളും വാദിച്ചു കേള്‍ക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ഫലങ്ങള്‍ നേരത്തേ തന്നെ തയാറാക്കപ്പെട്ട stock ഫലത്തില്‍ നിന്നും (stock ഫിലിം footage പോലെ)പറയുന്നതാണോ ?

2. ഏതെങ്കിലും കാലത്ത് ഇതേ സംബന്ധിച്ച് വല്ല സ്റ്റാറ്റിസ്റ്റിക്കല്‍ ഗണനങ്ങളും നടന്നതായി അറിയുമോ ? (സാമാന്യബുദ്ധി കൊണ്ടുചിന്തിച്ചാല്‍ സാധ്യത തീരെയില്ല, എങ്കിലും ഒരു സംശയം)

3.ഈ ഫലങ്ങള്‍ ഏതെങ്കിലും ഒരു പുസ്തകത്തിലായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടോ ? ( ഹോരാ സ്പെഷ്യലിസ്റ്റായതിനാല്‍ ഉമേഷ് ജീക്ക് ഇതിനുത്തര്‍ം തരാന്‍ കഴിയുമെന്നു തോന്നുന്നു.)

Umesh::ഉമേഷ് February 23, 2008 at 2:02 AM  

സൂരജിന്റെ ചോദ്യങ്ങള്‍ക്കുത്തരം:

1. ആ‍വാം. പക്ഷേ, ആണെങ്കില്‍ക്കൂടി ഒരു പക്ഷേ രാജാക്കന്മാരുടെയും അതുപോലെയുള്ള പ്രമുഖവ്യക്തികളുടെയും ജാതകത്തില്‍ നിന്നായിരിക്കും അവ ഉണ്ടാക്കിയതു്. വളരെയധികം ആളുകള്‍ക്കു രാജയോഗം ഉണ്ടാകാന്‍ കാരണം ഇതായിരിക്കാം.

2. ഇന്നത്തെ സ്റ്റാറ്റിസ്റ്റിക്സ് രീതിയാവില്ല. ഒരാള്‍ക്കു ശരിയായാല്‍ അതെഴുതിയിരിക്കാം. ശാസ്ത്രീയം എന്നു പറയാനാവില്ല.

3. പല പുസ്തകങ്ങളിലും ഫലങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ടു്. സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ ഇല്ല.

ബാബു സ്റ്റാറ്റിസ്റ്റിക്സിനെപ്പറ്റി പറഞ്ഞതിനോടു പൂര്‍ണ്ണമായി യോജിക്കാന്‍ പറ്റില്ല. Level of confidence/significance കണക്കാക്കി കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും വേണം സ്റ്റാറ്റിസ്റ്റിക്സ് റിസല്‍റ്റുകള്‍ അനലൈസ് ചെയ്യാന്‍. ജ്യോതിഷത്തിന്റെ ഫലങ്ങള്‍ ഇങ്ങനെ നോക്കിയാലും വിശ്വസനീയമല്ല.

സി. കെ. ബാബു February 23, 2008 at 8:05 AM  

ഉമേഷ്,

'കൊള്ളേണ്ടതു് കൊണ്ടും, തള്ളേണ്ടതു് തള്ളിയും' എന്നതിലെ (വിധികര്‍ത്താവിന്റെ) subjectivity വസ്തുനിഷ്ഠതയെ ബാധിക്കാതിരിക്കുമോ? uncertain ആയ statistical results-ല്‍ നിന്നും concrete conclusion സാദ്ധ്യമാവുമോ? ഇല്ലെന്നായിരുന്നു ഞാന്‍ പറയാന്‍ ആഗ്രഹിച്ചതു്.(ഉദാഹരണത്തിനു് എന്റെ 'കഥയിലെ' ഏതെങ്കിലും ഒരു പ്രത്യേക ആമക്കുഞ്ഞിന്റെ survival). Can you please explain your position?

സൂരജ്,

എന്റെ പോസ്റ്റ് തനിമലയാളത്തില്‍ വന്നു് ഒരു ദിവസം കഴിഞ്ഞാണു് ചിന്തയില്‍ വന്നതു്. അതാവും miss ചെയ്യാന്‍ കാരണം. മറ്റു് ചിലരുടെ പോസ്റ്റുകള്‍ ചിന്തയില്‍ വരാറേ ഇല്ല. ഈയിടെയാണു് ഞാന്‍ അതു് ശ്രദ്ധിച്ചതു്.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP