Monday, December 10, 2007

വേശ്യയും വിശ്വാസിയും

വേശ്യ! ജോലി ചെയ്തു് കൂലി വാങ്ങുന്നവള്‍!
കൊടുക്കാന്‍ കഴിയാത്തതു് അവള്‍ വാഗ്ദാനം ചെയ്യാറില്ല
കൊടുക്കുന്നതിനേ അവള്‍ കൂലി വാങ്ങാറുള്ളു
കൂലി വാങ്ങാന്‍ അവള്‍ക്കറിയുകയും ചെയ്യാം
നൂലുകോര്‍ക്കാന്‍ സൂചി വേണം
ആണിനു് പെണ്ണിനെ വേണം
ലളിതമായ അറിവു്. അവളുടെ മുടക്കുമുതല്‍.
അവളുടെ ഉപജീവനമാര്‍ഗ്ഗം. അവളുടെ കഴിവു്.
ആരു് പറഞ്ഞു അതു് തെറ്റാണെന്നു്?
അവളെ വാങ്ങുന്നവരല്ലാതെ?

മുതലാളിക്കും തൊഴിലാളിക്കും അവളെ വാങ്ങാം
പൂജാരിക്കും പുണ്യാളനും അവളെ സമീപിക്കാം
വില കൊടുക്കാന്‍ കഴിയണം
അവള്‍ കാപിറ്റലിസ്റ്റോ? കമ്മ്യൂണിസ്റ്റോ?

അവള്‍ ലൈംഗികരോഗങ്ങള്‍ പകര്‍ത്തുമത്രേ!
അതിനു് പക്ഷേ നിരോധ്‌ ധരിച്ചാല്‍ മതി
അവളുടെ സിഫിലിസ്‌ ആത്മാവിനെ ബാധിക്കുന്നതല്ല
ആത്മീയ എയ്ഡ്‌സ്‌ പരത്തുന്ന ഇടങ്ങളുണ്ടു്
അവിടെ മുഴുശരീരനിരോധ്‌ ധരിച്ചിട്ടും കാര്യമില്ല

അവളെ കല്ലെറിയുന്നവരെ എല്ലാം അവള്‍ക്കറിയാം
അവരുടെ ശരീരഭാരം കൃത്യമായി അവള്‍ക്കറിയാം
നീളവും വീതിയും വിയര്‍പ്പുഗന്ധവും വായ്‌ നാറ്റവും
എങ്കിലും അവരുടെ പേരുകള്‍ അവള്‍ പറയാറില്ല

ലൈംഗികശേഷി ഇല്ലാത്തവന്റെ അടുത്തു് അവള്‍
ജീവിതകാലം മുഴുവന്‍ നഗ്നയായി മലര്‍ന്നു് കിടക്കാറില്ല
വേണ്ടെന്നു് പറയുന്നവന്റെ പടിവാതില്‍ക്കലേക്കു്
തുണിയും അഴിച്ചു് പിടിച്ചുകൊണ്ടു് അവള്‍ ചെല്ലാറില്ല
കാരണം, അവള്‍ വിശ്വാസിയെപ്പോലെ വിഡ്ഢിയല്ല
അവള്‍ക്കു് മനുഷ്യരുടെ ഭാഷ മനസ്സിലാവും

ആകര്‍ഷിക്കപ്പെടാനായി കസവില്‍ പൊതിഞ്ഞാലും
വില്‍ക്കുന്നതിനു് മുന്‍പു് അവള്‍ പൊതിയഴിക്കും
ആത്മീയതമൂലമല്ല, ആത്മാര്‍ത്ഥതമൂലം!
ചാക്കിലെ പൂച്ചയെ ആരും വാങ്ങേണ്ട കാര്യമില്ല
ആരു് പറഞ്ഞു അവള്‍ ചെയ്യുന്നതു് തെറ്റാണെന്നു്?
അവളെ വാങ്ങുന്നവരല്ലാതെ?

സുഹൃത്തുക്കളേ!

നിങ്ങള്‍ എന്നോടു് ചോദിച്ചാല്‍ ഞാന്‍ പറയും:
വേശ്യ വിശ്വാസിയേക്കാള്‍ വിശുദ്ധയാണു്,
ബുദ്ധിമതിയാണു്, കാര്യമാത്രപ്രസക്തയാണു്
വേശ്യയുടെ വ്യക്തിത്വം വിശ്വാസിയുടെതിനേക്കാള്‍
മഹത്തരമാണു്, പാപരഹിതമാണു്.
അവള്‍ ആദരണീയയാണു്, ആരാധനീയയാണു്
മനുഷ്യരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും
ദൈവത്തേക്കാള്‍ കൂടുതലായി അവള്‍ അറിയുന്നു
വേശ്യ സേവിക്കുന്നതു് ദൈവത്തെയല്ല, മനുഷ്യരെയാണു്
അവളെക്കൊണ്ടാവശ്യം മനുഷ്യര്‍ക്കാണു്, ദൈവത്തിനല്ല
നല്‍കാത്ത സേവനത്തിനു് പ്രതിഫലം വാങ്ങാന്‍
അവള്‍ ഭിക്ഷക്കാരിയല്ല
ലഭിക്കാത്ത സേവനത്തിനു് പ്രതിഫലം നല്‍കാന്‍
അവള്‍ നപുംസകമല്ല
ലൈംഗികശേഷി ഇല്ലാത്തവന്റെ അടുത്തു് അവള്‍
ജീവിതകാലം മുഴുവന്‍ നഗ്നയായി മലര്‍ന്നു് കിടക്കാറില്ല
വേണ്ടെന്നു് പറയുന്നവന്റെ പടിവാതില്‍ക്കലേക്കു്
തുണിയും അഴിച്ചു് പിടിച്ചുകൊണ്ടു് അവള്‍ ചെല്ലാറില്ല
കാരണം, അവള്‍ വ്യക്തിത്വം ഉള്ള ഒരു മനുഷ്യസ്ത്രീയാണു്
ദൈവത്തെ പത്തുമാസം വയറ്റില്‍ ചുമക്കാന്‍ പ്രാപ്തിയുള്ളവള്‍!
അതില്‍ അഭിമാനം കൊള്ളുന്നവള്‍!!

21 comments:

കാവലാന്‍ December 10, 2007 at 2:56 PM  

"നന്നായിരിക്കുന്നു,പുരുഷവേശ്യകളെന്ന പദമിതൊന്നുമര്‍ഹിക്കുന്നില്ലെന്നുകരുതട്ടെ"

ഇതങ്ങു ഡിലിറ്റിയേക്കുക ഏതായാലും കൊണ്ടുവന്നു. തന്നിട്ടു പോകുന്നു.

!!!!***ഇതാ അവതരിപ്പിക്കുന്നു****!!!!

!!!!!!******പ്രത്യേക സമ്മാനപദ്ധതി ******!!!!!!

!!!!!!******മന്ത്രിയെ 'മുട്ട,പാല'ഭിഷേകങ്ങള്‍നടത്തൂസമ്മാനങ്ങള്‍ നേടൂ.******!!!!!!

സാദാ മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ ഒരുചാക്കരി.
കെട്ട മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ പത്തുചാക്കരി.
സാദാ പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ രണ്ടുചാക്കരി.
കെട്ട പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ ഇരുപതുചാക്കരി.
ഓഫര്‍ ഒരു പരിമിതിയുമില്ല***!!!
ഇതിനൊക്കെ പുറമെ മെഗാ സമ്മാനമായി ഗോത്മ്പുണ്ട സ്ഥിരമായി ലഭിക്കുന്നതാണ്.

"നന്നായിരിക്കുന്നു,പുരുഷവേശ്യകളെന്ന പദമിതൊന്നുമര്‍ഹിക്കുന്നില്ലെന്നുകരുതട്ടെ"

ഇതങ്ങു ഡിലിറ്റിയേക്കുക ഏതായാലും കൊണ്ടുവന്നു. തന്നിട്ടു പോകുന്നു

ഒരു “ദേശാഭിമാനി” December 10, 2007 at 2:56 PM  

ഈ ബ്ലോഗിനെ പാപം കെയ്യാത്തവര്‍ കല്ലെറിയട്ടെ!

പ്രിയ ഉണ്ണികൃഷ്ണന്‍ December 10, 2007 at 6:13 PM  

വേശ്യകള്‍ തീര്‍ച്ചയായും അവഗണിക്കപ്പെടേണ്ടവരല്ല. അവരെ സൃഷ്ടിക്കുന്നതു തന്നെ ഈ സമൂഹമല്ലെ?

ശ്രീവല്ലഭന്‍ December 11, 2007 at 12:47 AM  

പ്രിയ ബാബു,
ഇതു വരെ ഇതു വഴി വരുമ്പോഴേ എന്തൊക്കെയോ ബൈബിള്‍ വാചകങ്ങള് മാത്രം എഴുതി കണ്ടത് കൊണ്ടു മുഴുവന്‍ വായിക്കാറില്ലായിരുന്നു. രണ്ടു മു‌ന്നു വരി വായിക്കുമ്പോഴേ നിര്ത്തി പോയിരുന്നു.
ഞാന്‍ വിചാരിച്ചത് ഏതോ മതം മാറ്റല്‍ പാര്ട്ടിയാണെന്നാ. (ഇനി ഒന്നൂടെ വായിച്ചു നോക്കാം അങ്ങനാണോ എന്ന്). ഇവിടേം മടിച്ചാണ് വന്നത്.
പക്ഷെ ഇതു വളരെ ശക്തമായ വരികള്‍. ആശംസകള്‍്.
"ലഭിക്കാത്ത സേവനത്തിനു് പ്രതിഫലം നല്‍കാന്‍
അവള്‍ നപുംസകമല്ല"
നപുംപ്സകങ്ങളില്‍ കൂടുതല് വേശ്യ പണിയും ചെയ്യാറുണ്‍്ട്. ഇവിടെ കാണുക.
"കുറുപ്പിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍‍....: കാവേരി അക്ക "
http://anandkurup.blogspot.com/2007/11/blog-post_19.html

പെരിങ്ങോടന്‍ December 11, 2007 at 8:10 AM  

അവസാനത്തെ വരി വായിച്ചപ്പോള്‍ സക്കറിയയുടെ ഒരു കഥ ഓര്‍മ്മ വന്നു.

‘സിദ്ധാര്‍ഥനും പത്രോസുംകൂടി അമ്മിണി എന്ന വേശ്യയെ ഒരു ലോഡ്ജിന്റെ മുറിയില്‍ വിളിച്ചുകൊണ്ടുവന്നു.’ എന്നു തുടങ്ങുന്ന കഥ. എന്തായിരുന്നു ആ കഥയുടെ പേര്‌?

സി. കെ. ബാബു December 11, 2007 at 9:03 AM  

കാവലാന്‍,
നന്ദി. ഡിലീറ്റുന്നില്ല. അസംബന്ധമൊന്നുമല്ലല്ലോ. :)

ഒരു "ദേശാഭിമാനി",
നന്ദി.

പ്രിയ,
വേശ്യകള്‍ക്ക്‌ മാത്രമല്ല, എത്രയോ മനുഷ്യര്‍ക്കു് ഭാരതത്തില്‍ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നില്ല? അതുപോലെ മറ്റെത്രയോ ദുരവസ്ഥകള്‍!
ആശംസകളോടെ,‍

ശ്രീവല്ലഭന്‍,
നന്ദി. "നപുംസകങ്ങള്‍" എന്നതുകൊണ്ടു് ഞാന്‍ അവിടെ ഉദ്ദേശിച്ചതു് വ്യക്തമായ നിലപാടില്ലാത്ത ഒരു മാനസികാവസ്ഥയാണു്. താങ്കള്‍ സൂചിപ്പിച്ച നപുംസകങ്ങള്‍ പോലും സേവനം ലഭിച്ചു എന്ന തോന്നലിന്റെ പേരില്‍ പ്രതിഫലം നല്‍കുന്നവരല്ലല്ലോ‍. നന്മകള്‍ നേരുന്നു.

പെരിങ്ങോടന്‍,
സക്കറിയയെ ഞാന്‍ നേരിട്ടു് പരിചയപ്പെട്ടിട്ടുണ്ടു്. പക്ഷേ അദ്ദേഹത്തിന്റെ എല്ല രചനകളും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കുറ്റസമ്മതം നടത്തുന്നു.
ഭാവുകങ്ങള്‍!

ഹേമാംബിക December 11, 2007 at 8:27 PM  

''നല്‍കാത്ത സേവനത്തിനു് പ്രതിഫലം വാങ്ങാന്‍
അവള്‍ ഭിക്ഷക്കാരിയല്ല''

ഈ പോസ്റ്റ് അംഗീകരിക്കാന്‍ കഴിയുന്നു. ശക്തമായ സത്യങ്ങള്‍.
ഭാവുകങ്ങള്‍...

സി. കെ. ബാബു December 12, 2007 at 11:07 AM  

ഹേമാംബിക,

വായിച്ചതില്‍ സന്തോഷം, അഭിപ്രായത്തിനു് നന്ദി!

ശ്രീവല്ലഭന്‍ December 12, 2007 at 11:25 AM  

പ്രിയ ബാബു,

താങ്കളുടെ എഴുത്തുകളിലൂടെ കണ്ണോടിച്ചു. തെറ്റിദ്ധാരണ മാറി! ഞാന്‍ നേരത്തെ താങ്കളുടെ മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍... എന്ന ബ്ലോഗില്‍ ഈയിടെ വന്ന പോസ്റ്റ് മാത്രമെ കണ്ടിരുന്നുള്ളൂ. വളരെ പഠിച്ച് സീരിയസ് ആയി എഴുതുന്നു എന്ന് മനസ്സിലാക്കി.

ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. പല പ്രാവശ്യം വായിച്ചു.....ഞാന്‍ നപുംസകങ്ങള്‍ എന്നതിന്‍റെ literal meaning ആണ് എടുത്തത്. വിശദീകരണത്തിന് നന്ദി.

ഭാവുകങ്ങള്‍!

സി. കെ. ബാബു December 12, 2007 at 12:53 PM  

ശ്രീവല്ലഭന്‍,

സന്തോഷം, സ്വാഗതം!

sreedevi Nair December 14, 2007 at 4:25 AM  

DEAR SIR,
Valare sariyaanu sir
paranjathu...
vayichappol dhukhamthonni
ee lokam engane...
sreedevi

സി. കെ. ബാബു December 14, 2007 at 9:37 AM  

ശ്രീദേവി,

വളരെ നന്ദി!

ദേവന്‍ December 15, 2007 at 6:44 PM  

ബാബു മാഷേ,
വിനോദത്തെയും ഉല്ലാസത്തെയും പൊതുവേയും വിനോദപരമായ രതിയെ പ്രത്യേകിച്ചും ക്ലാസ്സിക്കല്‍ ആത്മീയത ദേഷ്യത്തോടെയേ നോക്കിയിട്ടുള്ളു. വേശ്യകളോടുള്ള ദേഷ്യമതാണ്‌. ഈ ആറ്റിറ്റ്യൂഡിന്റെ അങ്ങേയറ്റം ഗാന്ധിജിയുടെ 'കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും രതി അനാവശ്യമാണെന്ന' വീക്ഷണത്തില്‍ കാണാനാവും.

വേശ്യ സമൂഹത്തില്‍ ചെറിയതോതിലെങ്കിലും ഞരമ്പുരോഗികളായ ശല്യക്കാരെക്കുറയ്ക്കുന്നുണ്ടാവും എന്നതൊഴിച്ചാല്‍ ഒരണ്‍സ്കില്‍ഡ്‌ വര്‍ക്കര്‍ ആണ്‌. അവളെ പുച്ഛിച്ചു തള്ളേണ്ടതില്ല എന്നതുപോലെ തന്നെ മഹതിയായിട്ടു കാണാനും എനിക്കെന്തോ, പറ്റാറില്ല. ഒട്ടു മിക്ക അണ്‍സ്കില്‍ഡ്‌ ജോലിക്കാരെയും പോലെ അവികസിതരാജ്യങ്ങളിലെങ്കില്‍ വേശ്യകള്‍ ദരിദ്രരാണെന്നതും ശരി തന്നെ. ചതിവിലൂടെ വേശ്യാലയങ്ങളില്‍ എത്തിപ്പെടുന്ന (ഗള്‍ഫിലത്‌ വളരെ കൂടുതലാണ്‌) സ്ത്രീകളുടെ കഥ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെങ്കിലും വേശ്യ എന്നു കേള്‍ക്കുമ്പോള്‍ കൂലിപ്പണി എടുക്കുന്ന ഒരു സ്ത്രീ എന്നതിനപ്പുറം മേലേയ്ക്കോ താഴേയ്ക്കോ ഒന്നും തോന്നുന്നില്ല, എന്റെ കുഴപ്പമാവും.

അവര്‍ കൈകാര്യം ചെയ്യുന്ന സര്‍വീസ്‌ രതിയായതുകൊണ്ടും രതിയോട്‌ ഒരു ഇമോഷനല്‍ അടുപ്പം എല്ലാവര്‍ക്കും ഉള്ളതുകൊണ്ടുമാണ്‌ ഭയങ്കര വെറുപ്പോ, സഹതാപമോ, കൌതുകമോ ഒക്കെ ഉണ്ടാവാറുള്ളത്‌ എന്നും തോന്നാറുണ്ട്‌.

ഓഫ്‌: പെരിങ്ങോടാ, ആ
കഥയുടെ പേര്‍ "ഒരു ക്രിസ്‌മസ്‌ കഥ" എന്നാണ്‌.

സി. കെ. ബാബു December 15, 2007 at 9:08 PM  

ദേവന്‍,

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ പൂര്‍ണ്ണമനസ്സോടെ ഒരു വേശ്യയാവാന്‍ തീരുമാനിച്ചാല്‍ അതു് അവളുടെ വ്യക്തിസ്വാതന്ത്ര്യമാണു്. പാശ്ചാത്യരാജ്യങ്ങളില്‍ sick insurance, unemployment insurance, pension fund മുതലായ എല്ലാ സാമൂഹിക സുരക്ഷിതത്വങ്ങളോടും കൂടി ചെയ്യാന്‍ അനുവാദമുള്ള ഒരു സാധാരണ ജോലി - മറ്റേതൊരു തൊഴിലും പോലെ!

ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ നമ്മളൊക്കെ "കൂലിക്കു് പണി" എടുക്കുന്നവര്‍ തന്നെയല്ലേ? ചില പ്രത്യേക പണികള്‍ നികൃഷ്ടമായി മാറുന്നതു് ഒരു സാമൂഹിക പ്രശ്നമാണെന്നതല്ലേ സത്യം? വളര്‍ത്തല്‍ മൂലം നമ്മുടെ മനസ്സില്‍ രൂപമെടുക്കുന്നതു്? പ്രത്യേകിച്ചു് ഭാരതത്തില്‍ അതിനു് ചരിത്രപരമായ ഒരു background ഉണ്ടുതാനും!

ഏതൊരു മനുഷ്യനെയും അവന്റെ/ അവളുടെ ഇച്ഛക്കു് വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനെ ഞാനും‍ എതിര്‍ക്കുന്നു. കുറ്റകൃത്യം ചെയ്യുന്നവര്‍ നിയമാനുസൃതം ശിക്ഷിക്കപ്പെടണം.

വേദഗ്രന്ഥങ്ങളിലെ ചില വാചകങ്ങള്‍ കാണാതെ പഠിച്ചു്‍ മനുഷ്യാത്മാവിനോടു് കുറ്റകൃത്യം ചെയ്യാന്‍ "അണ്‍സ്കില്‍ഡ്" ആയ ഏതു് ഉപദേശിക്കും അനുവാദമുണ്ടു്. അവന്‍ ആദരിക്കപ്പെടുകകൂടി ചെയ്യുന്നു! അതേസമയം, പ്രകൃതിസഹജമായ ലൈംഗികദാഹം ശമിപ്പിക്കാന്‍ പുരുഷവര്‍ഗ്ഗത്തെ സഹായിക്കുന്ന വേശ്യകള്‍ നികൃഷ്ടരായി കരുതപ്പെടുന്നു, കല്ലെറിയപ്പെടുന്നു! വേശ്യയുടെ അടുത്തേക്കു് പോകാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. നമുക്കു് നമ്മെ നിയന്ത്രിക്കാന്‍‍ കഴിയാത്തതു് വേശ്യകളുടെ കുറ്റമാവുമോ? നിസ്സഹായരാ‍യ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതും മൂടിവയ്ക്കാന്‍ മാത്രം ജീര്‍ണ്ണിച്ച ഒരു സമൂഹമല്ലേ നമ്മുടേതു്?

കപടവിശ്വാസിയുടെ പ്രേഷിതജോലിയേക്കാള്‍‍ ‍ വേശ്യാവൃത്തിയാണു് മനുഷ്യനു് കൂടുതല്‍ ഗുണം ചെയ്യുന്നതു് എന്ന എന്റെ അഭിപ്രായമാണു് ഞാന്‍ അവിടെ രേഖപ്പെടുത്തിയതു്‍. സ്ത്രീകള്‍ക്കു് വേണ്ടത്ര വിദ്യാഭ്യാസം നല്‍കാതിരുന്നാല്‍, വളരാന്‍ അനുവദിക്കാതിരുന്നാല്‍ എങ്ങനെ അവര്‍ക്കു് "അന്തസ്സുള്ള" ‍ജോലികള്‍ തേടാന്‍ കഴിയും? എങ്ങനെയെങ്കിലും അവരും ജീവിക്കണ്ടേ? അതിനുപോലും തന്റെ ശരീരം പുരുഷനു് കാണിക്കവയ്ക്കപ്പെടേണ്ട അവസ്ഥയില്‍ നമ്മള്‍‍ അവരെ എത്തിച്ചു! അമ്മയെ ആരാധിക്കണമെന്നു് പഠിപ്പിക്കുന്ന അതേ പുരുഷവര്‍ഗ്ഗം‍!!

പുരുഷവര്‍ഗ്ഗത്തിന്റെ തലമുറകളിലൂടെയുള്ള അപകര്‍ഷതാബോധത്തിന്റേയും‍, ഭയത്തിന്റെയും, സ്ത്രീയുടെ ലൈംഗികതയെപ്പറ്റിയുള്ള അജ്ഞതയുടെയും ഫലമല്ലേ സ്ത്രീകള്‍‍ ഇന്നും അനുഭവിക്കുന്നതു്?

രതി മക്കളെ ഉണ്ടാക്കാന്‍ മാത്രമാണെന്ന നിലപാടു് മനുഷ്യനെ ‍ മൃഗമാക്കുന്നതിനു് തുല്യമല്ലേ? ഇന്നു് ടെസ്റ്റ് ട്യൂബില്‍ പോലും മക്കളെ ജനിപ്പിക്കാം! അതിനു് രതി വേണ്ട! പറയുന്നതു് ഗാന്ധി ആയാലും മണ്ടത്തരം നമ്മള്‍ അംഗീകരിക്കണമെന്നില്ല. കാമസൂത്രം രചിക്കപ്പെട്ട ഒരു നാട്ടില്‍ രതിയെ നിഷേധാത്മകമായി വീക്ഷിക്കുന്നതു്‍ ഗന്ധിയായാലും പരിഹാസ്യം തന്നെ എന്നാണു് എന്റെ വിശ്വാസം! ആശംസകള്‍!

ദേവന്‍ December 15, 2007 at 10:17 PM  

ഗാന്ധിജി പറഞ്ഞതുകൊണ്ട് അതു ശരിയാണെന്ന് ഞാനുദ്ദേശിച്ചിട്ടില്ല മാഷേ, അങ്ങനെ ഒരു അര്‍ത്ഥം തോന്നിയെങ്കില്‍ എന്റെ എഴുത്തിന്റെ ശക്തിയില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാണ്. ആത്മീയതയുടെ സാമാന്യ സ്വഭാവം വിനോദത്തെ നിഷേധിക്കലാണെന്നും അതുകൊണ്ട് മതം വേശ്യയെന്തോ നികൃഷ്ടജീവിയാണെന്നു കരുതിയെങ്കില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നുമേ ഉദ്ദേശിച്ചുള്ളു.

ഉവ്വ് ,പ്രത്യേക ജോലികള്‍ക്ക് അന്തസ്സുകല്‍പ്പിക്കല്‍ നാടിന്റെ ഒരു രീതിയാണ്. തോട്ടി, ചുമട്ടുകാരന്‍, കൃഷിപ്പണിക്കു പോകുന്നവന്‍ എന്നിവര്‍ക്കീല്ലാത്ത എന്തോ ഒരന്തസ്സ് റെയില്‍‌വേ ബുക്കീങ് ക്ലെര്‍ക്കിനു നമ്മള്‍ കൊടുക്കും. അതെന്തുകൊണ്ടാണെന്ന് എനിക്കു പിടിയില്ല. പണം കൊടുക്കുന്ന സ്റ്റാറ്റസ് അല്ല അത്, ഒരു ഹെഡ് ലോഡ് വര്‍ക്കര്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡ് ക്ലെര്‍ക്കിനെക്കാള്‍ വരുമാനമുണ്ടാക്കാം കേരളത്തില്‍ .

ഞാന്‍ ആകപ്പാടെ കണ്‍ഫ്യൂഷനിലായി. മതവിശ്വാസിയും വേശ്യയും മ്യൂച്വലി എക്സ്ക്ലൂസീവ് ആണോ? ഭക്തയായ വേശ്യയെയും ഭക്തനായ വ്യഭിചാരിയേയും എനിക്കറിയാം, ഒന്നില്‍ കൂടുതല്‍ (അവരെല്ലാം മോശക്കാരെന്നല്ല, ഉണ്ടെന്ന് പറഞ്ഞാതാണ്).രാവിലേ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകാതെ തൊഴിലിനിറങ്ങാത്ത വേശ്യയും ഈസ്റ്റര്‍ നൊയമ്പും റംസാന്‍ നൊയമ്പും എടുത്തുകൊണ്ട് ഇതേ തൊഴില്‍ ചെയ്യുന്നവരും വ്യഭിചരിക്കുന്ന പൂജാരിയും ക്രിസ്തീയ പുരോഹിതനും ഇസ്ലാമികപുരോഹിതനും എല്ലാം ഞാന്‍ ജനിച്ചു വളര്‍ന്ന ഇട്ടാവട്ടം പട്ടണത്തില്‍ത്തന്നെയുണ്ട്, അതുകൊണ്ട് കണ്‍ഫ്യൂ ആയതാ.

സിമി December 16, 2007 at 2:42 AM  

പറഞ്ഞതിന്റെ ആദ്യഭാഗത്തോടു യോജിക്കുന്നു. വേശ്യാവൃത്തിയെ ഒരു സര്‍വ്വീസ് എന്ന നിലയിലേ കണ്ടിട്ടുള്ളൂ.

ദേവന്‍: ദുബൈ ഇല്‍ ട്രാപ്പ്ഡ് ആയി എത്തുന്നവര്‍ ആണു കൂടുതല്‍. അല്ലാതെയും ഉണ്ട് (കുറച്ചുപേര്‍) യൂറോപ്പില്‍ സ്ഥിതി തിരിച്ചാണ്. രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്ത് ബോര്‍ഡും വെച്ച് നടത്തുന്ന വേശ്യാലയങ്ങള്‍ ഉണ്ട്, നക്ഷത്ര സര്‍വ്വീസുകള്‍ (എസ്കോര്‍ട്ട് സര്‍വ്വീസ് - ദിവസം 1000 യൂറോ) ഉണ്ട്, രണ്ടു മണിക്കൂര്‍ വെറുതേ കൂടെ ഇരിക്കുന്നതിനു 80 / 160 യൂറോയുടെ ഷാമ്പേന്‍ ചാര്‍ജ്ജ് ചെയ്യുന്നവര്‍ ഉണ്ട്. എല്ലാ തരത്തിലും ഉണ്ട്. അമേരിക്കയിലും ജെന്റില്‍മാന്‍സ് ക്ലബ് - മിക്കവാറും എല്ലാ പട്ടണത്തിലും ഉണ്ടല്ലോ. സ്വന്തം ഇഷ്ടപ്രകാരമാണ്.

അതുപോട്ടെ. ഒരു സര്‍വ്വീസ്, മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കേ ഉള്ള തൊഴില്‍. പുരുഷ വേശ്യകളും വേണം എന്നതായിരുന്നു ഏക പരാതി. ഇപ്പൊ ബോംബെയില്‍ ഒക്കെ പുരുഷ വേശ്യകളും ഉണ്ട്. മദ്ധ്യവയസ്കകളായ സ്ത്രീകള്‍ അവരെ വിളിച്ചുകൊണ്ടു പോവാറുണ്ട്. എന്തിനാണു ലൈംഗീക തരംതിരിവ്. രണ്ടു തരത്തിലും നടക്കട്ടെ.

വിശ്വാസികള്‍ - വേശ്യകള്‍ നല്ലവരായതുകൊണ്ട് അവര്‍ ചീത്തയാവുന്നില്ല. ഇവിടെയാണ്‍ എന്റെ വിയോജിപ്പ്.

സി. കെ. ബാബു December 16, 2007 at 11:06 AM  

ദേവന്‍,

കണ്‍ഫ്യൂഷന്‍ ആവാനൊന്നുമില്ല. ഭക്തിയും വിശ്വാസവും മറ്റു് സാമൂഹിക ആചാരങ്ങളുമെല്ലാം വളര്‍ത്തലിന്റെ ഭാഗമാണു്. കുഞ്ഞിലേതന്നെ അതിനു് വിധേയരാക്കപ്പെടുന്നതിനാല്‍ അതില്‍നിന്നും പൂര്‍ണ്ണമായ മോചനം മനുഷ്യര്‍ക്കു് സാദ്ധ്യമല്ല. തലച്ചോറിന്റെ പ്രകൃതിസഹജമായ "സ്വയംനിയന്ത്രണശേഷിയാണു്" അതിനു് കാരണം. തലച്ചോറിനു് ഈ കഴിവു് ഇല്ലായിരുന്നെങ്കില്‍ ഭൂമിയിലെ ജീവിതം തന്നെ അസാദ്ധ്യമായിരുന്നേനെ!

തൊഴിലിനിറങ്ങുന്നതിനു് മുന്‍‌പു് ചില വേശ്യകള്‍ അമ്പലത്തില്‍ പോയി തൊഴുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. തലച്ചോറില്‍ പണ്ടേ നടന്ന പ്രോഗ്രാമിംഗ് മാത്രമാണു് അതിനു് പിന്നില്‍.

(driving-ന്റെ കാര്യം മാത്രം എടുത്താല്‍ അതു് വ്യക്തമാവും. നമ്മുടെ ശരീരത്തിലെ എത്രയോ ഭാഗങ്ങള്‍ ഒരേസമയമെന്നോണം പങ്കെടുക്കേണ്ട ഈ പ്രവൃത്തി ഒരിക്കല്‍ തലച്ചോറില്‍ പതിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഡ്രൈവര്‍ റോഡില്‍ ശ്രദ്ധിച്ചാല്‍ മതി. അതിനുപകരം, ഒരോ വട്ടവും ബ്രേക്കും ഗിയറും ആക്സിലറേറ്ററുമൊക്കെ എവിടെ എന്നു് തപ്പണമായിരുന്നു എങ്കില്‍ ഡ്രൈവിംഗ് തന്നെ അസാദ്ധ്യമായിരുന്നേനെ!)

ആത്മീയതയുടെ സാമാന്യസ്വഭാവം രതിയെ നിഷേധിക്കലാണെന്ന ദെവന്റെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു. രതിയെ മാത്രമല്ല, മനുഷ്യനു് ആനന്ദം പകരുന്ന പലതും പുരോഹിതവര്‍ഗ്ഗം പാപമാക്കിയിട്ടുണ്ടു്, എക്കാലവും.കാരണം,അവര്‍ ആത്മീയതകൊണ്ടു് ജീവിക്കുന്നവരാണു്. മനുഷ്യരിലെ (മറ്റു് ജീവജാലങ്ങളിലേയും!) ഏറ്റവും തീവ്രമായ വികാരം ലൈംഗികത ആണെന്നതിനാല്‍ അതു് പാപമാക്കിയാല്‍ മിക്കവാറും എല്ലാവരും തന്നെ പാപപരിഹാരം ചെയ്തോളും. അതു് പുരോഹിതര്‍ക്കു് എറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുകയും ചെയ്യും. വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ ചെയ്യേണ്ട ഏതെങ്കിലും കാര്യം പാപമാക്കിയാല്‍ അതുകൊണ്ടു് ജീവിക്കാനാവുമോ?

ഇതുസംബന്ധിച്ചു് എന്റെ പഴയ ചില പോസ്റ്റുകളില്‍ കുറച്ചുകൂടി വിശദമായി ഞാന്‍ എഴുതിയിട്ടുണ്ടു് - മനുഷ്യരുടെ വ്യക്തിപരമായ സകല കാര്യങ്ങളിലും ദൈവനാമത്തില്‍ ഇടപെട്ടുകൊണ്ടു് അവരെ കുറ്റം വിധിക്കുന്ന പുരോഹിതരെപ്പറ്റി. അവര്‍ക്കു് ആരെയും വിമര്‍ശിക്കാം, വിധിയെഴുതാം! ദൈവം പോക്കറ്റിലുള്ളതുകൊണ്ടു് അവരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അനുവാദവുമില്ല!

മതവിശ്വാസികളിലും വേശ്യകളിലും നല്ലവരും ക്രിമിനത്സും ഉണ്ടു്. വിലയിരുത്തല്‍ ഓരോ കെയ്സിന്റെയും അടിസ്ഥാനത്തിലായിരിക്കണം.

ദൈവാനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജീവിതകാലം മുഴുവന്‍ കാത്തു് കിടക്കാന്‍ വിശ്വാസി‍ക്കു് മടിയില്ല. കാരണം, തങ്ങളുടെ ദൈവത്തിനു് കഴിവില്ലെന്നു് വിശ്വസിക്കാന്‍ അവര്‍ക്കു് മനസ്സില്ല. (നാലോ അഞ്ചോ ലക്ഷപ്രഭുക്കളെ ഉണ്ടാക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ലോട്ടറി ടിക്കറ്റ് വാങ്ങുന്നപോലെ!) അതേസമയം, ലൈംഗികശേഷി ഇല്ലാത്തവന്റെ മുന്നില്‍ ജീവിതകാലം മുഴുവന്‍ കാത്തുകിടക്കാന്‍ ഒരു "വേശ്യ" തയ്യാറാവുകയില്ല. കാരണം, അവന്റെ ഈ കഴിവുകേടു് മനസ്സിലാക്കാന്‍
അവള്‍ക്കു് ഒരു ജീവിതകാലം മുഴുവന്‍ ആവശ്യമില്ല - എന്റെ പോസ്റ്റിലെ ഒരു പ്രധാന സൂചന!

പ്രായോഗികതയുടെ പേരില്‍ അവളെയല്ലേ സാമാന്യബോധമുള്ള മനുഷ്യര്‍ മാതൃകയാക്കേണ്ടതു്?

സിമി,

"വിശ്വാസികള്‍ - വേശ്യകള്‍ നല്ലവരായതുകൊണ്ട് അവര്‍ ചീത്തയാവുന്നില്ല."

"വേശ്യകള്‍" - വിശ്വാസികള്‍ "നല്ലവരായതുകൊണ്ടു്" വേശ്യകളും ചീത്തയാവുന്നില്ല!

ദേവന്‍ December 19, 2007 at 8:17 AM  

മേലേ ഉള്ള കമന്റ് വായിച്ചപ്പോഴാണേ എനിക്ക് ഈ പോസ്റ്റിന്റെ മെസ്സേജ് ക്ലിക്ക് ചെയ്തത്. ഇതുവരെ ഇരുട്ടില്‍ തപ്പുകയായിരുന്നു.

സി. കെ. ബാബു December 21, 2007 at 7:54 PM  

ദേവന്‍,
സ്വാഗതം!

ചാര്‍വാകന്‍ May 18, 2009 at 8:15 AM  

ബാബുമാഷേ,നിങ്ങള്‍ നളിനിജമീലയേ തീര്‍ച്ചയായും പരിചയപെടണം ​.
മൂന്നാം ക്ളാസ്സുവരേ മാത്രം പഠിച്ചിട്ടുള്ള,അവരുടെ സാമൂഹ്യബോധം കണ്ടു
ഞെട്ടിയവനാണു ഞാന്‍.ഇപ്പോ എഴുത്തുകുത്തുമായി,കന്യാകുമാരി ജില്ലയില്‍.

Rosemary August 27, 2011 at 11:56 AM  

വളരെ ഇഷ്ടപ്പെട്ടു. ശക്തമായ വാക്കുകള്‍. അഭിനന്ദനങ്ങള്‍

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP