Wednesday, November 21, 2007

ബ്ലോഗനിസം - ഒരു അത്യാസന്നകവിത

പലതും സംഭവിച്ചു ഭൂലോകത്തില്‍..
ചരിത്രം സൃഷ്ടിക്കുന്ന സംഭവങ്ങള്‍..

പട്ടി കുരച്ചു.. ബൗ.. ബൗ..
പൂച്ച കരഞ്ഞു.. മ്യാ......വൂ..
നീര്‍ക്കുതിര..?

[നീര്‍ക്കുതിര എന്തു് ചെയ്യാന്നാ പറേണെ? കൂവീന്നൊ, കൊക്കീന്നൊ, പാടീന്നൊ? ഒരു പിടീല്യാലോ. സാരല്യ. വഴീണ്ടു്.]

നീര്‍ക്കുതിര കോട്ടുവായിട്ടു.. സ്വാ.. ഹ..
അന്തരീക്ഷം മലീമസമായി
ഒരു തിമിംഗലം ഉറച്ചുതുമ്മി.. അച്യു..
സുനാമി.. അലകള്‍..
ചത്തു.. ഒത്തിരിപ്പേര്‍..
പാതിരാക്കോഴി പിടഞ്ഞുതുള്ളി അല്ല, കിടന്നുമുള്ളി

["എടീ പുന്നാരൂട്ട്യേ.. മോളൂട്ട്യേ.. ഷ്‌നുക്കിപുട്‌സീ.."
"ഇന്നു് രാവിലെ തന്നെ തുടങ്ങ്യോ?"
"ചക്കരക്കുട്ട്യേ, തേങ്കുട്ട്യേ! നീ എവട്യാന്റെ പെണ്ണൂട്ട്യേ?"
"ഞാന്‍ മൊളകരയ്ക്ക്വാ.."
"അയ്യയ്യോ! എന്നാ വേണ്ട! എരിയും!!"]

അപ്പൊ, എവട്യാ നിര്‍ത്ത്യേ?

ങാ! പാതിരാക്കോഴി കിടന്നുമുള്ളി
തിത്തിരിപ്പുള്ളു് പുലര്‍കാലേ ചുട്ടുപുട്ടു, അല്ല പുട്ടുചുട്ടു..
പുട്ടില്‍ക്കടുവ അല്ല, പുട്ടില്‍ക്കടല
[കടലില്‍ പുട്ടു് എന്നല്ലേ ഇച്ചിര്യോടെ ആധുനികം‌ന്നൊരു സംശ്യം!]
കടലേ.. നിലക്കടലേ.. ഛേ! നീലക്കടലേ..
[ഈ അക്ഷരപ്പിശാചുക്കളെക്കൊണ്ടു് തോറ്റു!]
കടലാന, കടലാമ, കടലോരം, കറുത്തമ്മ..
കടലെന്തു്? കരയെന്തു്? കടലായാല്‍ കരയെന്തു്?
ഞാനെന്തു്? നീയെന്തു്? ഞാനും നീയുമെന്തു്?
എന്തെന്നാല്‍ എന്തു്? എന്തെന്തു്? ഉന്തുന്തു്..

"ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു
ന്തുന്തുന്തു ന്തുന്തുന്തു ന്താളേയുന്തു്.."

കാളേയുന്തു്.. ഖാളേയുന്തു്.. ഗാളേയുന്തു്..
ഘാളേയുന്തു്.. ങാളെയുന്തു് ചാളേയുന്തു്.. .. ..
ഉന്തോടുന്തു് ഉന്തുന്തു്!!

[പരിഹസിക്ക്യാ? മൂതേവീ! ഇങ്ങനെ അത്യാസന്നാധുനികത്തിലൊരെണ്ണം ഒണ്ടാക്കിയെടുക്കുന്നേന്റെ പേറ്റുനോവു് വല്ലോം നിനക്കറിയോ? അസത്തേ! അതാവില്ലാലൊ. സരസ്വതി പെണ്ണുങ്ങളെ പ്രേമിക്ക്യോ? അശ്രീകരം! ദേ തെക്കേ മൂലയ്ക്കുപോയി ലേശം നാണിച്ചൂടേ നെനക്കു്? എടീ, സകലമാന ഇസങ്ങളുടെയും ഒന്നിച്ചൊള്ള അവസാന ഇസത്തിന്റെ ജന്മാണ്‍ടീ കാളീ ഇതു്. റൊമാന്റിസിസം, നോമിനലിസം, സെന്‍സേഷനിലിസം, ഫെനൊമെനലിസം, കണ്‍വെന്‍ഷനിലിസം, റിയലിസം, ഇവാഞ്ചെലിസം, ഫിലോമിനയിസം, ഇടിക്കുട്ടപ്പനിസം, കമ്മ്യൂണിസംന്നൊക്കെ കേട്ടിട്ടില്ലേ? അവറ്റകളുടെയൊക്കെ അന്ത്യത്തിലെ അവതാരം! "ബ്ലോഗനിസം"!! സായിപ്പിന്റെ ഭാഷേലു് the last cry! വിക്കില്ലാത്ത പീടികേലു് അതിന്റെ കൃത്യമായ പരിഭാഷ കിട്ടും. "അവസാനത്തെ മലര്‍ച്ച അല്ല, അലര്‍ച്ച"! കലാസാഹിത്യസൈദ്ധാന്തികലോകത്തിലെ അവസാനത്തെ ഈ കണ്ണി വെളക്കിച്ചേര്‍ക്കാനായിട്ടാ ഭൂലോകം മുഴുവന്‍ രാപകലില്ലാതെ ഓരോരോ ബ്ലോഗരരു് മൂപ്പരരു്മാരു് ഓരോന്നിങ്ങനെ ഉരുക്കിക്കൂട്ടിക്കൊണ്ടിരിക്കണതു്! സൂര്യനസ്തമിക്കാത്ത സാമ്രാജ്യം‌ന്നൊക്കെ കേട്ടിട്ടില്ലേ? ഇല്ലെങ്കി, തൊമ്മനു് അയയുമ്പോ ചാണ്ടിക്കു് മുറുകും‌ന്നെങ്കിലും കേട്ടിട്ടൊണ്ടാവും. ഒരു ബ്ലോഗറു് ഒറങ്ങാന്‍ പോണേനു് മുന്‍പേ വേറെ എവട്യെങ്കിലും ഒരു ബ്ലോഗറു് ഒണര്‍ന്നു് ഉരുക്കലു് തൊടങ്ങീരിക്കും‌ന്നു് സാരം! അക്കാര്യത്തിലു് മാത്രം ഒരു സംശ്യം വേണ്ട! കമ്യൂന്റെ വാണം കത്തിക്കുന്നേടത്തു് കാമന്റെ ബാണോം കൊണ്ടു് ചെന്നാ പൊടിപോലും ബാക്കിണ്ടാവില്ല, അറിയാ‌വോ നെനക്കു്. ആധുനികം കൊണ്ടു് മാത്രേ രക്ഷപെടാനാവൂ! ഇപ്പൊ ഇതു് കളിയല്ലാന്നു് മനസ്സിലായില്ലേ?

എനിക്കു് അടുത്ത പ്രശോധനം വരണേനു് മുന്‍പു് നീയാ പുട്ടങ്ങ്‌ടു് വെളമ്പു്. അഷ്ടിക്കു് ശേഷം സൃഷ്ടി!]

9 comments:

വഴി പോക്കന്‍.. November 21, 2007 at 2:07 PM  

അങ്ങയുടെ പാദാരവിന്ദങ്ങളില്‍ ഈയുള്ളവന്റെ നമസ്ക്കാരം. താങ്കള്‍ തകര്‍ത്തു കളഞ്ഞു..

ഹേമാംബിക November 21, 2007 at 3:16 PM  

നമിക്കുന്നു.

ബോറ് സ്വയം അടിചിട്ടു മതിവരാതെ എന്നെ അടിക്കാന്‍ വന്നപ്പോഴാ ഇതു കണ്ടതു.
ഇപ്പൊ ഒരു തണുപ്പത്ത് ഒരു കട്ടന്‍ കാപ്പി കുടിച്ചു..നന്ദി.

P Jyothi November 21, 2007 at 3:28 PM  

ന്നാലും ന്റെ കമലുട്ട്യമ്മെ.. ആ ശങ്കരന്നായര്‌ നാക്കിനെല്ലില്ല്യാണ്ടെ ങനെ ഓരൊന്ന്‌ പറയ്യാച്ചാ ന്താ ചെയ്യാ. ഞാനങ്ങ്ട്ല്യാണ്ടായീന്ന്‌ പറഞ്ഞാ മതീല്ലൊ. ന്നാലും ഈ ഭൂമി മലയാളത്തിലെ ബ്ലോഗര്‍`മാരൊക്കെ ഇത്‌ വായിക്കില്യേന്നും.

താരാപഥം November 21, 2007 at 8:43 PM  

ഹാസ്യാത്മകമായ വിമര്‍ശനം വളരെ നന്നായിരിക്കുന്നു. ഈ ടയ്പ്പ്‌ ബ്ലോഗര്‍മാര്‍ക്ക്‌ അല്‌പംകൂടി ഭാവന വളരാന്‍ ഒരു ഫെയ്സ്‌ മസ്സേജര്‍ കൂടി കൊടുക്കാമായിരുന്നു.
ഓ.ടോ. ആനമുക്കുന്നത്‌ കണ്ട്‌ ആടും മുയലും മുക്കാന്‍ നോക്കിയാല്‍ ആസനം അത്യാസന്നനിലയിലാവും.

നിഷ്ക്കളങ്കന്‍ November 22, 2007 at 3:27 AM  

“നീര്‍ക്കുതിര കോട്ടുവായിട്ടു.. സ്വാ.. ഹ..
അന്തരീക്ഷം മലീമസമായി
ഒരു തിമിംഗലം ഉറച്ചുതുമ്മി.. അച്യു..
സുനാമി.. അലകള്‍..
ചത്തു.. ഒത്തിരിപ്പേര്‍..
പാതിരാക്കോഴി പിടഞ്ഞുതുള്ളി അല്ല, കിടന്നുമുള്ളി

ഉദാത്തം! ഉല്‍പൃഷ്ടം അല്ല ഉല്‍ക്കൃഷ്ടം!
ഇത് നിസ്വനായ സ‌ര്‍ഗ്ഗധനനായ ക‌ലാകാരന്റെ ആത്മാക്രാന്തത്തെ പ്രോജ്വലിപ്പിയ്ക്കുന്ന ശ്ലേഷ തന്മാത്രക‌ളുടെ ഉന്മീലനമാണ്. ഒരുപാടൊരുപാട‌ര്‍ത്ഥങ്ങ‌ള്‍ ഞാന്‍ കാണുന്നു ഇതില്‍. ഒരു 10 പുറം വരും. പ്രത്യേകം ആസ്വാദനം എഴുതാം. :)

ത്രിശങ്കു / Thrisanku November 22, 2007 at 8:44 AM  

ഒരു സംശയം, ഇതാണോ വിശപ്പിന്റെ വിളി എന്നുപറയുന്നത്. :)

സി. കെ. ബാബു November 22, 2007 at 9:52 AM  

വഴിപോക്കന്‍,
നന്ദി!

ഹേമാംബികേ,
കാപ്പി - ഉണര്‍വ്വിനും ഉന്മേഷത്തിനും!

p jyothi,
വായിക്കട്ടെ! ശങ്കരന്നായര്ടെ മനസ്സിലിരുപ്പു് ബ്ലോഗരൊക്കെയങ്ങടു് അറിയട്ടെ!

താരാപഥം,
മുക്കരുതു്ന്നു് എങ്ങന്യാ പറയ്യാ?

നിഷ്ക്കളങ്കന്‍,
"ഉല്‍പൃഷ്ടത അല്ല ഉല്‍ക്കൃഷ്ടത"-യുടെ അന്തരാഗാരത്തിലേക്കു് ടോര്‍ച്ചടിച്ചതിനു് നന്ദി!

ത്രിശങ്കു,
ആ രണ്ടാമത്തെ "വ"യ്ക്കു് വള്ളി വേണംന്നു് നിര്‍ബന്ധാന്ന്വച്ചാപ്പൊ എന്താ ചെയ്യ? :)

ഉഗാണ്ട രണ്ടാമന്‍ December 25, 2007 at 6:11 AM  

ഇപ്പോഴാ കണ്ടതു...തകര്‍ത്തു കളഞ്ഞു...

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP