Wednesday, December 26, 2007

അഴിമതിയെ ഭരിക്കുന്ന അഴിമതിക്കാര്‍

‍ചില കാര്യങ്ങള്‍ക്കു് ചരിത്രത്തില്‍ വലിയ മാറ്റം സംഭവിക്കുന്നില്ല എന്നു് മാത്രമല്ല, പലപ്പോഴും ഒന്നിനു് ഒന്നു് എന്ന അനുപാതത്തില്‍ ആവര്‍ത്തിക്കപ്പെടുക പോലും ചെയ്യുന്നതായി തോന്നുന്നു. ഗ്രീക്ക്‌ തത്വചിന്തകനായിരുന്ന ഹിറാക്ലൈറ്റസുമായി ബന്ധപ്പെടുത്തി വര്‍ണ്ണിക്കപ്പെടുന്ന ഒരു സംഭവം ഇതിനു് തെളിവായി ചൂണ്ടിക്കാണിക്കാവുന്ന ഒരു നല്ല ഉദാഹരണമാണു്.

ഒരു അസാധാരണ പ്രതിഭയും, ഹിറാക്ലൈറ്റസിന്റെ കുടുംബസുഹൃത്തുമായിരുന്ന ഹെര്‍മൊഡോര്‍ എഫേസൂസ്‌ ഭരിക്കുന്ന സമയത്തു് എഫേസൂസ്യര്‍ അവനെ നാടുകടത്തുന്നു! "ഞങ്ങളുടെ ഇടയില്‍ ആരും അത്ര വലിയ കഴിവുള്ളവനാവരുതു്" എന്നതായിരുന്നു ഈ നടപടിക്കു് അവര്‍ നല്‍കിയ നീതീകരണം! (ഒരു തനിമലയാളവായ്മൊഴിയാണോ എന്നു് സംശയിച്ചുപോകാവുന്ന വാചകം!) ഇതു് കേട്ട ഹിറാക്ലൈറ്റസ്‌, "എഫേസൂസിലെ പ്രായപൂര്‍ത്തിയായ സകലരും തൂങ്ങിച്ചാവുകയും, ഭരണം കുട്ടികളെ ഏല്‍പ്പിക്കുകയുമാണു് ചെയ്യേണ്ടതു്" എന്നു് പ്രതികരിച്ചുകൊണ്ടു് എഫേസൂസ്‌ വിട്ടു് പോകുന്നു!

(കുലീനകുടുംബത്തില്‍ പിറന്നതുമൂലം, ഭരണകാര്യങ്ങളില്‍ പങ്കെടുക്കാന്‍ ചുമതലപ്പെട്ടവനായ ഹിറാക്ലൈറ്റസ്‌ ഒരിക്കല്‍ കുട്ടികളോടൊത്തു് "വട്ടു്" കളിച്ചുകൊണ്ടിരിക്കുന്നതു് കണ്ട മറ്റു് നേതാക്കള്‍ അതു് വിശ്വസിക്കാനാവാതെ അന്തം വിട്ടു് പിളര്‍ന്ന വായുമായി ചുറ്റും കൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞത്രേ: "എന്താ നശിച്ചവരേ, കുട്ടികളോടൊപ്പം വട്ടു് കളിക്കാതെ നിങ്ങളോടൊപ്പം രാഷ്ട്രീയം കളിക്കണമെന്നാണോ നിങ്ങള്‍ പറയുന്നതു്?" ഒരേ പുഴയില്‍ രണ്ടുവട്ടം ഇറങ്ങാന്‍ ആര്‍ക്കും കഴിയില്ലെന്ന, ഇന്നും അര്‍ത്ഥസമ്പൂര്‍ണ്ണമായ, പ്രസിദ്ധ വാചകത്തിന്റെ മൂലവും ഇദ്ദേഹത്തിന്റേതു് തന്നെ!)

കേരളജനതയുടെ (ഭാരതജനതയുടെ എന്നു് വായിച്ചാലും വ്യത്യാസമൊന്നും വരാനില്ല!) തലവിധിയെന്നു് വിളിക്കാവുന്ന രാഷ്ട്രീയ-സാമുദായിക "ആചാര്യന്മാരെ" ഹിറാക്ലൈറ്റസ്‌ കാണുകയോ, കേള്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍, ഇവറ്റകള്‍ ഒന്നടങ്കം, ഓരോരുത്തരും ഒരിക്കല്‍ മുങ്ങിയാല്‍ പിന്നെ പൊങ്ങാന്‍ കഴിയാത്തത്ര ഭാരമുള്ള കല്ലും കഴുത്തില്‍ കെട്ടി ജാഥയായി, ഇങ്ക്വിലാബും വിളിച്ചുകൊണ്ടു്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചെന്നു് മുങ്ങിച്ചാവണം എന്നു് പറയുമായിരുന്നു എന്നാണെന്റെ വിശ്വാസം. ആരും ഭരിക്കാതിരുന്നെങ്കില്‍ കേരളത്തിലെ ജനത തീര്‍ച്ചയായും ഇതിലും മെച്ചപ്പെട്ടേനെ!

ഭരണത്തിലിരിക്കുന്ന കക്ഷികളില്‍ ജനങ്ങള്‍ അസംതൃപ്തരാണെങ്കില്‍ അവരെ ഇറക്കിവിട്ടു് പ്രതിപക്ഷത്തിരിക്കുന്നവരെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ക്കു് കഴിയും. പക്ഷേ, അതുകൊണ്ടു് കേരളത്തില്‍ എന്തെങ്കിലും നേടാനാവുമോ? അധികം ആലോചിക്കേണ്ട! ഇല്ലെന്നു് തന്നെ മറുപടി. ഭൂരിപക്ഷമുണ്ടാക്കി അധികാരത്തിലെത്താനാവുമെങ്കില്‍ ഇതുവരെ സഹശയനം ചെയ്തിരുന്നവരുടെ കിടപ്പറ വിട്ടു് അടിവസ്ത്രങ്ങള്‍ പോലും മാറാതെ, ആദര്‍ശപരമായി കടകവിരുദ്ധമായ നിലപാടുകള്‍ പുലര്‍ത്തുന്നവരുടെ കിടപ്പറയിലെത്താന്‍ മടിക്കാത്ത രാഷ്ട്രീയനേതാക്കള്‍ ഒരുവശത്തു്! ധര്‍മ്മത്തിന്റെയും നീതിയുടെയും മുഖംമൂടി അണിഞ്ഞുകൊണ്ടു് പിശാചുപോലും നാണിക്കുന്ന അധര്‍മ്മവും അനീതിയും ചെയ്യാന്‍ ലജ്ജ തോന്നാത്ത ആത്മീയ ഗുരുക്കള്‍ മറുവശത്തു്. അതിനിടയില്‍ സ്വന്തം നേതാവു് എന്തു് താന്തോന്നിത്തം കാണിച്ചാലും പിന്‍തുണ നല്‍കാന്‍ മടിക്കാത്ത, ദയനീയതയ്ക്കു് ഇരട്ടപിറന്നപോലുള്ള കുറേ അനുയായികളും!

പത്രവാര്‍ത്തകളിലെ സിംഹഭാഗവും അഴിമതിക്കഥകളും, ജുഡീഷ്യല്‍ അന്വേഷണവും, ക്രൈംബ്രാഞ്ച്‌ അന്വേഷണവും, C.B.I. അന്വേഷണവുമൊക്കെയാണു് കയ്യടക്കുന്നതു്. അന്വേഷണകമ്മീഷനുകള്‍, പരസ്യാന്വേഷണം, രഹസ്യാന്വേഷണം, ഏകോപനസമിതി, പ്രകോപനസമിതി മുതലായവ വേറെയും! അന്വേഷിക്കേണ്ട അഴിമതികളില്‍ അധികപങ്കും രാഷ്ട്രീയ പിന്‍തുണയോടെ സംഭവിക്കുന്നതാണെന്നതു് ഇതിനെല്ലാം പിന്നില്‍ ഒളികണ്ണും മന്ദഹാസവുമായി മറഞ്ഞിരിക്കുന്ന നാറുന്ന യാഥാര്‍ത്ഥ്യവും! (ഈ സാഹചര്യത്തില്‍, "അഴിമതിവകുപ്പു്" എന്നൊരു വകുപ്പു് അഴിമതി എന്ന വിഴുപ്പു് അലക്കാന്‍ മാത്രമായി സൃഷ്ടിക്കുന്നതു് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നു് തോന്നുന്നു! തന്മയത്വമായി "അഴിമതിക്കുന്നതില്‍" താത്വികവും, പ്രായോഗികവുമായ വൈദഗ്ദ്ധ്യം തെളിയിച്ച ഏതെങ്കിലും ഒരു രാഷ്ട്രീയ "ആചാര്യനെ" ആ വകുപ്പിന്റെ ചുമതല ഏല്‍പിക്കുന്നതു് തികച്ചും ധീരവും ധാര്‍മ്മികവുമായ ഒരു ചുവടുവയ്പ്പുമായിരിക്കും!)

ജനങ്ങള്‍ക്കു് അടിസ്ഥാനസൗകര്യങ്ങള്‍ പോലും വേണ്ടത്ര ലഭിക്കുന്നില്ല. പക്ഷേ അതു് ഉറപ്പാക്കാന്‍ ബാദ്ധ്യതയുള്ളവരുടെ ശമ്പളവും സൗകര്യങ്ങളും നിരന്തരം വര്‍ദ്ധിപ്പിക്കുന്നു. "സാമൂഹിക ഉടമ്പടി" എന്നൊന്നുണ്ടു്. സമൂഹം വാഗ്ദാനം ചെയ്യുന്ന ജനങ്ങളുടെ മൗലികമായ ചില അവകാശങ്ങളാണു് അതിന്റെ ഉള്ളടക്കം. വിദ്യാഭ്യാസം, ആതുരശൂശ്രൂഷ, ഗതാഗതസൗകര്യം, ശുദ്ധജലവിതരണം, അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്കാരസ്വതന്ത്ര്യം മുതലായവ ജനങ്ങളുടെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത അവകാശങ്ങളാണു്. ജനങ്ങള്‍ എന്തു് ചിന്തിക്കണം, എന്തു് പറയണം എന്നു് തീരുമാനിക്കുന്നതു് പാര്‍ട്ടി സെക്രട്ടറിയല്ല, ജനങ്ങള്‍ തന്നെയാണു്. അതേസമയം, സമൂഹത്തിന്റെ സുരക്ഷിതത്വം, രാജ്യത്തിന്റെ കെട്ടുറപ്പു് മുതലായവ അപകടത്തില്‍ പെടുത്താതിരിക്കാനുള്ള ബാദ്ധ്യത ജനങ്ങള്‍ക്കുണ്ടുതാനും. പൗരധര്‍മ്മബോധം ഒരു സമൂഹത്തിന്റെ സാംസ്കാരികനിലവാരത്തിന്റെ മാനദണ്ഡമാണു്. ബാല്യം മുതലേ വളര്‍ത്തിയെടുക്കേണ്ട ഒന്നാണതു്. ജനങ്ങളോടു് സമൂഹത്തിനുള്ള ഉത്തരവാദിത്തങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും, കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണു് ഒരു ഭരണകൂടത്തിന്റെ ചുമതല. എത്രയോ വട്ടം ജനങ്ങള്‍ അവസരം നല്‍കിയിട്ടും അതിനു് കഴിയാത്തവര്‍ സ്വന്തം കഴിവുകേടു് അംഗീകരിക്കുകയും, കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാതെ ഇറങ്ങി പോവുകയുമാണു് വേണ്ടതു് - ഒരിക്കലും തിരിച്ചുവരാതെ! ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ, മുന്നണിയെയോ അല്ല അതുവഴി ഇവിടെ ഉദ്ദേശിക്കുന്നതു്. ഏതു് പാര്‍ട്ടിക്കും, ഏതു് മുന്നണിക്കും അതിനുള്ള ബാദ്ധ്യതയുണ്ടു്.

സ്വജനപക്ഷപാതം മുതല്‍ സ്ത്രീപീഡനം വരെ സ്ഥിരം "അജണ്ട"കളായ മന്ത്രിമാരെയും, ജനങ്ങളുടെ പൊതുസ്വത്തായ വനഭൂമി കയ്യേറാന്‍ മടി കാണിക്കാത്ത രാഷ്ട്രീയനേതാക്കളേയും, പൊതുനന്മക്കായി വിനിയോഗിക്കേണ്ട ഫണ്ടുകള്‍ സ്വന്തം പോക്കറ്റുകളിലേക്കൊഴുക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തേയുമൊക്കെ കേരളീയര്‍ ഇതിനോടകം എത്രയോ സഹിച്ചുകഴിഞ്ഞു. ഇപ്പോഴും സഹിക്കുന്നു! ഇത്തരക്കാര്‍ കേരളത്തെ നന്നാക്കുമെന്നാണോ? ഇവരുടെ കയ്യില്‍ കേരളത്തിന്റെ ഭാവി സുരക്ഷിതമാണെന്നാണോ? വിശ്വസിച്ചോളൂ! ഇതെഴുതുന്ന ഞാന്‍ ചൈനയിലെ കൈസറാണെന്നുകൂടി കൂട്ടത്തില്‍ വിശ്വസിച്ചോളൂ! വെറുതേ വിശ്വസിക്കുന്നതിനു് ചെലവൊന്നുമില്ലല്ലോ! കേരളത്തിലെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഒരു വാക്കേയുള്ളു: അരാജകത്വം! അതു് ഭരണകക്ഷിയെ താഴെയിറക്കി പ്രതിപക്ഷത്തെ അധികാരത്തിലേറ്റിയാല്‍ പരിഹരിക്കപ്പെടുന്നതല്ല. എല്ലാ തലങ്ങളിലും, എല്ലാ അര്‍ത്ഥത്തിലും അത്രമാത്രം ദ്രവിച്ചു് ജീര്‍ണ്ണിച്ചുകഴിഞ്ഞു കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍!

ഒരു വകുപ്പു് കൈകാര്യം ചെയ്യുന്ന മന്ത്രിക്കു് ഏറ്റവും ചുരുങ്ങിയതു് ആ വിഷയത്തിലെങ്കിലും പാണ്ഡിത്യമുണ്ടാവണം. സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ "മഹാജാഥകളില്‍" ഏറ്റവും ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നവന്‍ ആ പാര്‍ട്ടിയുടെ നേതാവാവും. എന്നെങ്കിലുമൊരിക്കല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു് മന്ത്രിക്കസേരക്കും അര്‍ഹനാവും! പഠിക്കുന്ന കാലത്തു് കൊടിയും പിടിച്ചു് തെരുവു് നിരങ്ങിയിരുന്നതിനാല്‍ വിദ്യാഭ്യാസം ഉണ്ടാവില്ല. ഇനി, ഏതെങ്കിലും പരീക്ഷ പാസായിട്ടുണ്ടെങ്കില്‍ തന്നെ, അതു് കോപ്പിയടിച്ചോ, ഗൈഡ്‌ കാണാതെ പഠിച്ചോ ഒക്കെ ഒപ്പിച്ചതുമാവും. ഇക്കൂട്ടര്‍ അധികം "ഭരിക്കാതെ" ശമ്പളവും വാങ്ങി വീട്ടില്‍ പോയിരുന്നെങ്കില്‍ ശമ്പളമായി കൊടുത്ത പണം മാത്രമേ കേരളീയനു് നഷ്ടമാവുമായിരുന്നുള്ളു! ചരിത്രത്തിന്റെ പനയോലക്കെട്ടുകളില്‍ "സ്വര്‍ണ്ണലിപികളില്‍" എഴുതപ്പെട്ടു് അനശ്വരന്മാരാവാന്‍ ഇവര്‍ ചില ഭരണപരിഷ്കാരങ്ങള്‍ നടത്തിക്കളയും! അതാണു് കഷ്ടം! പരിഷ്കാരങ്ങള്‍ നടത്താന്‍ കഴിയാത്തവരുടെ മേഖലയാണു് ഉദ്ഘാടനം! ഏതു് കലുങ്കിന്റെ മൂട്ടിലും കാണാം ഉദ്ഘാടകന്റെ പേരും ജന്മനക്ഷത്രവും കൊത്തിവച്ച ഒരു ശിലാഫലകം! ഈ അനശ്വരശില്‍പം കണ്ടാല്‍ കാലു് പൊക്കി മൂത്രമൊഴിക്കാതിരിക്കാന്‍ തോന്നാത്ത ശുനകരില്ലെന്നാണു് കേട്ടുകേള്‍വി!

ഈ അവസ്ഥക്കെന്തെങ്കിലും പരിഹാരമുണ്ടോ? ഇല്ലെന്നു് പറയാന്‍ ഒരു pessimist ആവണമെന്നു് നിര്‍ബന്ധമൊന്നുമില്ല! ചുരുങ്ങിയപക്ഷം, ഇന്നത്തെ കേരളത്തിന്റെ സാമൂഹികസാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോഴെങ്കിലും! അടിമുടി പുതുക്കി പണിയേണ്ടതല്ലാത്ത ഒരു സാമൂഹികഘടകവും ഇന്നു് കേരളത്തിലില്ല. ജനനം മുതല്‍ ഈ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നു് അറിയാനോ അനുഭവിക്കാനോ കഴിഞ്ഞിട്ടില്ലാത്ത സാമാന്യജനങ്ങള്‍ ഇതാണു് ജീവിതം എന്നു് കരുതി തൃപ്തിപ്പെടുന്നു. ഏതെങ്കിലും വിധത്തില്‍ നാടു് വിട്ടു് രക്ഷപെടാന്‍ കഴിയുന്നവര്‍ അങ്ങനെ രക്ഷപെടുന്നു. അല്ലാത്തവര്‍ പുറകോട്ടല്ലാതെ മുന്നോട്ടു് ഗതിയില്ലാതെ നട്ടം തിരിയുന്നു, ശ്വാസം മുട്ടുന്നു! ഇതില്‍ നിന്നും എത്രയോ ഉന്നതമായി ജീവിക്കുന്ന ജനവിഭാഗങ്ങള്‍ ലോകത്തിലുണ്ടു്. സമൂഹത്തിന്റെ ചെലവില്‍ ലോകം ചുറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും, ആത്മീയനേതാക്കള്‍ക്കുമൊക്കെ അതറിയുകയും ചെയ്യാം. പക്ഷേ ജനങ്ങളോടു് അതവര്‍ പറയുകയില്ല. പറയുകയില്ലെന്നു് മാത്രമല്ല, പറയാന്‍ ശ്രമിക്കുന്നവരെ ആനുകാലിക മാധ്യമങ്ങളില്‍ അവര്‍ക്കുള്ള സ്വാധീനവും, സമൂഹം സദുദ്ദേശത്തില്‍ അവര്‍ക്കു് നല്‍കിയ അധികാരങ്ങളുമൊക്കെ ഉപയോഗിച്ചു് തടയാനും, കഴിയുമെങ്കില്‍ നിശ്ശബ്ദരാക്കാനും ശ്രമിക്കുകയും ചെയ്യും. (ഇക്കൂട്ടരുടെ ഏറ്റവും വലിയ പേടിസ്വപ്നമാണു് internet! അവിടെയും സദാചാരപോലീസിന്റെ വേഷം കെട്ടിയ അവരുടെ ചെരിപ്പുനക്കികളെ കുത്തിത്തിരുകാന്‍ അവര്‍ അനവരതം ശ്രമിക്കുന്നുമുണ്ടു്!)

ഒരു ജനാധിപത്യവ്യവസ്ഥിതി കാര്യക്ഷമമാവണമെങ്കില്‍ സമൂഹാംഗങ്ങള്‍ ബോധവല്‍കൃതരായിരിക്കണം. ജനങ്ങളെ ബോധവല്‍കരിക്കേണ്ടവര്‍ക്കു് അതിനു് താല്‍പര്യമില്ല. (അതിനവര്‍ക്കു് കഴിവുമില്ല. പക്ഷേ ഈ കഴിവില്ലായ്മ അവര്‍ ജനങ്ങളില്‍ നിന്നും തന്മയത്വത്തോടെ മറച്ചുപിടിക്കുന്നു!) അവര്‍ ജീവിക്കുന്നതുതന്നെ ജനങ്ങളുടെ അബോധാവസ്ഥ മുതലെടുത്താണു്. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനേക്കാള്‍ അവരുടെ ശ്രദ്ധ തിരിച്ചുവിടുവാനായി, വ്യക്തിഹത്യ ലക്‍ഷ്യമാക്കി, വായ്ക്കു് diarrhoea ബാധിച്ചാലെന്നപോലെ പരസ്പരം ചെളി വാരിയെറിയുന്ന പ്രസംഗങ്ങളുമായി, നാടുനീളെ കറങ്ങുന്നതാണു് അവര്‍ക്കു് കൂടുതലിഷ്ടം. മറ്റൊന്നു് അവര്‍ പഠിച്ചിട്ടില്ല, അവര്‍ക്കറിയുകയുമില്ല! ഈ കബളിപ്പിക്കല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തിയ പാവം ജനങ്ങളും! കാരണം, ജനങ്ങള്‍ ഇന്നോളം സ്വയം ചിന്തിച്ചിട്ടില്ലല്ലോ! "വിശ്വസ്തരായ" നേതാക്കളും, പിതാക്കളും, വല്യേട്ടന്മാരും അവര്‍ക്കുവേണ്ടി ചിന്തിക്കാനുള്ളപ്പോള്‍ പിന്നെ അവര്‍ എന്തിനു് സ്വയം ചിന്തിക്കണം? "വല്യ വല്യ ആളുകള്‍" പറഞ്ഞാല്‍ അതില്‍ കഴമ്പില്ലാതിരിക്കുമോ? ഇവറ്റകള്‍ പറയാന്‍ തുടങ്ങിയിട്ടു് പക്ഷേ ദശാബ്ദങ്ങളായി! ഇതുവരെ സമൂഹത്തിനു് പുരോഗതിക്കു് പകരം അധോഗതിയാണെന്നു് മാത്രം! എല്ലാവര്‍ക്കുമല്ലതാനും! സമൂഹത്തിന്റെ മുതുകത്തു് കയറിയിരിക്കുന്ന ഒരു ന്യൂനപക്ഷത്തിനു് അന്നും ഇന്നും ജീവിതം സുഖം, സുഭിക്ഷം! തീര്‍ച്ചയായും ജനങ്ങള്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അവരെ ശരിയായ ലക്‍ഷ്യത്തിലേക്കു് നയിക്കാന്‍ കഴിവുള്ളവരാവണം അവരെ നയിക്കേണ്ടതു്. പോയ വഴിയേ അടിക്കാന്‍ ഒരു നായകന്റെ ആവശ്യമില്ല. പരിശീലിപ്പിച്ചാല്‍ ഒരു ശുനകനും അതു് കഴിയും.

രാഷ്ട്രീയത്തിലായാലും, മതങ്ങളിലായാലും, സമഗ്രാധിപത്യവ്യവസ്ഥിതി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കാലാനുസൃതമല്ല. അതിലുപരി, ജനാധിപത്യവ്യവസ്ഥിതി പോലും നിരന്തരം ജനങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിനു് വിധേയമാക്കപ്പെടുകയും കാലോചിതമായി പരിഷ്കരിക്കപ്പെടുകയും ചെയ്യണം. ഇങ്ക്വിലാബ്‌ വിളിച്ചുകൊണ്ടു് തെക്കോട്ടും വടക്കോട്ടും ഓടാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഓടാനുള്ള ആരോഗ്യം വേണമെന്നേ ഉള്ളു. പക്ഷേ, ഒരു സമൂഹത്തിന്റെ പുനരുദ്ധാരണവും, പുനര്‍നിര്‍മ്മാണവും, നവീകരണവും അതുവഴി സാദ്ധ്യമാവും എന്നു് കരുതുന്നതു് വിഡ്ഢിത്തമായിരിക്കും. സാമൂഹ്യശാസ്ത്രങ്ങളില്‍, ധനതത്വശാസ്ത്രങ്ങളില്‍, ആരോഗ്യപരവും പരിസ്ഥിതിപരവുമായ കാര്യങ്ങളില്‍, അങ്ങനെ ഒരു സമൂഹത്തിന്റെ അന്തസ്സുറ്റ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമായ എല്ലാ തലങ്ങളിലും യോഗ്യതയും, കഴിവും, പ്രാപ്തിയുമുള്ള വ്യക്തിത്വങ്ങളുടെ ഒത്തൊരുമിച്ചുള്ള കഠിനമായ അദ്ധ്വാനം കൊണ്ടുമാത്രമേ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയൂ. അതൊരു വെല്ലുവിളിയായി കരുതി ഏറ്റെടുക്കാനുള്ള തന്റേടം ഉള്ള ഒരു ജനതക്കു് മാത്രമേ വളരാനാവൂ. ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്തത്തെ കെട്ടിപ്പിടിച്ചാലേ അതു് സാദ്ധ്യമാവൂ എന്നില്ല. ലോകത്തിലെ വളര്‍ച്ച പ്രാപിച്ച സമൂഹങ്ങള്‍ കാണിച്ചുതരുന്ന മാതൃകകള്‍ കാണുകയും, മനസ്സിലാക്കുകയും, അവ നമ്മുടെ സമൂഹത്തിന്റെ ആന്തരികഘടനകളുമായി പൊരുത്തപ്പെടുത്തി നടപ്പാക്കുകയുമേ അതിനാവശ്യമുള്ളു.

"Since Marx had practically forbidden all social technology, which he denounced as Utopian, his Russian desciples found themselves at first entirely unprepared for their great tasks in the field of social engineering. As Lenin was quick to realize, Marxism was unable to help in matters of practical economics. 'I do not know of any socialist who has dealt with these problems', said Lenin, after his rise to power; 'there was nothing written about such matters in the Bolshevik textbooks, or in those of the Mensheviks.' After a period of unsuccessful experiment, the so-called 'period of war-communism', Lenin decided to adopt measures which meant in fact a limited and temporary return to private enterprise. This so-called NEP (New Economic Policy) and the later experiments - five year plans, etc. have nothing whatever to do with the theories of 'Scientific Socialism' once propounded by Marx and Engels." - Sir Karl Popper: "The Open Society and Its Enemies" Vol.II

15 comments:

വഴി പോക്കന്‍.. December 26, 2007 at 12:06 PM  

അതങ്ങനെയാണ്‍ സാര്‍, പട്ടിയുടെ വാലു പന്തീരാണ്ടൂകൊല്ലം കുഴലിലിട്ടാലും നിവരില്ല. അഴിമതി തന്നെയാണ്‍ എല്ലാവരുടേയും ആത്യന്തികമായ ഉന്നം...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി December 26, 2007 at 2:20 PM  

പ്രിയപ്പെട്ട ബാബൂ , വളരെ ശരിയായി പറഞ്ഞു . രാഷ്ട്രീയക്കാരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട . സാംസ്കാരികനായകര്‍ എന്ന് പറയപ്പെടുന്നവരും രാഷ്ട്രീയക്കാരുടെ ഉച്ഛിഷ്ടങ്ങള്‍ക്ക് കാത്തുനില്‍ക്കുകയാണ് . ഇങ്ങിനെ പറയുന്നവരെ അടിച്ചൊതുക്കാന്‍ രാഷ്ട്രീയക്കാര്‍ പറയുന്ന ഒരു വിശേഷണമുണ്ട് അരാഷ്ട്രീയക്കാര്‍ എന്ന് . ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരു പുതിയ സാംസ്കാരിക വേദി ആവശ്യമുണ്ട് . രാഷ്ട്രീയപ്പാര്‍ട്ടികളെ നന്നാക്കലും അതിന്റെ അജണ്ടയില്‍ ഉള്‍പ്പെടണം . കാരണം ജനാധിപത്യസമ്പ്രദായം നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടികള്‍ വേണമല്ലോ ? പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും എന്ന ചോദ്യം അവശേഷിക്കുന്നു !

അങ്കിള്‍ December 26, 2007 at 3:22 PM  

ഇതാ ഈ ബ്ലോഗില്‍ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ ഖജനാവ്‌ ചോര്‍ച്ചകളെയും നമ്മുടെ സാമാജികന്മാരെ അറിയിച്ചിട്ട്‌ മാസങ്ങളായി. ഒരുത്തരും ചെറുവിരല്‍ അനക്കിയില്ല. തെളിവുകളെല്ലാം ഉണ്ടായിട്ടുപോലും.

സി. കെ. ബാബു December 26, 2007 at 3:43 PM  

വഴിപോക്കന്‍,

പന്തീരാണ്ടു് കൊല്ലം കഴിഞ്ഞാലും നിവരാത്ത "വാലുകള്‍" ഒന്നടങ്കം സ്വമനസ്സാലെ അറബിക്കടലില്‍ പോയി മുങ്ങിക്കോളും, ജനങ്ങള്‍ തങ്ങളേക്കാള്‍ ബോധവാന്മാരെണെന്നു് തിരിച്ചറിയുമ്പോള്‍!

K. P. S.,

രാഷ്ട്രീയപ്പാര്‍ട്ടികളിലെ Stereotyped thinking നവീകരിക്കാനാവുന്നതല്ല. മാറ്റത്തെ സ്വാഗതം ചെയ്യുന്നതു് ഇതുവരെയുള്ള തെറ്റുകള്‍ അംഗീകരിക്കുന്നതിനു് തുല്യമാണു്. അതിനു് മഹത്വമുള്ളവരേ തയ്യാറാവൂ. രാഷ്ട്രീയനേതാക്കളുടെ കോണ്‍ക്രീറ്റ് ശിരസ്സുകള്‍‍ മഹത്വത്തിന്റേതല്ല. ജനങ്ങളുടെ ബോധവല്‍ക്കരണം എന്ന പൂച്ചയുടെ കഴുത്തിലാണു് മണി കെട്ടേണ്ടതു്. അതിനു് ബോധവല്‍ക്കരിക്കപ്പെട്ടവര്‍ക്കേ കഴിയൂ. അതു് അത്ര എളുപ്പവുമല്ല. പക്ഷേ, ആരംഭിച്ചാലല്ലേ അവസാനിപ്പിക്കാന്‍ പറ്റൂ.

സി. കെ. ബാബു December 26, 2007 at 4:02 PM  

അങ്കിള്‍,

ജനങ്ങള്‍ ഈ കശ്മലന്മാര്‍ക്കെതിരായി അണി നിരന്നാലേ അവര്‍ പഠിക്കൂ. ജനങ്ങളുടെ വിയര്‍പ്പിന്റെ വിലയാണു് ഈ ദ്രോഹികള്‍ നശിപ്പിക്കുന്നതു്. ജനങ്ങളാണു് സമൂഹം. നേതാക്കളല്ല.

കാര്യസാദ്ധ്യത്തിനു് ജനങ്ങളുടെ വൈകാരികതവരെ അവര്‍ ദുരുപയോഗം ചെയ്യുന്നു. വൈകാരികത വ്യക്തിസ്വാതന്ത്ര്യമാണു്. അതിനു് രാഷ്ട്രീയത്തില്‍ എന്തിനു് സ്ഥാനം ഉണ്ടാവണം?

കേരളീയര്‍ ബുദ്ധിയില്‍ ഒട്ടും പിന്നിലല്ലാതിരുന്നിട്ടും ഇത്തരം നീചത്വം അനുവദിക്കുന്നതാണു് അത്ഭുതം!

Vanaja December 26, 2007 at 6:34 PM  

ജനങളുടെ ബോധവല്‍ക്കരണം എന്ന പൂച്ചയുടെ കഴുത്തില്‍ തന്നെയാണ് മണി കെട്ടേണ്ടത്. പക്ഷേ ആരു കെട്ടും എന്നതു തന്നെയാണ് പ്രശ്നം! മറ്റാരെങ്കിലും കെട്ടിക്കോട്ടെ എന്ന് ഓരോരുത്തരും കരുതുന്നിടത്തോളം ഇങനെയൊക്കെതന്നെയേ പോകൂ..
എന്തെകിലുമൊക്കെ ചെയ്യുന്നവന്‍ ഒറ്റപ്പെട്ടു പോകുന്ന ഇന്നത്തെ അവസ്ഥയാണ്‍` ആദ്യം മാറേണ്ടത്. ഒരേ പോലെ ചിന്തിക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടായേ തീരൂ.പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ബസ്സില്ല, കണ്ടക്ടറില്ല,ഡ്രൈവറില്ല എന്നിങനെ ഓരോ കാരണങ്ങള്‍ പറഞ്ഞ് മണിക്കൂറുകളോളം സര്‍വീസ് മുടക്കുന്ന റൂട്ടില്‍ ഒരു കോളേജ് സ്റ്റുഡെന്റ് ചെന്നു പറഞ്ഞാല്‍ അഞ്ച് മിനുട്ട് കൊണ്ട് ഇല്ലാത്ത ബസ്സും ഡ്രൈവറും ഒക്കെ ഉണ്ടാവുന്നത് കണ്ടിട്ടുന്റ്.ഐകമത്യം മഹാബലം തന്നെ.
ഇന്ന് ഐക്യം മറുഭാഗത്താണെന്നു മാത്രം. അഴിമതിയും സ്വജനപക്ഷപാതവും ഇന്ന് എല്ലാവര്‍ക്കും ശീലമായിരിക്കുന്നു.

സി. കെ. ബാബു December 26, 2007 at 7:22 PM  

Vanaja,

നമ്മള്‍ ഓരോരുത്തരും കുറച്ചുനാള്‍ ഒരേ രീതിയില്‍ ചിന്തിക്കുമ്പോള്‍ അതു് "തുല്യദുഃഖിതരുടെ" ഒരു പൊതുചിന്തയും കൂട്ടായ്മയുമായി താനേ മാറും. അത്രയുമായാല്‍ പിന്നെ "പൂച്ചയുടെ കഴുത്തില്‍" മണി കെട്ടുന്നതു് ഒരു ചടങ്ങു് മാത്രം! അതുകൊണ്ടു് അതു് വളരെ ഏളുപ്പമായ ഒരു കാര്യമാണെന്നല്ല.

അഴിമതി ദൈനംദിനജീവിതത്തിന്റെ ഒരു ഭാഗമായി തീര്‍ന്നതുതന്നെയാണു് കേരളീയന്റെ ശാപം! കൂട്ടത്തില്‍ ഒഴുകാത്തവന്‍ "ജീവിക്കാന്‍ പഠിക്കാത്ത" മണ്ടനായി പോലും മുദ്രകുത്തപ്പെടുന്നു!

ഗോപന്‍ December 26, 2007 at 11:25 PM  

സി കെ ബാബു,
വളരെ യോജിപ്പുണ്ട്‌ നിങ്ങളുടെ ചിന്താഗതിയുമായി
ജനങ്ങളെയും നാടിനെയും മാറി മാറി കൊള്ളയടിച്ചു , കുംഭകോണം ചെയ്തു, കടം വരുത്തി നടക്കുന്ന ജനങ്ങള്‍ തിരഞ്ഞെടുത്ത ഈ രാഷ്രീയ നേതാക്കന്‍ മാര്‍ക്ക് ഇന്നു നിറയെ അനുഭാവികളും അണികളും ധാരാളമുണ്ട്. അതാണ് കേരളിത്തിലെ പുരോഗമനം ആഗ്രഹിക്കുന്നവര്‍ നിര്‍ത്തേണ്ടത്.. കുഞ്ഞുങ്ങളെ സ്കൂളുകളില്‍ നിന്നു തന്നെ രാഷ്ട്രിയമെന്ന ഭ്രാന്ത്‌ തലയില്‍ കേറ്റിവിടുന്നു.. കലാലയങ്ങളും യുവാക്കളുടെ ജീവിതവും ഒരു പറ്റം ചെന്നായകള്‍ക്കായ്‌ എഴുതി കൊടുക്കുന്നു..

സാധാരണകാര്‍ക്ക് ജീവിക്കുവാന്‍ വയാതെ ആകുന്നു കേരളത്തില്‍..ദൈവം കയ്യൊഴിഞ്ഞ ദൈവത്തിന്‍റെ നാടിനു ഇനിയൊരു മോക്ഷം വേണമെങ്കില്‍ അത് ജനങ്ങളില്‍ ഉണ്ടാക്കായേവുന്ന മാറ്റത്തില്‍ നിന്നു മാത്രം...

സി. കെ. ബാബു December 27, 2007 at 9:32 AM  

ഗോപന്‍,

ഇക്കൂട്ടര്‍ ചെയ്യുന്നതില്‍ ഏറ്റവും അക്ഷന്തവ്യമായതു് കുഞ്ഞുങ്ങളുടെ തലയില്‍ രാഷ്ട്രീയവും, മതപരവുമായ ഭ്രാന്തു് കുത്തിവയ്ക്കുന്നതാണു്. അതുവഴി, ഭാവിയിലെങ്കിലും ഒരു മെച്ചപ്പെടല്‍ ഉണ്ടാവാനുള്ള എല്ലാ സാദ്ധ്യതകളും മുളയിലേ പിഴുതെറിയപ്പെടുന്നു. വിദ്യാലയങ്ങള്‍ വിദ്യ അഭ്യസിക്കാനും, അഭ്യസിപ്പിക്കാനും മാത്രമുള്ള ഇടങ്ങളായി മാറണം.

മനുഷ്യരില്‍ വിഭാഗീയ ചിന്താഗതികള്‍ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭത്തിലേ തടഞ്ഞില്ലെങ്കില്‍ രാഷ്ട്രത്തിന്റെ sovereignty തന്നെയാവും അധികം താമസിയാതെ അപകടത്തിലാവുന്നതു്.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| December 27, 2007 at 6:28 PM  

ബാബുവേട്ടാ, ലേഖനം കൊള്ളാം..എല്ലാവരും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

തൊഴുത്തില്‍ കുത്തും കാലുവാരലും പരസ്പരം ചെളിവാരിയെറിയലും മാത്രം കൈവശമുള്ള കോമരങ്ങളെ ജയിപ്പിച്ചു വിടുന്ന ബുദ്ധിയുറക്കാത്ത ജനങ്ങളെ പറഞ്ഞാല്‍ മതി..

മിനീസ് December 27, 2007 at 7:21 PM  

കണ്ടൂം കേട്ടും വളരുന്നതിലപ്പുറം ചിന്തിക്കാനുള്ള ഒരു ത്വര കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതു തന്നെ പ്രതിവിധി! നമ്മുടെ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ അതു വളരെ ദുഷ്കരമായ കര്‍മ്മമാണെന്നു തോന്നുന്നു. കുട്ടികളുടെ ചിന്തകളെ പരിമിതപ്പെടുത്തുന്നതിലൂടെ അടുത്ത തലമുറയോടും പൊറുക്കാനാവാത്ത തെറ്റാണ് നാം ചെയ്യുന്നത്.

ഒരു പക്ഷേ, താങ്കള്‍ പറഞ്ഞ പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇന്നത്തെ പ്രൊഫഷണല്‍ പൊളിറ്റിക്സ് ആണെന്നു തോന്നുന്നു. രാഷ്ട്രീയ താല്പര്യത്തോടെയല്ല, സ്വാര്‍ത്ഥതാല്പര്യത്തോടെയാണ് യുവാക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നത്. അതൊരു തൊഴിലായി കാണുന്നവര്‍ മാത്രമേ അതിനകത്തേക്കു കടക്കുന്നുള്ളു. വ്യക്തമായ കാഴ്ചപ്പാടുള്ള പലരും പുറത്തു നിന്ന്, ജീര്‍ണ്ണിക്കുന്ന രാഷ്ട്രീയത്തെ നോക്കി ചിരിക്കുകയാണ്, പരിഭവിക്കുകയാണ്. അകത്തു കയറി അതിലെ നെറിയില്ലായ്മകളെ പുറത്തു കൊണ്ടു വരാനോ കഥ മാറ്റിയെഴുതാനോ ആരും തയ്യാറാവുന്നില്ല. അരാഷ്ട്രീയവാദം മുഖമുദ്രയാക്കി പലരും തടിതപ്പുകയാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്തിരിയുകയാണ്. മാറി നിന്ന് വര്‍ത്തമാനം മാത്രം പറയുകയാണ്.

സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കതീതമായി, ഉയര്‍ന്ന സാമൂഹ്യബോധത്തോടെ രാഷ്ട്രീയത്തെ സമീപിക്കുന്ന ഒരു തലമുറ തന്നെ വന്നെങ്കിലേ ഈ സ്ഥിതി അല്പമെങ്കിലും മെച്ചപ്പെടൂ. അതിനുള്ള ശ്രമങ്ങള്‍ ഇനിയും വിരിയാത്ത ഭ്രൂണങ്ങളെ ലക്ഷ്യമിട്ടു തന്നെ തുടങ്ങുകയും വേണം.

അഭിനന്ദനങ്ങള്‍!

സി. കെ. ബാബു December 27, 2007 at 7:48 PM  

ജിഹേഷ്, മിനീസ്,

നന്ദി! രണ്ടുപേരുടേയും അഭിപ്രായത്തിനു് അടിവരയിടുന്നു.

ഏ.ആര്‍. നജീം December 27, 2007 at 8:24 PM  

സര്‍,
ശരിയാ, ഇതൊക്കെ അവസാനിക്കണം, പ്രതികരിക്കണം എന്നൊക്കെ ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് അതിയായ ആഗ്രഹം ഉണ്ട് പക്ഷേ എന്ത് ചെയ്യാന്‍. അതൊക്കെയാണ് ഷാജി കൈലാസിന്റേയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ഇത്രയും കൈയ്യടി കിട്ടുന്നതും പ്രേക്ഷകരെ കിട്ടുന്നതും. തങ്ങള്‍ ചെയ്യേണ്ടത് വള്ളിത്തിരയിലെ തന്റെ ഇഷ്ട നായകര്‍ ചെയ്യുമ്പോള്‍ ഒരു തരം സന്തോഷം

മൂര്‍ത്തി December 27, 2007 at 9:19 PM  

ഞാനിതിലൊരു കമന്റിടണമെന്ന് വിചാരിച്ചിട്ട് ഇപ്പോഴാണ് പറ്റിയത്. ഈ പോസ്റ്റിന്റെ മൊത്തം ടോണിനോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരും മൊത്തം രാഷ്ട്രീയം മലീമസവും എന്ന കാഴ്ചപ്പാട് ശരിയല്ല.(ആര്‍ക്കും ദേഷ്യം വരുന്ന അവസ്ഥ ഉണ്ട് എന്നത് സത്യം) അങ്ങിനെ വിചാരിച്ച് മാറി നില്‍ക്കാനും പറ്റില്ല. മാറി നിന്നാല്‍ ചിന്തിക്കുന്നവന്‍ രാഷ്ട്രീയത്തില്‍ താല്പര്യം കാണിക്കരുത് എന്ന താല്പര്യമുള്ളവര്‍ക്ക് സൌകര്യമാവും. അത് പ്രശ്നം വഷളാക്കും. കണ്ണുതുറന്നിരിക്കുക..സജീവമായി ഇടപെടുക..രാഷ്ട്രീയം നന്നാക്കാന്‍ അതേ വഴിയുള്ളൂ. പിന്നെ എല്ലാവരും രാഷ്ട്രീയത്തില്‍ വ്യക്തമായ താല്പര്യം ഉള്ളവരാവുമ്പോള്‍ ഗുണവും കൂടും. നമ്മളൊക്കെ ഒരു സമൂഹത്തിന്റെ ഭാഗം തന്നെ അല്ലേ? രാഷ്ട്രീയക്കാരന്‍ വേറേ നമ്മള്‍ വേറെ എന്നില്ല. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്..അപ്പോ എല്ലാവരും രാഷ്ട്രീയക്കാര്‍ തന്നെ...

സി. കെ. ബാബു December 27, 2007 at 11:24 PM  

നജീം,

യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള വൈമനസ്യത്തിനു് കാരണം അജ്ഞതയാവാം, ആത്മവിശ്വാസക്കുറവാവാം, കഴിവില്ലായ്മയുമാവാം. അതുകൊണ്ടൊക്കെയാവാം വെള്ളിത്തിരയും മതങ്ങളും ഒക്കെ നല്‍കുന്ന സ്വപ്നലോകങ്ങളില്‍ മയങ്ങി ജീവിതം തള്ളിനീക്കാന്‍ മനുഷ്യര്‍ തയ്യാറാവുന്നതു്. ഉറങ്ങിയതു്‌ മതി എന്നു് അവരെ അറിയിക്കുകയാണു് ആവശ്യം.

മൂര്‍ത്തി,

തുറന്ന അഭിപ്രായത്തിനു് ആദ്യമേ നന്ദി.

സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഗഹനമായി പഠിക്കാനോ കക്ഷിരാഷ്ട്രീയത്തിനു് അതീതമായി അവയ്ക്കു്‌ പരിഹാരം കാണാനോ താല്പര്യം കാണിക്കാത്ത രാഷ്ട്രീയനേതൃത്വത്തെ വിമര്‍ശിക്കുകയായിരുന്നു ലക്‍ഷ്യം. സ്വപ്നലോകങ്ങളില്‍ നഷ്ടപ്പെടുന്ന ജനകോടികളുടെ കര്‍മ്മശക്തി. പ്രത്യയശാസ്ത്രങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ചില രാഷ്ട്രീയം, യാതൊരു ആദര്‍ശവുമില്ലാത്ത മറ്റു ചില രാഷ്ട്രീയം. ഇതിനൊരു പരിഹാരം വേണ്ടേ? ഭാരതത്തിന്റെ വ്യാവസായിക വളര്‍ച്ചയെ മനസ്സില്ലാമനസ്സോടെ പുകഴ്ത്തുന്ന വികസിത രാജ്യങ്ങള്‍ അതിനോടൊപ്പം മറക്കാതെ കാണിക്കുന്ന ‍ ചിത്രങ്ങളാണു് നാട്ടിലെ ചേരിപ്രദേശങ്ങള്‍, ഹൈവേയില്‍ സ്വൈര്യവീഹാരം ചെയ്യുന്ന പശുക്കള്‍, കഞ്ചാവടിച്ചു് കിറുങ്ങിയിരിക്കുന്ന സാധുക്കള്‍ മുതലായവ. അവരെ തൃപ്തിപ്പെടുത്താനാവില്ല എന്നറിയാം. പക്ഷേ ഇത്തരം അവസ്ഥകള്‍ പരിഹരിക്കേണ്ടതല്ലേ? എത്രയോ വ്യവസായ സംരംഭങ്ങള്‍ പിടിപ്പുകേടുകൊണ്ടുമാത്രം നഷ്ടത്തില്‍ നടക്കുകയോ, അടച്ചുപൂട്ടേണ്ടിവരികയോ ചെയ്യുന്നു. Infrastructure എന്നൊരു സംഗതിയേ ഇല്ല. അഴിമതി, എന്തിനും ഏതിനും ഹര്‍ത്താല്‍ അങ്ങനെ എത്ര കാര്യങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും.

പോസ്റ്റിന്റെ ടോണ്‍ അല്പം കടുത്തുപോയിയെന്നതു് ശരിയാവാം. പക്ഷേ കേരളത്തിലെ മന്ത്രിമാരുടെ ഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ലതാനും.

അഴിമതിക്കാരല്ലാത്ത ‍വിരലിലെണ്ണാവുന്ന രാഷ്ട്രീയനേതാക്കള്‍ ഉണ്ടാവാം.‍ പക്ഷേ അതു് ജനനന്മക്കായി ഉപയോഗപ്പെടുത്താന്‍ അവര്‍ക്കു് കഴിയുന്നുണ്ടോ? സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വഴങ്ങിക്കൊടുക്കുക എന്നല്ലാതെ അവര്‍ക്കെന്തു് പോം‌വഴി?‍

പണ്ടേ കാലഹരണപ്പെട്ടു എന്നു് എത്രയോ ലോക സമൂഹങ്ങള്‍ കാണിച്ചുതന്നുകഴിഞ്ഞ തത്വശാസ്ത്രങ്ങള്‍ കേരളത്തിന്റെ (ഭാരതത്തിന്റെ) പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മതിയാവുന്നവയാണെന്നു് എന്തടിസ്ഥാനത്തില്‍ നമ്മള്‍ വിശ്വസിക്കണം?

ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ ജനങ്ങളില്‍ വിഭാഗീയ ചിന്തയുടെ ഭ്രാന്തു് കുത്തിവയ്ക്കാന്‍ നിരന്തരം ശ്രമിക്കുന്ന കുറെ ആത്മീയപിതാക്കളും!

പ്രവര്‍ത്തനക്ഷമമായ ജനാധിപത്യങ്ങള്‍ കാണാനും അനുഭവിക്കാനും കഴിയുമ്പോള്‍ സ്വന്തം നാടിന്റെ ശോചനീയാവസ്ഥയില്‍ തോന്നുന്ന ധാര്‍മ്മികരോഷം പലപ്പോഴും നിയന്ത്രണാതീതമാവുന്നതു്‌ സ്വാഭാവികം.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP