Tuesday, December 18, 2007

കാളന്‍ നെല്ലാവുന്നതെങ്ങനെ?

"മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി" എന്നൊരു പത്രപ്പരസ്യം ചെറുപ്പകാലത്തു് എന്നെ ജീവിതനൈരാശ്യത്തിന്റെ പടുകുഴിയിലെ കൊടുചുഴിയില്‍ എത്തിച്ചതിന്റെ കദനകഥയാണിതു്. പത്രം വിടര്‍ത്താത്തവര്‍ പോലും കാണണമെന്നും, വായിക്കാനറിയാവുന്നവര്‍ വായിക്കണമെന്നുമുള്ള ദുരുദ്ദേശത്തോടെ പത്രത്തിന്റെ ഒരു പ്രത്യേക മൂലയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഈ പരസ്യം എന്നെ നിരാശപ്പെടുത്തുക മാത്രമല്ല, എന്റെ ബുദ്ധിസ്ഥിരതതന്നെ ചോദ്യം ചെയ്യപ്പെടണമോ എന്ന പരിതാപകരമായ അവസ്ഥയില്‍ എന്നെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. കാര്യം വളരെ ലളിതമാണു്.

മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ എങ്ങനെ നെല്ലാവും എന്നതായിരുന്നു എന്റെ ചിന്താശേഷിയെ അപ്പാടെ പിടിച്ചുകുലുക്കിയ പ്രശ്നം. എല്ലാ ചികിത്സകളും എപ്പോഴും ഫലിക്കണമെന്നില്ല എന്നതു് ശരി. ചില ചികിത്സകള്‍ ഫലിക്കാതെവരാം എന്ന വിവരം, മുതിര്‍ന്നവരുടെ സംസാരങ്ങളില്‍ നേരിട്ടു് പങ്കെടുക്കാന്‍ അനുവാദമില്ലാതിരുന്നിട്ടും, എങ്ങനെയോ എന്റെ തലമണ്ടയില്‍ എത്തിപ്പെട്ടു് കുടിതാമസമുറപ്പിച്ചിരുന്നു. പക്ഷേ മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുന്നതു് കാളന്‍ നെല്ലായി തീരുന്നതിനു് ഒരു നിമിത്തമാവുന്നതെങ്ങനെ എന്ന ചോദ്യത്തിനു് തത്വചിന്താപരമായി എന്നെ തൃപ്തിപ്പെടുത്താനുതകുന്ന ഒരു മറുപടി കണ്ടെത്താന്‍ എനിക്കു് കഴിഞ്ഞില്ല എന്നതായിരുന്നു തലവേദന.

അതിന്റെ കാരണവും വളരെ വ്യക്തമാണു്. കാളന്‍ എന്ന വാക്കുമായി associate ചെയ്യുവാന്‍ കഴിയുന്ന ഒരേയൊരു പദാര്‍ത്ഥമേ എന്റെ തലച്ചോറു് എന്ന hard disk-ല്‍ save ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളു. അതു് എന്റെ ഗ്രാമത്തിലെ സദ്യകളില്‍ എല്ലായ്പോഴും, വീടുകളില്‍ വല്ലപ്പോഴും വച്ചുവിളമ്പിയിരുന്ന ഒരുതരം മോരുകറിയാണു്. പാചകകലയിലെ ഈ അമൂല്യ composition-ന്റെ വെറുമൊരു ബാഹ്യനിരൂപണത്തിനേ ഇതുസംബന്ധമായ എന്റെ അറിവു് മതിയാവുകയുള്ളു. അതു് ഏതാണ്ടു് ഇങ്ങനെയാണു്: ഏത്തക്ക ellipse രൂപത്തില്‍ അരിഞ്ഞെടുത്തു്, അവയെ ഗണിതശാസ്ത്രത്തിലെ ചില പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കഷണിച്ചു്, എണ്ണ, കടുകു്, മുളകു്, മഞ്ഞള്‍, കറിവേപ്പില, മോരു് മുതലായ ഘടകങ്ങളുമായി ചില പ്രത്യേക seqence-ല്‍ സമയബന്ധിതമായി പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തനപ്രക്രിയക്കു് വിധേയമാക്കുമ്പോള്‍ സംജാതമാവുന്ന ഒരു അനുപമകാവ്യശില്‍പമാണു് "കാളന്‍" എന്ന മോരുകറി! ഒരു നവവധുപോലെ അങ്ങനെ കണ്മുന്നില്‍ വിരിഞ്ഞു് നില്‍ക്കുമ്പോഴും കാളന്‍ എന്ന അന്തിമസിംഫണിയിലെ മേല്‍പറഞ്ഞ ചേരുവകള്‍ അവയുടെ തനതായ വ്യക്തിത്വം ഒളിഞ്ഞും മറഞ്ഞും നമ്മെ വെളിപ്പെടുത്താന്‍ ശ്രമിക്കാറുണ്ടു്. അതുമൂലമാണു് അവയെ പരിചയപ്പെടുവാനും, ഇവിടെ വര്‍ണ്ണിക്കുവാനും എനിക്കു് കഴിഞ്ഞതും. അതുകൊണ്ടു് ഈ അഭിനേതാക്കള്‍ മാത്രമാണു് കാളനെ കാളന്‍ ആക്കുന്നതു് എന്നു് കരുതുന്നതു് ശരിയായിരിക്കുകയില്ല. കാരണം, എന്റെ നഗ്നനേത്രങ്ങള്‍ക്കു് കാണാന്‍ കഴിയാത്ത ചില അമൂല്യചേരുവകള്‍ അതിന്റെ രൂപ-ഭാവ-രുചിസമ്പൂര്‍ണ്ണതയ്ക്കു് നിദാനമാവുന്നുണ്ടെന്നു് ഒരോ ആസ്വാദനത്തിലും എന്റെ നഗ്നമായ നാവു് എന്നോടു് വിളിച്ചുപറഞ്ഞിട്ടുണ്ടു്.

ഈവിധ ഗുണഗണങ്ങളെല്ലാമുള്ള കാളന്‍ നെല്ലായി എന്നാണു് പത്രം കാണുമ്പോഴൊക്കെ ഞാന്‍ വായിക്കേണ്ടിവരുന്നതു്! നെല്ല് എന്ന സമൂഹനാമത്തിനുള്ളില്‍ വരുന്ന പല ഉപവിഭാഗങ്ങളെയും ഒരു കര്‍ഷകഗ്രാമത്തില്‍ അംഗമായിരുന്ന എനിക്കു് ന്യായമായും പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടു്. ചെമ്പാവു്, ഇട്ടിക്കണ്ടപ്പന്‍ അങ്ങനെ എത്രയോ ഇനങ്ങള്‍! നെല്ല് സംബന്ധമായി ആവശ്യത്തിലേറെയുണ്ടായിരുന്ന എന്റെ ജ്ഞാനമാണു് കാളന്‍ നെല്ലായി എന്ന യുക്തിഹീനമായ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കാന്‍ എനിക്കു് കഴിയാതിരുന്നതിന്റെ പ്രധാന കാരണം.

സംശയം മൂലം ഞാന്‍ സംശയാലുവായി മാറി. ജീവിതം നരകമായി. എന്തുതന്നെ സംഭവിച്ചാലും, ആകാശം തന്നെ ഇടിഞ്ഞു് വീണാലും, കാളന്‍ നെല്ലായി എന്നു് വിശ്വസിക്കാന്‍ മാത്രം ഞാന്‍ തയ്യാറില്ലായിരുന്നു. ഗത്യന്തരമില്ലാതെ സംശയം തീര്‍ക്കാന്‍ ഞാന്‍ എന്റെ നാലാം ക്ലാസിലെ ക്ലാസ്‌ടീച്ചര്‍ ആയിരുന്ന അന്നക്കുട്ടിടീച്ചറിനെ സമീപിച്ചു. എപ്പോഴും അലക്കിത്തേച്ച സാരിയും ബ്ലൗസും ധരിച്ച അന്നക്കുട്ടിടീച്ചറിനെ എനിക്കു് വളരെ ബഹുമാനമായിരുന്നു. എന്റെ ചോദ്യത്തിനു് മറുപടി പറയാന്‍ കഴിവുള്ള മറ്റാരും എന്റെ അറിവിലുണ്ടായിരുന്നില്ല. അക്കാലത്തു്, അന്നക്കുട്ടിടീച്ചറും എന്നേപ്പോലെ കക്കൂസില്‍ പോകുന്നവളാണെന്നു് ആരെങ്കിലും എന്നോടു് പറഞ്ഞിരുന്നെങ്കില്‍ അവനെ ഞാന്‍ തല്ലിക്കൊല്ലുമായിരുന്നു.

ഒരിക്കല്‍ ടീച്ചറെ ഒറ്റക്കു് കണ്ടപ്പോള്‍ ഞാന്‍ സമയം നഷ്ടപ്പെടാതിരിക്കാനായി ഒരു മുഖവുരയുമില്ലാതെ ചോദിച്ചു: "കാളന്‍ നെല്ലാവുമോ ടീച്ചറെ?"

മറുപടിക്കു് പകരം ടീച്ചര്‍ എനിക്കു് തന്നതു് ഒരു പ്രത്യേക തരം നോട്ടമായിരുന്നു. ആ നോട്ടം കാളനെ വര്‍ണ്ണിച്ചതുപോലെ അത്ര എളുപ്പം വര്‍ണ്ണിക്കാനാവുന്നതല്ല. "എവിടെയോ എന്തോ തകരാറുണ്ടല്ലോ?" എന്നോ, "നിന്റെ പാത്രങ്ങളൊക്കെ അലമാരീല്‍ തന്നെയൊണ്ടോടാ?" എന്നോ ഒക്കെ അര്‍ത്ഥമാക്കാവുന്ന ഒരുതരം നോട്ടമില്ലേ? അതു്. എന്റെ ചോദ്യത്തിന്റെ എല്ലാ വശങ്ങളും ടീച്ചര്‍ക്കു് മനസ്സിലാവാത്തതാവും എന്നേ ശുദ്ധഗതിക്കാരനായ ഞാന്‍ കരുതിയുള്ളു. പക്ഷേ, ഇതുപോലുള്ള നോട്ടം നേരിട്ടിട്ടുള്ളവര്‍ ആരും സാധാരണഗതിയില്‍ ചോദ്യം ആവര്‍ത്തിക്കാറില്ല എന്നതുകൊണ്ടു് എന്റെ ജ്ഞാനദാഹം തീര്‍ക്കാന്‍ മെനക്കെടാതെ ഞാനും പിന്‍വാങ്ങി.

സ്കൂള്‍ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ എനിക്കു് കുറവായിരുന്നില്ല. പെണ്‍പിള്ളേരോടു് ചോദിച്ചു് മാത്രം തീര്‍ക്കാന്‍ കഴിയുന്നവ എന്നു് ഉറപ്പായിരുന്ന ചില സംശയങ്ങള്‍ ചോദിച്ചു് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളപ്പോഴൊക്കെ ഒന്നുകില്‍ ഇത്തരം നോട്ടമോ, അല്ലെങ്കില്‍ "ചെര്‍ക്കനു് വല്ലാത്ത സൂക്കേടാണല്ലോ?", "ഞാന്‍ ഹെഡ്‌മാസ്റ്ററോടു് പറയൂട്ടോ!" മുതലായ ഹൃദയഭേദകമായ മറുപടികളാണു് എനിക്കു് നേരിടേണ്ടി വന്നിട്ടുള്ളതു്. അതിനാല്‍ കാര്യകാരണങ്ങള്‍ തേടിയുള്ള എന്റെ അന്വേഷണങ്ങള്‍ക്കു് പള്ളിക്കൂടത്തിലെ പെണ്‍പിള്ളേരെ സമീപിക്കുന്ന ഏര്‍പ്പാടു് ഞാന്‍ നിര്‍ത്തി. കാതു് കുത്തിയിടത്തു് ആരെങ്കിലും ഇറച്ചിക്കു് പോകുമോ?

എതായാലും, കാളന്‍ നെല്ലാവുന്നതു് എങ്ങനെ എന്ന എന്റെ ന്യായമായ സംശയം അന്നക്കുട്ടിടീച്ചര്‍ പറഞ്ഞുതന്നില്ലെങ്കിലും പില്‍ക്കാലത്തു് ഞാന്‍ തീര്‍ക്കുക തന്നെ ചെയ്തു. ലോകത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കാറുണ്ടെന്നു് പള്ളി വഴി ഞാന്‍ മനസ്സിലാക്കിയതോടെ എന്റെ സംശയം തനിയെ മാറുകയായിരുന്നു. ഉദാഹരണത്തിനു് വെള്ളം വീഞ്ഞാവും, വീഞ്ഞു് രക്തമാവും, ഗോതമ്പപ്പം മാംസമാവും. നമ്മള്‍ അങ്ങനെയങ്ങു് വിശ്വസിക്കണമെന്നേയുള്ളു. എത്ര എളുപ്പം, അല്ലേ? അതായതു്, മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലാവുമെന്നും, നെല്ലായി എന്നും നമ്മള്‍ വിശ്വസിക്കുക. അപ്പോള്‍ അതു് സംഭവിച്ചിരിക്കും. നമ്മള്‍ ഉറപ്പായി വിശ്വസിച്ചാല്‍ സാമ്പാറു് വേണമെങ്കില്‍ ഗോതമ്പു് പോലുമാവും! ആടു് പട്ടിയാവും, എലി പുലിയാവും, ആളു് വടിയാവും, വടി പാമ്പാവും, അങ്ങനെയങ്ങനെ എന്തു് വേണമെങ്കിലും...

ഇത്ര നിസ്സാരമായ ഒരു കാര്യത്തിനു് അന്നക്കുട്ടിടീച്ചറിനെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയ എന്റെ ബുദ്ധിമോശം ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്കു് ആ ടീച്ചര്‍ നോക്കിയപോലെ എന്നെത്തന്നെ നോക്കാന്‍ തോന്നാറുണ്ടു്!!

22 comments:

മൂര്‍ത്തി December 19, 2007 at 1:08 AM  

ഹഹഹ..:) കൊള്ളാം..

വക്കാരിമഷ്‌ടാ December 19, 2007 at 1:56 AM  

മനോരമയിലെ കഥക്കൂട്ടില്‍ തോമസ് മാത്യു കാളന്‍ നെല്ലായിയുടെ പരസ്യത്തിന്റെ ഉത്ഭവത്തെപ്പറ്റി പറഞ്ഞിരുന്നു.

അനംഗാരി December 19, 2007 at 3:48 AM  

ഇതു വായിച്ച് കാളന്‍ നെല്ലായതുപോലെ,ഞാന്‍ വടിയായി:)

സിമി December 19, 2007 at 5:00 AM  

ചിരിച്ചുചിരിച്ചു മണ്ണുകപ്പി എന്നു പറഞ്ഞാ മതിയല്ലൊ.

കാളന്‍ എന്ന അനുപമകാവ്യശില്പം :-) ഇതിനു ഒരു ഒപ്പ്.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| December 19, 2007 at 6:39 AM  

ശരിക്കും ഈ കാളന് നെല്ലായി എന്താ സംഗതി?

സി. കെ. ബാബു December 19, 2007 at 8:16 AM  

എല്ലാവര്‍ക്കും നന്ദി!

പ്രിയ,
പെണ്‍കുട്ട്യോളു് ഇങ്ങനെയൊക്ക്യാ ചോദിക്ക്യാ? :)

ജിഹേഷേ,
ഞാന്‍ എന്റെ അപ്പച്ചനോടു് പറയൂട്ടോ! :)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി December 19, 2007 at 11:53 AM  

കാളന്‍ നെല്ലായിയുടെ പരസ്യം കാണാത്തവര്‍ അക്കാലത്ത് ആരും ഉണ്ടാവില്ല .
ആശംസകളോടെ,

സി. കെ. ബാബു December 19, 2007 at 3:10 PM  

K. P. S.,

വളരെ നന്ദി!

Sumesh Chandran December 21, 2007 at 11:58 AM  

ഹഹഹ.. ശ്ശൊ..ഞാനിത്ര അടുത്തുകിടന്നിട്ടും (കൊടകര) ഇങനൊരു സംശയം എന്റെ മണ്ടയിലുദിച്ചില്ലല്ലോ എന്നൊരു സങ്കടം മാത്രം..അല്ല, ടീച്ചര്‍മാരോട് അതെന്താണെന്ന് ചോദിയ്ക്കാമായിരുന്നല്ലോ.. ഹൊ!

ബാബുസാര്‍, ഉഗ്രന്‍ :)

സി. കെ. ബാബു December 21, 2007 at 7:50 PM  

sumesh chandran,

സ്വാഗതം!

വേണു venu December 23, 2007 at 11:57 AM  

കാളന്‍ നെല്ലല്ല വയലാവാനും പറ്റും അല്ലേ.:)

സി. കെ. ബാബു December 23, 2007 at 6:26 PM  

വേണു,

ഇനീപ്പൊ ആയില്ലെങ്കി അതു് വിശ്വാസത്തിന്റെ കുറവവാനേ വഴിയുള്ളു! :)

കാവലാന്‍ December 25, 2007 at 8:58 AM  

സമ്മതിക്കതെ തരമില്ല. നല്ല നര്‍മ്മബോധം

ദേവന്‍ December 26, 2007 at 9:49 AM  

കാളന്‍ നെല്ലാവും. സംശയമില്ല.

സി. കെ. ബാബു December 26, 2007 at 6:42 PM  

കാവലാന്‍, ദേവന്‍,

നന്ദി!

രാജേഷ്‌ ആര്‍. വര്‍മ്മ December 29, 2007 at 8:41 AM  

താങ്കള്‍ നാടുവിട്ടതിനു ശേഷമായിരിക്കണം താഹ മാടായതും സുന്ദരന്‍ കല്ലായതും, അല്ലേ? :-)

എതിരന്‍ കതിരവന്‍ January 9, 2008 at 2:19 PM  

പിന്നെ, ജോസഫ് ചാണ്ടി യതും ജോണ്‍ മത്തായതും?

എതിരന്‍ കതിരവന്‍ January 9, 2008 at 2:22 PM  

മറന്നു, ഈ വിജയനെങ്ങിനെയാ പിണറായത്?

സി. കെ. ബാബു January 9, 2008 at 3:58 PM  

രാജേഷ്,

ഭാഗ്യം. അല്ലെങ്കില്‍ അതു് മറ്റൊരു തലവേദന ആയേനെ! :)

എതിരനേ,

"ഔസേപ്പും ഓനാനും" നസ്രാണികളല്ലേ. കാരണം കള്ളാവാന്‍ മതി.

വിജയന്‍ പിണറായതു് എങ്ങനെയാന്നു് അങ്ങേര്‍ക്കു് പോലും പിടിയില്ല. P. B.-ലു് ‍ഒന്നു് ചോദിച്ചാലോ? :)

നമ്മൂടെ ലോകം July 24, 2008 at 5:29 PM  

കാളൻ എന്നതു കാലൻ എന്നാണു ഒരു ഇംഗ്ലീഷുമീഡിയം കുട്ടി വായിക്കാറ്! അതു കേട്ട് ചിരി വരുമായിരുന്നു!

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP