Tuesday, August 7, 2007

മുടിയമന്ത്രങ്ങള്‍

1. വളരെയേറെ യാത്ര ചെയ്തിട്ടുള്ള ഒരു മനുഷ്യന്‍ ലോകത്തില്‍ എവിടെയെങ്കിലും മനുഷ്യമുഖത്തേക്കാള്‍ വിരൂപമായ പ്രദേശങ്ങള്‍ കണ്ടിട്ടുണ്ടാവുമോ എന്നു് സംശയിക്കണം - ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ.

2. ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടിയുടെ പുറകില്‍ ഒരു ചാട്ടയുണ്ടായിരുന്നുവെന്നു് നീറ്റ്‌സ്‌ഷെ അതുവഴി എനിക്കു് മനസ്സിലാക്കിത്തന്നു.

3. ദ്രവ്യത്തിന്റെ ഊര്‍ജ്ജത്തിലേക്കുള്ള യാത്രയില്‍, പൂര്‍ണ്ണതയുടെ പുറകിലെവിടെയോവച്ചു് സംഭവിച്ച ആദിസ്ഫോടനത്തില്‍ ഞാനുമുണ്ടായിരുന്നു! തൂണും, തുരുമ്പും എന്നോടൊപ്പമുണ്ടായിരുന്നു! മടക്കയാത്രയില്‍ ഞാന്‍ ആരെയൊക്കെയാണു് വന്ദിക്കേണ്ടതു്? തൂണിനേയോ? തുരുമ്പിനേയോ? എന്നെത്തന്നെയോ? അതോ, എല്ലാത്തിനേയുമോ?

4. മോശെയുടെ കനാന്‍ദേശവാഗ്ദാനം യഹൂദനെ യഹോവാഭക്തനാക്കി. വിശുദ്ധ പൗലോസിന്റെ ദൈവരാജ്യവാഗ്ദാനം മനുഷ്യനെ ക്രിസ്ത്യാനിയാക്കി. മാര്‍ക്സിന്റെ സ്ഥിതിസമത്വവാഗ്ദാനം മനുഷ്യനെ കമ്മ്യൂണിസ്റ്റാക്കി. മോശെയും, വിശുദ്ധ പൗലോസും, മാര്‍ക്സും യഹൂദരായിരുന്നു! "വാഗ്ദാനം" ഒരുപക്ഷേ ഒരു യഹൂദനായിരിക്കാം!

5. ഞാന്‍ നിന്നോടു് ആവശ്യപ്പെടുന്നതെന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ടു്!

6. ജീവിതം മനുഷ്യനു് സ്വൈര്യം കൊടുക്കുന്നില്ല; വിശ്വാസി ദൈവത്തിനും!

7. തലയില്‍ കുരങ്ങു്‌; മടിയില്‍ ലാപ്ടോപ്!

8. ഇരിക്കുന്ന കൊമ്പു് മുറിക്കാതിരിക്കുന്നതിനേക്കാള്‍ ആരും ഇരിക്കാതിരിക്കുന്നതാവാം കൊമ്പിനിഷ്ടം!

9. മുന്‍പന്മാര്‍ പലരും പിന്‍പന്മാരും, പിന്‍പന്മാര്‍ മുന്‍പന്മാരുമാവും. - ബൈബിള്‍ വാക്യം. (കൃത്യമായി പറഞ്ഞാല്‍, പിന്‍‌പന്മാര്‍ കഴുത്തില്‍ നുകവുമായി‍ മുന്‍പിലേക്കും, മുന്‍പന്മാര്‍ കയ്യില്‍ ചാട്ടയുമായി പിന്‍പിലേക്കും മാറ്റപ്പെടും!)

10. അടുക്കുന്നതെങ്ങനെയെന്നതല്ല, അകലുന്നതെങ്ങനെയെന്നതാണു് ആത്മബന്ധങ്ങളുടെ ആഴത്തിന്റേയും, ആത്മാര്‍ത്ഥതയുടേയും മാനദണ്ഡം! (നീറ്റ്സ്‌ഷെയില്‍ തുടങ്ങിയതിനാല്‍ നീറ്റ്സ്‌ഷെയില്‍ തന്നെ അവസാനിപ്പിക്കണം! ഭൂമി ഉരുണ്ടതായതിനാല്‍ മറ്റു് പോംവഴികളില്ല!)

3 comments:

ബാജി ഓടംവേലി August 7, 2007 at 9:55 PM  

വായിച്ചു വീണ്ടും വായിച്ചു
ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു

സിമി August 8, 2007 at 9:00 AM  

ഒരു കമന്റാണ് പ്രധാനമായും പറയാനുള്ളത്.

തലയില്‍ കുരങ്ങായാലും കുഴപ്പമില്ല, വായില്‍ തത്ത ഉണ്ടായാല്‍ മതി.എന്നാല്‍,

മടിയില്‍ ലാപ്റ്റോപ്പ് വെക്കരുത്. ആവശ്യമുള്ള പല കാര്യങ്ങളും കരിഞ്ഞുപോകും. ശാസ്ത്രീയമാണ്.

ലാപ്റ്റോപ് മാറ്റി നെഞ്ചിലേക്കു വെക്കൂ. ഹൃദയം കരിഞ്ഞുപോയാലും കുഴപ്പമില്ല, ഇന്നത്തെ കാലത്ത് ഹൃദയം ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല. ഉണ്ടെങ്കില്‍ അപകടമാണുതാനും.

മുടിയനായ പുത്രന്‍ August 8, 2007 at 12:55 PM  

ഹലോ ബാജി,
അഭിപ്രായത്തിനു് നന്ദി! :)

ഹലോ സിമി,
തീയ്യില്‍ മുളച്ചതു് വെയിലത്തു് വാടുമോ?
വായിച്ചതിനു് നന്ദി!‍ :)

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP